
മൂവാറ്റുപുഴ: പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ കേരളത്തിലെ യുവനേതാക്കള്‍ ഒരേ വേദിയില്‍ അണിനിരക്കുന്നു. മുന്‍ എംപിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എം ബി രാജേഷ്, എംഎല്‍എയും കോണ്‍ഗ്രസ് യുവ നേതാവുമായ വി ടി ബല്‍റാം, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് എന്നിവരാണ് സമരത്തില്‍ ഒത്തുചേരുന്നത്. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങളാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നത്.
ആള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന സെക്കുലര്‍ യൂത്ത് മാര്‍ച്ചിലാണ് യുവനേതാക്കള്‍ ഒത്തുചേരുന്നത്. കോണ്‍ഗ്രസ് സ്ഥാപക ദിനമായ ഡിസംബര്‍ 28നാണ് ആയിരങ്ങളെ അണിനിരത്തി മാര്‍ച്ച് നടത്തുന്നത്. മൂവാറ്റുപുഴയില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് കോതമംഗലത്ത് അവസാനിക്കും. ആള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അഡ്വ. മാത്യു കുഴല്‍നാടനാണ് മാര്‍ച്ച് നയിക്കുന്നത്. കോതമംഗലത്ത് നടക്കുന്ന പൊതു സമ്മേളനത്തില്‍ മുഖ്യ അതിഥിയായിട്ടാണ് എം ബി രാജേഷ് പങ്കെടുക്കുക. പൗരത്വ നിയമ ഭേദഗതിക്കെതിരെ മതേതര കക്ഷികള്‍ നടത്തുന്ന സമരത്തില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്ന് എം ബി രാജേഷ് പറഞ്ഞു.
കോണ്‍ഗ്രസ് മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന്‍ മാര്‍ച്ച് ഫ്ലാഗ് ഓഫ് ചെയ്യും. മാര്‍ച്ച് ഫ്‌ളാഗ് ഓഫ് ചെയ്യുന്നത് മുന്‍ എം.എല്‍.എ ജോസഫ് വാഴക്കനാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം ഒരുമിച്ച് സമരം ചെയ്യണമെന്ന നിര്‍ദേശത്തിന് തൊട്ടുപിന്നാലെയാണ് മാതൃകയായി പ്രൊഫഷണല്‍ കോണ്‍ഗ്രസ് ഇടതുനേതാവിനെ ഉള്‍പ്പെടുത്തി മാര്‍ച്ച് സംഘടിപ്പിക്കുന്നത് എന്നത് ശ്രദ്ധേയം.
നേരത്തെ കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്ന് പൗരത്വ നിയമത്തിനെതിരെ പൊതുവേദിയില്‍ ഒരുമിച്ച് കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. മതേതര കക്ഷികളുമായി ചേര്‍ന്ന് സമരം നടത്താന്‍ തയ്യാറാണെന്ന് സിപിഎമ്മും വ്യക്തമാക്കിയിരുന്നു. അതേസമയം, ഒരുമിച്ച് സമരമെന്ന ആശയത്തെ കോണ്‍ഗ്രസ് ആദ്യം പിന്താങ്ങിയെങ്കിലും പിന്നീട് പിന്‍വലിഞ്ഞു. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ള ഒരു വിഭാഗം ഇടതുപക്ഷവുമായി ചേര്‍ന്ന് സമരം ചെയ്യുന്നതിനെ ശക്തമായി എതിര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam