വെറുതെ ഒരു മെഡി.കോളജ്:സർക്കാർ ഏറ്റെടുത്തിട്ടും കരകയറാതെ പരിയാരം,ഡോക്ടർമാരില്ല,ഓപികൾ വെട്ടിച്ചുരുക്കുന്നു

By Web TeamFirst Published Jul 25, 2022, 8:33 AM IST
Highlights

16 ഓഫീസ് സ്റ്റാഫുകളെയും  25 ലേറെ ഡോകടർമാരെയും ഡെപ്യൂട്ടേഷനിലും അല്ലാതെയും നിയമിക്കുക മാത്രമാണ് ആകെ ചെയ്തത്. ബാക്കി വരുന്ന 1600 ഓളം ജീവനക്കാർ ശമ്പളത്തിനും ആനുകൂല്യങ്ങൾക്കു മാ യി സമരം ചെയ്യുന്നതിനിടെ ആശുപത്രി കാര്യങ്ങൾ നടന്നു പോകുന്നുവെന്ന് മാത്രം

കണ്ണൂർ: സർക്കാർ ഏറ്റെടുത്ത് മൂന്ന് വർഷം കഴിയുമ്പോഴും പരിയാരം മെഡിക്കൽ കോളജ്(pariyaram medical college) ശൈശവ ദശയിൽ തന്നെയാണ്. മെഡിക്കൽ കോളജിലെ ജീവനക്കാരെ സർക്കാർ(govt) ജീവനക്കാരാക്കുന്ന നടപടി ഇതുവരെ പൂർത്തിയാക്കാനായിട്ടില്ല. അതു കൊണ്ട് തന്നെ പ്രമുഖരായ പല ഡോക്ടർമാരും ആശുപത്രി വിട്ടു. ഇതോടെ മുൻപ് എല്ലാ ദിവസവും ഉണ്ടായിരുന്ന പല ഒ പികളും(op) വെട്ടിച്ചുരുക്കി ആഴ്ചയിൽ രണ്ടും മൂന്നും ദിവസമാക്കി.

 

ഉത്തര മലബാറിൽ കാസർകോഡ്, കണ്ണൂർ, വയനാട് ജില്ലകളിലെ രോഗികളുടെ ആശ്രയ കേന്ദ്രമാവുമെന്ന പ്രതീക്ഷയിലാണ് 2019 ൽ സർക്കാർ പരിയാരം മെഡിക്കൽ കോളജ് ഏറ്റെടുക്കുന്നത്. ഏറ്റെടുത്ത് മൂന്ന് വർഷം പൂർത്തിയായിട്ടും ജീവനക്കാരെയും ആരോഗ്യ പ്രവർത്തകരെയും സ്ഥിരപ്പെടുത്തുന്ന നടപടി എങ്ങുമെത്തിയില്ല. 16 ഓഫീസ് സ്റ്റാഫുകളെയും  25 ലേറെ ഡോകടർമാരെയും ഡെപ്യൂട്ടേഷനിലും അല്ലാതെയും നിയമിക്കുക മാത്രമാണ് ആകെ ചെയ്തത്. ബാക്കി വരുന്ന 1600 ഓളം ജീവനക്കാർ ശമ്പളത്തിനും ആനുകൂല്യങ്ങൾക്കു മാ യി സമരം ചെയ്യുന്നതിനിടെ ആശുപത്രി കാര്യങ്ങൾ നടന്നു പോകുന്നുവെന്ന് മാത്രം.

സ്ഥിരപ്പെടുത്തൽ വൈകിയതോടെ പ്രമുഖരായ പല ഡോക്ടർമാരും ആശുപത്രി വിട്ടു. ഇത്, എല്ലാ ദിവസവുമുണ്ടായിരുന്ന ഒപികൾ മൂന്നും നാലും ദിവസമായി വെട്ടിച്ചുരുക്കുന്നതിനിടയാക്കി.ആവശ്യത്തിന് മരുന്നില്ലാത്തതിനാൽ പലപ്പോഴും രോഗികൾക്ക് സ്വകാര്യ ഫാർമസികളെ ആശ്രയിക്കേണ്ട അവസ്ഥ ആണ്. കൊബാൾട്ട് റൂം സൗകര്യമില്ലാത്തതിനാൽ ക്യാൻസർ ചികിത്സ മുടങ്ങിയിട്ട് രണ്ട് മാസം, മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കാനാവശ്യമായ ശീതീകരണ സംവിധാനമില്ലാത്തതിനാൽ വൻതുക നൽകി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു. ഇതെല്ലാം കൂടി പരിതാപകരമാണ് പരിയാരം മെഡിക്കൽ കോളജിന്‍റെ അവസ്ഥ

പാലക്കാട് കിടത്തിചികിൽസയില്ല,ചോർച്ചയുണ്ട്,മരുന്നില്ല,എക്സ്റേ ഉള്ളത് 2മണി വരെ മാത്രം

പാലക്കാട് : ഉദ്ഘാടനം കഴിഞ്ഞ് എട്ട് വ‍ർഷമാകുമ്പോഴും പാലക്കാട് സർക്കാ‍ർ മെഡിക്കൽ കോളേജിനൊപ്പം ആശുപത്രി എന്ന് ചേർക്കാനാകില്ല.ഓ പിയിൽ പോലും രോഗികൾ എത്തുന്നത് വിരളം. കിടത്തി ചികിത്സ തുടങ്ങുന്നതിലെ താമസം ഒരു നാടിന്‍റെ പ്രതീക്ഷയ്ക്ക് ഏറ്റ ആഘാതമായി തുടരുന്നു.രാജ്യത്ത് പട്ടികജാതി വകുപ്പിന് കീഴിൽ തുടങ്ങിയ ആദ്യത്തെ മെഡിക്കൽ കോളേജിനാണ് ഈ അവസ്ഥ.

പാലക്കാട് സ‍ർക്കാർ മെഡിക്കൽ കോളേജ്. പുറത്ത് നിന്ന് നോക്കിയാൽ  ഫൈവ് സ്റ്റാർ കെട്ടിടങ്ങൾ.ദേശീയ പാതയ്ക്ക് അരികെ വമ്പൻ ക്യാമ്പസ്.എന്നാൽ അകത്ത് ചെന്ന് നോക്കിയാലേ സത്യാവസ്ഥ അറിയൂ

മഴക്കാലമാണ്,പനിക്കാലവും. ആശുപത്രിയിൽ ഒര ഓപി ഉണ്ട് , പക്ഷേ, രോഗികളില്ല. രോഗമില്ലാത്തത് കൊണ്ടല്ല , ആരും വരാത്തത് കൊണ്ടാണ് , അതിനും കാരണം ഉണ്ട്. പ്രാഥമിക രോഗനിർണയ ഉപകരണമായ എക്സറേ യൂണിറ്റ്  പോലും രണ്ടുമണിവരെ മാത്രമേ പ്രവർത്തിക്കൂ.പിന്നെ ആശ്രയം സ്വകാര്യ ലാബുകൾ. അല്ലെങ്കിൽ ജില്ലാ ആശുപത്രിയെ ആശ്രയിക്കണം. 

പ്രതിമാസം 250 ലേറെ പേരെയാണ് മികച്ച ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിൽ നിന്നും പറഞ്ഞയക്കുന്നത്. ആംബുലൻസുകൾ എല്ലാം ചീറിപ്പായും. തൃശ്ശൂരിലേക്കും കോയമ്പത്തൂരിലേക്കും..മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സ തുടങ്ങുന്നത് വൈകുന്തോറും ഈ പാച്ചിലും തുടരും.

കെട്ടിടത്തിന്‍റെ പുറംമോടി അകത്തില്ല.പണികഴിഞ്ഞിടത്ത് ചോർച്ചയുണ്ട്.കാറ്റടിച്ചൊരുമഴ പെയ്താൽ ആശുപത്രിക്ക് അകത്ത് വെള്ളക്കെട്ട്. വെള്ളം കെട്ടിക്കിടക്കുമ്പോൾ ടൈലിലെ സാഹസിക നടത്തം ഒഴിവാക്കാൻ,റബർ മാറ്റിനോട്  ചേർന്നു നടക്കണം.

ആറ്റുനോറ്റുണ്ടായ ഉണ്ണിയെന്നാണ് ഉദ്ഘാടന സദസ്സിൽ നേതാക്കൾ പറഞ്ഞത്. പക്ഷേ എട്ട് വർഷത്തിനിപ്പുറവും ആ ഉണ്ണി മുട്ടലിഴയുകയാണ്. മെഡിക്കൽ കോളേജ് എന്ന്  സർവ സന്നാഹങ്ങളുള്ള ആശുപത്രിയായി എന്ന് നടന്നു  തുടങ്ങുമെന്നതിന് കൃത്യമായ ഉത്തരം ആർക്കുമില്ല
 

click me!