ഓണക്കാലത്ത് തീവണ്ടി യാത്ര ദുരിതത്തിലായേക്കും; പ്രത്യേക തീവണ്ടികള്‍ കൂടുതല്‍ വേണമെന്ന് ആവശ്യം

By Web TeamFirst Published Aug 29, 2019, 7:01 PM IST
Highlights

ഓണക്കാലത്ത് റെയില്‍വേ കൂടുതല്‍ സര്‍വ്വീസുകള്‍ അനുവദിച്ചില്ലെങ്കില്‍ നാട്ടിലെത്താന്‍ മറുനാടന്‍ മലയാളികള്‍ കഷ്ടപ്പെടും.

കോഴിക്കോട്: ഓണക്കാലത്ത് ഇത്തവണ സംസ്ഥാനത്ത് തീവണ്ടി യാത്ര കൂടുതല്‍ ദുരിതത്തിലാവും .കൊങ്കണ്‍പാതയില്‍ മണ്ണിടിച്ചില്‍ മൂലം മറുനാടന്‍ മലയാളികളില്‍ പലരുടേയും നാട്ടിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലാണ്. റെയില്‍വേ കൂടുതല്‍ പ്രത്യേക തീവണ്ടികള്‍ അനുവദിച്ച് ഓണക്കാലത്തെ യാത്രാ ക്ളേശം പരിഹരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

ഓണക്കാലത്ത് സാധാരണ കേരളത്തിന് മൂന്ന് മുതല്‍ അഞ്ച് വരെ പ്രത്യേക തീവണ്ടികളാണ് അനുവദിക്കാറുള്ളത്. ഇത്തവണ കൂടുതല്‍ സര്‍വ്വീസുകള്‍ റെയില്‍വേ അനുവദിച്ചില്ലെങ്കില്‍ നാട്ടിലെത്താന്‍ മറുനാടന്‍ മലയാളികള്‍ കഷ്ടപ്പെടും. മണ്ണിടിച്ചില്‍ മൂലം കൊങ്കണ്‍ പാതയിലൂടെയുള്ള പല വണ്ടികളും റദ്ദാക്കിയതോടെ ഈ വണ്ടികളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ യാത്ര പ്രതിസന്ധിയിലായി.അതിനാല്‍ ഇവര്‍ക്കായി റിസര്‍വേഷന്‍ ക്വാട്ട ഇരട്ടിപ്പിക്കണമെന്നാണ് ആവശ്യം. കൊങ്കണ്‍ റൂട്ടില്‍ റദ്ദാക്കിയ തീവണ്ടികളുടെ സര്‍വ്വീസുകള്‍ പുനസ്ഥാപിക്കുമ്പോള്‍ കൂടുതല്‍ കമ്പാര്‍ട്ടുമെന്‍റുകള്‍ ഉള്‍ക്കൊള്ളിച്ചാല്‍ യാത്രാക്ളേശം കുറക്കാനാവുമെന്ന് കോണ്‍ഫെഡറേഷൻ ഓഫ് ആള്‍ ഇന്ത്യ റെയില്‍ യൂസേഴ്സ് അസോസിയേഷന്‍ പറയുന്നു.

നിലവിലെ വണ്ടികളില്‍ നിന്ന് വെട്ടിക്കുറച്ച കോച്ചുകള്‍ ഉപയോഗിച്ചാണ് പ്രത്യേക തീവണ്ടികള്‍ പലപ്പോഴും സര്‍വ്വീസ് നടത്തുന്നത്. അതിനാല്‍ സീറ്റുകള്‍ കൂടുന്നില്ല. ഈ സ്ഥിതി മാറണം. പ്രത്യേക തീവണ്ടികള്‍ അനുവദിക്കുമ്പോള്‍ പലപ്പോഴും മുന്‍കൂട്ടി അറിയിക്കാത്ത സാഹചര്യമുണ്ട്. ഇത്തരം വീഴ്ചയും റെയില്‍വേ പരിഹരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.


 

click me!