തോമസ് ചാണ്ടിയുടെ വിയോഗം; കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാകുന്നു

By Web TeamFirst Published Dec 26, 2019, 7:45 AM IST
Highlights

തോമസ് ചാണ്ടിക്ക് പകരക്കാരനെ കണ്ടെത്തുക എൻസിപിക്ക് എളുപ്പമാകില്ല. അദ്ദേഹത്തിന്‍റെ കുടുംബത്തിൽ നിന്ന് തന്നെ സ്ഥാനാർഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നേതൃത്വം. 

ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ചർച്ചകൾക്ക് തുടക്കമിട്ട് മുന്നണികൾ. തോമസ് ചാണ്ടിക്ക് പകരക്കാരനെ കണ്ടെത്തുക എൽഡിഎഫിനും, കേരള കോൺഗ്രസിലെ തർക്കങ്ങൾ യുഡിഎഫിനും വെല്ലുവിളിയാണ്. ബിജെപി - ബിഡിജെഎസ് തർക്കം എൻഡിഎയുടെ സ്ഥാനാർഥി നിർണയത്തിലും പ്രതിഫലിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വരുന്ന ഉപതെരഞ്ഞെടുപ്പ് മുന്നണികൾക്ക് ഏറെ നിർണായകമാണ്.

സ്ഥാനാർഥി നിർണയമാണ് കീറാമുട്ടി. തോമസ് ചാണ്ടിക്ക് പകരക്കാരനെ കണ്ടെത്തുക എൻസിപിക്ക് എളുപ്പമാകില്ല. അദ്ദേഹത്തിന്‍റെ കുടുംബത്തിൽ നിന്ന് തന്നെ സ്ഥാനാർഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നേതൃത്വം. ചാണ്ടിയുടെ സഹോദരനെയോ മകളെയോ മത്സരിപ്പിക്കാനാണ് ആലോചന. എന്നാൽ തോമസ് ചാണ്ടിയോളം സ്വീകാര്യത കിട്ടുമോയെന്ന ആശങ്ക എൻസിപിക്കുണ്ട്. കുട്ടനാട് സീറ്റ് ഏറ്റെടുക്കണമെന്ന വികാരം ആലപ്പുഴ സിപിഎമ്മിലും ശക്തമാണ്. 

സ്ഥാനാർഥി നിർണയം ഏറെ സങ്കീർണമാവുക യുഡിഎഫിലാണ്. കേരള കോൺഗ്രസ് എമ്മിന്‍റെ സീറ്റാണ് കുട്ടനാട്. പാലായിൽ രൂക്ഷമായ ജോസഫ് - ജോസ് പക്ഷ പോര് കുട്ടനാട്ടിലും ഉണ്ടാകും. കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാം തന്നെ സ്ഥാനാർഥിയാക്കാൻ ജോസഫ് പക്ഷം ആലോചിക്കുമ്പോൾ, എന്ത് വിലകൊടുത്തും സീറ്റ് തരപ്പെടുത്താനുള്ള ശ്രമത്തിലാണ് ജോസ് കെ മാണി വിഭാഗം.

പാലായിലെ ദുരന്തം ആവർത്തിക്കാതിരിക്കാൻ സീറ്റ് കോൺഗ്രസ് ഏറ്റെടുത്താലും ഉചിതമായ സ്ഥാനാർഥിയെ കണ്ടെത്തുക ശ്രമകരമാണ്. കഴിഞ്ഞ തവണ ബിഡിജെഎസ് ശക്തമായ മത്സരം കാഴ്ചവച്ച മണ്ഡലമാണ് കുട്ടനാട്. എന്നാൽ ബിജെപി - ബിഡിജെഎസ് തർക്കത്തിൽ അയവില്ലാത്തത് എൻഡിഎയിലെ സ്ഥാനാർഥി ചർച്ചകൾക്ക് തിരിച്ചടിയാണ്. 

click me!