ക്രൈസ്തവരെ അവഹേളിച്ച എംവി ഗോവിന്ദൻ മാപ്പുപറയണമെന്ന് പാസ്റ്ററൽ കൗണ്‍സിൽ, കേന്ദ്ര സർക്കാരിനും വിമർശനം

Published : Jul 09, 2023, 11:35 AM IST
 ക്രൈസ്തവരെ അവഹേളിച്ച എംവി ഗോവിന്ദൻ മാപ്പുപറയണമെന്ന് പാസ്റ്ററൽ കൗണ്‍സിൽ, കേന്ദ്ര സർക്കാരിനും വിമർശനം

Synopsis

എം.വി. ഗോവിന്ദന്‍ സഭയുടെ അവസ്ഥയെപ്പറ്റിയല്ല ആശങ്കപ്പെടേണ്ടത്, ദൈവ നിഷേധത്തിലടിയുറച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അപചയത്തെപ്പറ്റിയാണ് വേവലാതിപ്പെടേണ്ടത്- ഇരിങ്ങാലക്കുട രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍.

തൃശൂര്‍: ക്രൈസ്തവ സമൂഹത്തെയും വൈദിക-സന്യാസ ജീവിതത്തെയും അവഹേളിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നടപടിയില്‍ ഇരിങ്ങാലക്കുട രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിഷേധിച്ചു. അദ്ദേഹം മാപ്പുപറഞ്ഞ് പരാമര്‍ശം പിന്‍വലിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. മണിപ്പുരില്‍ രണ്ടു മാസം പിന്നിട്ടിട്ടും കലാപത്തിനു ശാശ്വത പരിഹാരം തേടാന്‍ ശ്രമിക്കാത്ത കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിസംഗ സമീപനത്തെ മറ്റൊരു പ്രമേയത്തില്‍ യോഗം അപലപിച്ചു.

ഇരിങ്ങാലക്കുട രൂപതയിലെ 141 ഇടവകകളില്‍ നിന്നുള്ള പ്രതിനിധികളും വൈദികരും സന്യസ്തരും പങ്കെടുത്ത സമ്മേളനം മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. എം.വി. ഗോവിന്ദന്‍ സഭയുടെ അവസ്ഥയെപ്പറ്റിയല്ല ആശങ്കപ്പെടേണ്ടത്, ദൈവ നിഷേധത്തിലടിയുറച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അപചയത്തെപ്പറ്റിയാണ് വേവലാതിപ്പെടേണ്ടത്. കാപട്യവും കുതന്ത്രവും അഴിമതിയും മറച്ചുവച്ചു ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പരാജയമാണ് ലോകത്തും ഇന്ത്യയിലും സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അതിന്റെ പ്രതിഫലനമാണ് കേരളത്തിലൊഴികെ ബംഗാളിലും ത്രിപുരയിലും മറ്റെല്ലായിടത്തും കണ്ടതെന്നും അദ്ദേഹം ഓര്‍ക്കണം. 

ഭരണരംഗത്തെ പരാജയങ്ങള്‍ മൂടിവയ്ക്കാനും ജനശ്രദ്ധ തിരിക്കാനും വേണ്ടി ക്രൈസ്തവരെ അവഹേളിച്ചതിന്റെ പൊള്ളത്തരം പൊതുസമൂഹം തിരിച്ചറിഞ്ഞുകഴിഞ്ഞു. ലോകത്തിനും ഇന്ത്യയ്ക്കും കേരളത്തിനും വികസനത്തിന്റെ ബഹുമുഖ വഴിത്താര വെട്ടിത്തെളിച്ച ക്രൈസ്തവ സമൂഹത്തെ ഇനിയും അവഹേളിക്കാനിറങ്ങരുതെന്നും സമ്മേളനം മുന്നറിയിപ്പു നല്‍കി. ഇന്ത്യയുടെ ജനാധിപത്യത്തെയും മതനിരപേക്ഷതയെയുംപറ്റി വിദേശരാജ്യങ്ങളില്‍ പോയി പ്രസംഗിക്കുമ്പോള്‍ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന വിവേചനവും പീഡനങ്ങളും കണ്ടില്ലെന്നു നടിക്കുന്നത് ഏറ്റവും വലിയ വിരോധാഭാസമാണെന്നു മാര്‍ പോളി കണ്ണൂക്കാടന്‍ ചൂണ്ടിക്കാട്ടി. 

മണിപ്പുരില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തുടരുന്ന നിസ്സംഗത വേദനാജനകമാണ്. വംശീയതയുടെ മൂടുപടമിട്ട ക്രൈസ്തവ വേട്ടയാണ് അവിടെ നടക്കുന്നത്. ക്രിസ്തുവിന്റെ സഭയിലെ അംഗങ്ങളെന്ന നിലയില്‍ മണിപ്പുരിലെ ഗോത്രജനതയുടെ വേദന ക്രൈസ്തവ സമൂഹത്തിന്റെ മുഴുവന്‍ വേദനയാണ്. ഈ വികാരം ഉള്‍ക്കൊണ്ടാണ് ജൂലൈ ഒന്നിന് ചാലക്കുടിയില്‍ 16 കിലോമീറ്റര്‍ നീളത്തില്‍ 30,000 ത്തോളം വിശ്വാസികള്‍ അണിനിരന്ന മനുഷ്യച്ചങ്ങല ഒറ്റക്കെട്ടായി വിശ്വാസജ്വാല ഉയര്‍ത്തിയത്. ഇനി, കുടുംബയൂണിറ്റ്, ഇടവക, ഫൊറോന, രൂപത തലങ്ങളില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസും വടക്കേ ഇന്ത്യയിലെ ക്രൈസ്തവ സഹോദങ്ങളോടുള്ള ഐക്യദാര്‍ഢ്യ പ്രകടനത്തിന്റെ ഭാഗമായി നടത്തുമെന്നും മാര്‍ പോളി കണ്ണൂക്കാടന്‍ അറിയിച്ചു.

സീറോ മലബാര്‍ സഭാ സമൂഹം - സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ റവ. ഡോ. ടോം ഓലിക്കരോട്ട് പ്രഭാഷണം നടത്തി. ക്രൈസ്തവ സമുദായം നേരിടുന്ന പ്രശ്‌നങ്ങളെയും പരിഹാരമാര്‍ഗങ്ങളെയും വിശദീകരിച്ച അദ്ദേഹം സമൂഹം ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടി. പൊതുചര്‍ച്ചയ്ക്ക് മാര്‍ പോളി കണ്ണൂക്കാടന്‍ മറുപടി നല്‍കി. മാര്‍ ജെയിംസ് പഴയാറ്റിലിന്റെ ഏഴാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ജൂലൈ 10 ന് (നാളെ) പേരാമ്പ്രയില്‍ പണിത ഹൃദയ ഹോസ്പിസിന്റെ ആശിര്‍വാദം രണ്ടു മണിക്ക് നടക്കും. വിവിധ രംഗങ്ങളില്‍ മികവു പ്രദര്‍ശിപ്പിച്ച വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും അവാര്‍ഡുകള്‍ നല്‍കി. മുഖ്യവികാരി ജനറല്‍ മോണ്‍. ജോസ് മഞ്ഞളി സ്വാഗതം പറഞ്ഞു. മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സന്‍ ഈരത്തറ, സെക്രട്ടറിമാരായ ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍, ഡേവിസ് ഊക്കന്‍, ആനി ആന്റു എന്നിവര്‍ പ്രസംഗിച്ചു.

Read More :  പുരാവസ്തു തട്ടിപ്പ്; മുൻ ഡിഐജിയടക്കം ഉന്നതർക്കെതിരെ നടപടിയില്ല, സുധാകരന്‍റെ അറസ്റ്റിന് ശേഷം ഇഴഞ്ഞ് അന്വേഷണം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചിന്നക്കനാൽ ഭൂമി ഇടപാട് കേസിൽ വിജിലൻസ് ചോദ്യം ചെയ്തെന്ന് മാത്യു കുഴൽനാടൻ എംഎൽഎ
'മടുത്തമ്മേ, അവി‌ടെ ജയില് പോലെയാണെന്ന് മോള് പറഞ്ഞിരുന്നു, എന്റെ കു‌‌ട്ടി അങ്ങനെ ചെയ്യില്ല'; സായിയിൽ ആത്മഹത്യ ചെയ്ത സാന്ദ്രയുടെ അമ്മ