
തിരുവനന്തപുരം: ക്രിമിനൽ കേസിലെ പ്രതികൾക്കടക്കം പാസ്പോർട്ട് ലഭിക്കാൻ വ്യാജ രേഖ ഉണ്ടാക്കിയ കേസില്‍ തിരുവനന്തപുരം തുമ്പ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ അന്‍സില്‍ അസീസിനെ പ്രതിചേര്‍ത്തു. ഇയാള്‍ മൂന്നു ദിവസമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. വ്യാജ രേഖ ഉപയോഗിച്ച് പാസ്പോര്‍ട്ട് വെരിഫിക്കേഷൻ നടത്തിയ സംഭവത്തിലാണ് കേസില്‍ അന്‍സിലെ പ്രതി ചേര്‍ത്തത്. സംഭവത്തെ തുടര്‍ന്ന് അന്‍സിലിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണിപ്പോള്‍ പ്രതി ചേര്‍ത്തത്. സംഭവത്തിൽ അൻസിലിന്‍റെ അറസ്റ്റ് ഉള്‍പ്പെടെ ഉടനെ രേഖപ്പെടുത്തും.
ഇതിനിടെ, കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. മണ്‍വിള സ്വദേശി പ്രശാന്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ആറായി. പ്രതിചേര്‍ക്കപ്പെട്ട സിപിഒ അന്‍സില്‍ നേരത്തെ ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ വാങ്ങിയിട്ടുണ്ട്.
അതേസമയം, തുമ്പ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാ അന്‍സില്‍ അസിസ് അടങ്ങിയ സംഘത്തിന്‍റെ നേതൃത്വത്തിൽ രാജ്യ സുരക്ഷയെ ബാധിക്കുന്ന ഗുരുതര കുറ്റകൃത്യമാണ് നടന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ അഞ്ച് പേരുടെ അറസ്റ്റ് ആണ് ഇതിനോടകം പൊലീസ് രേഖപ്പെടുത്തിയത്. നിരവധി ക്രിമിനൽ കേസിലെ പ്രതിയായ വ്യക്തി പാസ്പോട്ട് വെരിഫിക്കേഷന് നൽകിയ രേഖയിൽ കാണിച്ച വിലാസത്തിൽ പൊലീസ് ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് തുമ്പ കേന്ദ്രീകരിച്ച് നടന്ന ഗുരുതര കുറ്റകൃത്യം പുറത്തേക്ക് എത്തിച്ചത്.
സ്റ്റേഷൻ പരിധിക്ക് പുറത്തുള്ളയാൾക്ക് വ്യാജ തെരഞ്ഞടുപ്പ് കാർഡ് നിർമ്മിക്കും. തുടർന്ന് സംഘം വാടകയ്ക്കെടുത്ത വീടിന്‍റെ വിലാസത്തിൽ പാസ്പോർട്ടിനായി അപേക്ഷ നൽകും.വെരിഫിക്കേഷന് ചുമതലയുള്ള ഉദ്യോഗസ്ഥൻ അൻസിൽ അസീസ് വിലാസം ശരിവെച്ച് ക്ലിയറന്‍സ് നൽകും. ഇങ്ങനെ നിരവധി പാർസ്പോർട്ട് സംഘം നേടിയെന്നാണ് കരുതുന്നത്. തുമ്പ സ്റ്റേഷനിൽ വന്ന 20 അപേക്ഷയിൽ 13 എണ്ണത്തിലും സിപിഒ അൻസിൽ അസീസ് ഇടപെട്ടെന്നാണ് വിവരം.
തിരുവനന്തപുരം മണക്കാട് സ്വദേശി കമലേഷ്, മണ്ണന്തല സ്വദേശി എഡ്വവേഡ്, വർക്കല സ്വദേശി സുനിൽ കുമാർ, മുകുന്ദപുരം സ്വദേശി സഫറുള്ള ഖാൻ,കൊല്ലം ഉമയനല്ലൂർ അൽത്താഫ് മന്‍സിലിൽ ബദറുദ്ദിൻ എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. മണക്കാട് സ്വദേശി കമലേഷ് ആണ് വ്യാജ പാസ്പോർട്ടിനായി ആളുകളെ സംഘടിപ്പിച്ചു നൽകുന്നത് . പൊലീസ് ഉദ്യോഗസ്ഥനായ അൻസിൽ വഴി വ്യാജ അഡ്രസ് ഉണ്ടാക്കി വെരിഫിക്കേഷൻ പാസാക്കി കൊടുക്കും. നേരത്തെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലും പാസ്പോർട്ട് വെരിഫിക്കേഷൻ വിഭാഗത്തിൽ അൻസിൽ ഉണ്ടായിരുന്നു. അന്ന് അൻസിൽ വെരിഫിക്കേഷൻ ചെയ്ത പാസ്പോർട്ടുകളും അന്വേഷിക്കും. ഇത്തരത്തിൽ വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് വിദേശത്തേക്ക് ആരെങ്കിലും പോയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
മദ്യപിച്ച് ട്രെയിൻ സീറ്റിൽ മൂത്രമൊഴിച്ചു, സൈനികനെതിരെ പ്രധാനമന്ത്രി ഇടപെടണമെന്ന് ഛത്തീസ്ഗഢ് യുവതി