പരുന്തുംപാറയിൽ കയ്യേറിയ ഭൂമിയിൽ സ്ഥാപിച്ച കുരിശ് പൊളിച്ചുനീക്കി; പ്രദേശത്ത് 2 മാസത്തേക്ക് നിരോധനാജ്ഞ

Published : Mar 10, 2025, 06:18 PM IST
പരുന്തുംപാറയിൽ കയ്യേറിയ ഭൂമിയിൽ സ്ഥാപിച്ച കുരിശ് പൊളിച്ചുനീക്കി; പ്രദേശത്ത് 2 മാസത്തേക്ക് നിരോധനാജ്ഞ

Synopsis

ഇടുക്കി പരുന്തുംപാറയിൽ കയ്യേറ്റം ഒഴിപ്പിക്കാതിരിക്കാൻ സ്വകാര്യ വ്യക്തി സ്ഥാപിച്ച കുരിശ് റവന്യൂ വകുപ്പ് പൊളിച്ചുനീക്കി

ഇടുക്കി: പരുന്തുംപാറയിൽ വൻകിട കയ്യേറ്റം ഒഴിപ്പിക്കാതിരിക്കാൻ പണിത കുരിശ് റവന്യൂസംഘം പൊളിച്ചു മാറ്റി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെയാണ് നടപടി. ചങ്ങനാശ്ശേരി സ്വദേശി സജിത്ത് ജോസഫ് കയ്യേറ്റ ഭൂമിയിൽ സ്ഥാപിച്ച കുരിശാണ് പൊളിച്ചുമാറ്റിയത്. കർശന നടപടി സ്വീകരിക്കുമെന്ന് റവന്യൂമന്ത്രി നിയമസഭയിൽ അറിയിച്ചു. രണ്ട് മാസത്തേക്ക് പരുന്തുംപാറയിൽ നിരോധനാജ്ഞ ഏ‍ർപ്പെടുത്തിയെന്നും 15 ഉദ്യോഗസ്ഥരെ ഒഴിപ്പിക്കൽ നടപടിക്കായി നിയോഗിച്ചെന്നും മന്ത്രി അറിയിച്ചു.

തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫ് പണിത റിസോർട്ടിനോട് ചേർന്നാണ് കുരിശ് സ്ഥാപിച്ചത്. ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം സ്റ്റോപ്പ് മെമ്മോ നൽകിയ ശേഷമാണ് കുരിശ് പണിതത്. പണികൾക്ക് ഉദ്യോഗസ്ഥർ മൗനാനുവാദം നൽകി. നിരോധനാജ്ഞ ലംഘിച്ചിട്ടും സജിത്തിനെതിരെ റവന്യൂ വകുപ്പ് പൊലീസിൽ പരാതി നൽകിയില്ല. പരുന്തുംപാറ, വാഗമൺ എന്നിവിടങ്ങളിൽ നിരോധനാ‍ജ്ഞ ലംഘിച്ച് പണി നടത്തിയ ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

വിനോദ സഞ്ചാര കേന്ദ്രമായ പരുന്തും പാറയിലെ മൂന്നേക്കർ മുപ്പത്തിയൊന്നു സെൻറ് സർക്കാർ ഭൂമി കയ്യേറി തൃക്കൊടിത്താനം സ്വദേശി സജിത്ത് ജോസഫ് വൻകിട റിസോർട്ട് നിർമ്മിച്ചതായി ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.  കഴിഞ്ഞ 28 ന് ഏഷ്യാനെറ്റ് ന്യൂസ് ഈ ദൃശ്യങ്ങൾ പകർത്തുമ്പോൾ റിസോർട്ടിനോട് ചേർന്ന് കുരിശിൻറെ പണികൾ ആരംഭിച്ചിരുന്നു. ഈ മാസം രണ്ടാം തീയതി പരുന്തുംപാറയിൽ കയ്യേറ്റ ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകാൻ ജില്ല കളക്ടർ പീരുമേട് എൽ ആർ തഹസിൽദാരെ ചുമതലപ്പെടുത്തി.  ഒപ്പം കയ്യേറ്റ ഭൂമിയിൽ പണികൾ നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്താൻ പരിശോധന നടത്താനും നിർദ്ദേശിച്ചു. 

സജിത് ജോസഫിന് സ്റ്റോപ്പ് മെമ്മോയും നൽകി. എന്നാൽ ഇതവഗണിച്ച് കുരിശിൻറെ പണികൾ വെള്ളിയാഴ്ചയാണ് പൂർത്തിയാക്കിയത്. പണികൾ നടക്കുന്നത് ഉദ്യോഗസ്ഥർ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.  . മറ്റൊരു സ്ഥലത്ത് വച്ച് പണിത കുരിശ് ഇവിടെ സ്ഥാപിക്കുകയാണ് ചെയ്തതെന്ന് റവന്യൂ ഉദ്യോഗസ്ഥർ വാദിക്കുന്നു. ശനിയാഴ്ച സ്ഥലത്തെത്തിയ തഹസിൽദാർ ഇനി പണികൾ നടത്തരുതെന്ന് നിർദ്ദേശിച്ച് മടങ്ങി. കഴിഞ്ഞയാഴ്ച പീരുമേട്ടിലെത്തിയ സജിത് ജോസഫ് ചില റവന്യൂ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി വിവരമുണ്ട്. കയ്യേറ്റ സ്ഥലത്ത് നിരോധനം ലംഘിച്ച് പണികൾ നടത്തിയെന്ന് കണ്ടെത്തിയിട്ടും സജിത് ജോസിഫിനെതിരെ കേസെടുക്കാൻ  പോലീസിൽ പരാതി നൽകിയിട്ടില്ല.  2017 ൽ സൂര്യനെല്ലിയിലെ പാപ്പാത്തിച്ചോലയിലും ഇത്തരത്തിൽ കയ്യേറ്റ ഭൂമിയിൽ കുരിശ് സ്ഥാപിച്ചിരുന്നു. ഇത് പിന്നീട് ജില്ല ഭരണകൂടം പൊളിച്ചു നീക്കുകയും ചെയ്തു. പരുന്തുംപാറയിൽ  ജില്ല കളക്ടർ നിലപാട് ശക്തമാക്കിയതോടെ ഉദ്യോഗസ്ഥർ അവധി ദിവസവും ഉദ്യോഗസ്ഥർ പരിശോധനക്കെത്തുന്നുണ്ട്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നയപ്രഖ്യാപന പ്രസംഗ വിവാദം; ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ഗവർണർ; സ്‌പീക്കർക്ക് കത്ത് നൽകി
പത്മ അവാർഡുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾക്ക് ഇല്ലെന്ന് വെള്ളാപ്പള്ളി; 'ആരാണ് പുരസ്ക്കാരത്തിന് ശുപാർശ ചെയ്തത് എന്നറിയില്ല'