പത്തനംതിട്ടയിൽ ഭിന്നിപ്പ് രൂക്ഷം: എൽഡിഎഫ് പരിപാടികൾ ബഹിഷ്കരിക്കാൻ സിപിഐ തീരുമാനം

Published : Feb 19, 2022, 07:08 AM IST
പത്തനംതിട്ടയിൽ ഭിന്നിപ്പ് രൂക്ഷം: എൽഡിഎഫ് പരിപാടികൾ ബഹിഷ്കരിക്കാൻ സിപിഐ തീരുമാനം

Synopsis

കൊടുമൺ അങ്ങാടിക്കലിൽ ഒരാഴ്ചക്കാലം നീണ്ടു നിന്ന സിപിഐ-സിപിഎം സംഘർഷത്തിന് പരിഹാരം കാണാൻ ജില്ലാ നേതാക്കൾ ഉഭയകക്ഷി ചർച്ച നടത്തിയിരുന്നു

പത്തനംതിട്ട: ജില്ലയിലെ എൽഡിഎഫ് പരിപാടികൾ സിപിഐ ബഹിഷ്കരിക്കും. കൊടുമണ്ണിൽ സിപിഐ നേതാക്കളെ മർദ്ദിച്ച സിപിഎം പ്രവർത്തകർക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ചാണ് തീരുമാനം. ഉഭയകക്ഷിചർച്ചകളിലെ വ്യവസ്ഥകൾ സിപിഎം പാലിക്കുന്നില്ലെന്നാണ് സിപിഐയുടെ ആരോപണം.

കൊടുമൺ അങ്ങാടിക്കലിൽ ഒരാഴ്ചക്കാലം നീണ്ടു നിന്ന സിപിഐ-സിപിഎം സംഘർഷത്തിന് പരിഹാരം കാണാൻ ജില്ലാ നേതാക്കൾ ഉഭയകക്ഷി ചർച്ച നടത്തിയിരുന്നു. കുറ്റക്കാരായ ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകർക്കെതിരെ നടപടിയെടുക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഉറപ്പ് നൽകിയിരുന്നു. എന്നാൽ ചർച്ച നടന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ യാതൊരു നടപടിയും എടുക്കാത്തതാണ് സിപിഐയെ ചൊടുപ്പിക്കുന്നത്. 

ഇനിയും സിപിഎമ്മിന്റെ വാക്ക് വിശ്വസിക്കേണ്ടതില്ലെന്നാണ് സിപിഐ ജില്ലാ എക്സിക്യൂട്ടീവിന്റെ തീരുമാനം. പ്രാദേശിക പാർട്ടി പ്രവർത്തകരുടെ വികാരം പരിഗണിക്കണമെന്ന് സിപിഐ ജില്ലാ കമ്മിറ്റിയിലും ചർച്ച വന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിപിഎമ്മിനോട് വിട്ടുവീഴ്ച വേണ്ടെന്ന നിലപാട് സിപിഐ കടുപ്പിക്കുന്നത്. സിപിഎം നേതാക്കൾ പങ്കെടുക്കുന്ന രാഷ്ട്രീയ പരിപാടികളിലും പൊതുസമ്മേളനങ്ങളിലും സിപിഐ ഇനി സഹകരിക്കില്ല. 

ജില്ലാ നേതാക്കൾ തമ്മിലെ ഉഭയകക്ഷി ചർച്ചയിലെ ഉറപ്പ് പാലിക്കുന്നത് വരെ മുന്നണി യോഗത്തിൽ നിന്നും വിട്ട് നിൽക്കാനും സിപിഐ നേതൃ യോഗം തീരുമാനിച്ചു. എൽഡിഎഫ് ജില്ലാ നേതൃത്വത്തിനേയും പാർട്ടി സംസ്ഥാന കമ്മിറ്റിയേയും ജില്ലാ നേതൃത്വം നിലപാട് അറിയിക്കും. കഴിഞ്ഞ മാസം പതിനാറിന് നടന്ന അങ്ങാടിക്കൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ തർക്കങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്. ഒത്തുതീർപ്പ് വ്യവസ്ഥകൾ നീണ്ടുപോകുന്നത് മുന്നണി ബന്ധത്തെയും വഷളാക്കിയിരുന്നു.

PREV
click me!

Recommended Stories

ദിലീപ് നല്ല നടനാണ്, അയാളുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയില്ലെന്നും വെള്ളാപ്പള്ളി; 'നടൻമാരെയും നടിമാരെയും കുറിച്ച് ഒന്നും അറിയില്ല'
ഇടുക്കിയിൽ വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു