പാർലമെന്റിലെ സുരക്ഷാ വീഴ്ച: 'താനാശാഹീ നഹീ ചലേഗീ' എന്ന് മുദ്രാവാക്യം, പ്രതികൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ

Published : Dec 13, 2023, 02:28 PM IST
പാർലമെന്റിലെ സുരക്ഷാ വീഴ്ച: 'താനാശാഹീ നഹീ ചലേഗീ' എന്ന് മുദ്രാവാക്യം, പ്രതികൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ

Synopsis

കസ്റ്റഡിയിലെടുത്തവരെ പാർലമെന്റ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പ്രതികളിൽ ഒരാളുടെ കൈയ്യിൽ നിന്നാണ് ബിജെപി എംപി പ്രതാപ് സിംഹ നല്കിയ പാസ് കണ്ടെത്തിയത്

ദില്ലി: ലോക്സഭയിലെ സുരക്ഷാ വീഴ്ചയിൽ പിടിയിലായവർ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെന്ന് വിവരം. ഹരിയാനയിൽ നിന്നുള്ള 42 വയസുള്ള നീലം, മഹാരാഷ്ട്രയിൽ നിന്നുള്ള 25 വയസ് പ്രായമുള്ള അമോൽ ഷിൻഡെ എന്നിവരാണ് പിടിയിലായ രണ്ട് പേർ. നാല് പേരാണ് സംഭവത്തിൽ കസ്റ്റഡിയിലുള്ളത്. ഇവർ ബിജെപി എംപി അനുവദിച്ച പാസ് ഉപയോഗിച്ചാണ് പാർലമെന്റിലെ സന്ദർശക ഗാലറിയിൽ എത്തിയത്. ശൂന്യവേള ആരംഭിക്കാനിരിക്കെ പ്രതികളിൽ രണ്ട് പേർ എംപിമാരുടെ ഇരിപ്പിടത്തിലേക്ക് ചാടി. പിന്നീട് ഷൂസിന് അടിയിൽ നിന്ന് പുറത്തെടുത്ത പുക വമിക്കുന്ന ആയുധം പ്രയോഗിക്കുകയായിരുന്നു.

കസ്റ്റഡിയിലെടുത്തവരെ പാർലമെന്റ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പ്രതികളിൽ ഒരാളുടെ കൈയ്യിൽ നിന്നാണ് ബിജെപി എംപി പ്രതാപ് സിംഹ നല്കിയ പാസ് കണ്ടെത്തിയത്. പിടിയിലായ ഒരാളുടെ പേര് സാഗർ ശർമ്മ എന്നാണെന്ന് എംപി ഡാനിഷ് അലി പറഞ്ഞു. സർക്കാറിന്റ പ്രവർത്തനങ്ങൾ തെറ്റെന്ന് പിടിയിലായ നീലം മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരു സംഘടനയുമായും ബന്ധമില്ലെന്നും യുവതി പറഞ്ഞു. കർഷകരോടുള്ള നിലപാടിലും പ്രതിഷേധമുണ്ടെന്ന് നീലം പ്രതികരണത്തിൽ പറഞ്ഞു.

ഏകാധിപത്യം അനുവദിക്കില്ല എന്ന് അർത്ഥം വരുന്ന 'താനാശാഹീ നഹീ ചലേഗീ' എന്ന മുദ്രാവാക്യമാണ് പ്രതികൾ പാർലമെന്റിന് അകത്തും പുറത്തും മുഴക്കിയത്. പിന്നീട് വന്ദേ മാതരം എന്നും ഭാരത് മാതാ കീ ജയ് എന്നും പ്രതിയായ നീലം പൊലീസ് പിടിയിലായ ശേഷവും മുഴക്കി. 

സംഭവത്തെ തുടർന്ന് സഭയിൽ പ്രതിപക്ഷം ബഹളം വച്ചു. എന്താണ് സംഭവിച്ചതെന്ന് തങ്ങൾക്ക് അറിയണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. പോലീസ് പരിശോധിക്കുകയാണെന്ന് സ്പീക്കർ പറഞ്ഞു. പാർലമെന്റിന് എതിരെ ആക്രമിക്കുമെന്ന് നേരത്തെ തന്നെ ഭീഷണി ഉണ്ടായിട്ടും എങ്ങനെ ഇത് സംഭവിച്ചുവെന്ന് എൻകെ പ്രമേചന്ദ്രൻ ചോദിച്ചു. ആരാണ് ഇവർക്ക് അകത്തു കടക്കാന് അനുമതി നൽകിയത്? ഉദ്യോ​ഗസ്ഥർ എവിടെ പോയെന്ന് അധി‍‍ർ രഞ്ജന് ചൗധരിയും ചോദിച്ചു.

നടന്നത് വളരെ ​ഗൗരവമുള്ള സംഭവമെന്ന് അം​ഗങ്ങൾ കുറ്റപ്പെടുത്തി. രാവിലെ മുതൽ രാത്രിവരെ പാർലമെന്റിൽ കഴിയുന്ന തങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും അം​ഗങ്ങൾ ആവശ്യപ്പെട്ടു. പ്രതികൾ ഉപയോഗിച്ചത് വെറും പുകയാണെന്നും, ഭയപ്പെടേണ്ടതില്ലെന്നും സ്പീക്കർ പറഞ്ഞു. പ്രതികൾ നാല് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തീവ്രവാദ വിരുദ്ധ സേനയും പൊലീസും പ്രതികളെ ചോദ്യം ചെയ്യുന്നുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം