വഴിയൊരുക്കി നാട്ടുകാർ; വിസ്മൃതിയിലായ പരുമലക്കടവ് പുനർനിർമ്മിക്കണമെന്ന് ആവശ്യം, നാട്ടുകാർ സ്വന്തം ചെലവിൽ വഴി വൃത്തിയാക്കി

Published : Apr 23, 2026, 02:38 PM IST
parumala kadavu falls into neglect after bridge development in kerala

Synopsis

ഒരു കാലത്ത് മാന്നാറിലെ പ്രധാന ആശ്രയമായിരുന്ന പരുമലക്കടവ്, പരുമല പാലം വന്നതോടെ വിസ്മൃതിയിലായി. തകർന്ന് മാലിന്യം നിറഞ്ഞ ഈ കുളിക്കടവ് പുനർനിർമ്മിക്കാൻ അധികൃതർ തയ്യാറാകാത്തതിനാൽ നാട്ടുകാർ സ്വന്തമായി വഴിവെട്ടിത്തെളിക്കുകയും ചെയ്തു

ആലപ്പുഴ: കടത്തും കടത്തുവള്ളവും ഓർമ്മയായതോടെ മാന്നാറിലെ പരുമലക്കടവ് വിസ്മൃതിയിലാകുന്നു. ഒരു കാലത്ത് മാന്നാറിലെയും പരുമലയിലെയും ആളുകളുടെ ഏക ആശ്രയമായിരുന്നു ഈ കടവ്. പരുമല പാലം യാഥാർത്ഥ്യമായതോടെ മാന്നാർ പഞ്ചായത്ത് ടൗൺ വാർഡിൽ പമ്പാ നദീതീരത്തുള്ള ഈ പ്രദേശം നാട്ടുകാരുടെ പൊതുകുളിക്കടവായി മാറുകയായിരുന്നു. എന്നാൽ വർഷങ്ങളായി ഈ കുളിക്കടവ് തകർന്നു കിടക്കുകയാണ്. പ്രതാപകാലത്ത് പ്രദേശവാസികളും യാത്രക്കാരും ഉൾപ്പെടെ നിരവധി പേരാണ് കുളിക്കാനും അലക്കാനുമായി ദിനേന ഇവിടെ എത്തിയിരുന്നത്.

കൽപ്പടവുകൾ തകർന്നും ചെളിയും മാലിന്യങ്ങളും നിറഞ്ഞും ഉപയോഗശൂന്യമായി കിടക്കുന്ന കടവിന്റെ പുനർനിർമ്മാണം ആവശ്യപ്പെട്ട് അധികൃതർക്ക് നിരവധി പരാതികൾ നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായില്ല. കടവിലേക്ക് ആരും എത്താത്തത് മൂലം സംസ്ഥാന പാതയിൽ നിന്നുള്ള 60 മീറ്ററോളം വരുന്ന വഴി കാടുപിടിച്ച് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരുന്നു. അധികാരികൾ കണ്ണടച്ചതോടെ സമീപവാസികളും അതിനോട് ചേർന്നുള്ള സ്ഥാപന ഉടമകളും പാത വൃത്തിയാക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. മണ്ണിട്ട് നിരപ്പാക്കി ഇന്റർലോക്ക് വിരിച്ച് വഴി മനോഹരമാക്കാൻ മൂന്നു ലക്ഷത്തോളം രൂപയാണ് ഇവർ സ്വന്തമായി വിനിയോഗിച്ചത്.

പഞ്ചായത്ത് ഫണ്ടിൽ നിന്നും 50,000 രൂപ നീക്കിവെച്ചാൽ ഈ കടവിന്റെ പുനരുജ്ജീവനം സാധ്യമാകുമെങ്കിലും അതിനുള്ള ശ്രമങ്ങൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കടവ് കൂടി വൃത്തിയാക്കിയാൽ ടൗണിന് നടുക്കുള്ള ഈ പ്രദേശം ചൂടിൽ നിന്നും രക്ഷനേടാനും കുടുംബസമേതം സമയം ചിലവഴിക്കാനുമുള്ള ഇടമായി മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷ. തകർന്നു കിടക്കുന്ന കടവ് അടിയന്തരമായി പുനർനിർമ്മിച്ച് ഉപയോഗയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് 2പേർക്ക് സൂര്യാതപമേറ്റു; അം​ഗനവാടി ടീച്ചർക്ക് പൊള്ളലേറ്റത് കൈത്തണ്ടയിൽ, ഇതര സംസ്ഥാന തൊഴിലാളിയുടെ ആരോ​ഗ്യനില ​ഗുരുതരം
പാർക്കിന് പിന്നിലെ ചതുപ്പിൽ വീണ് അഞ്ച് വയസുകാരൻ മരിച്ച സംഭവം; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു