വിവാഹ ചടങ്ങിൽ വിളമ്പിയ ബിരിയാണിയിൽ നിന്ന് ഭക്ഷ്യവിഷബാധ: ദുൽഖറടക്കം 3 പേർക്ക് ഉപഭോക്തൃ കമ്മീഷൻ നോട്ടീസ്

Published : Nov 05, 2025, 12:16 PM IST
Dulquer Salmaan

Synopsis

പത്തനംതിട്ടയിൽ ബിരിയാണി അരിയിൽ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായെന്ന പരാതിയിൽ അരി കമ്പനി ഉടമയ്ക്കും ബ്രാൻഡ് അംബാസഡറായ നടൻ ദുൽഖർ സൽമാനുമെതിരെ ഉപഭോക്തൃ കമ്മീഷൻ നോട്ടീസ് അയച്ചു. ദുൽഖറിന്റെ പരസ്യം കണ്ടാണ് അരി വാങ്ങിയതെന്ന് കാറ്ററിംഗ് സ്ഥാപന ഉടമയായ പരാതിക്കാരൻ

പത്തനംതിട്ട: ബിരിയാണി അരിയിൽ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായെന്ന പരാതിയിൽ, അരി ബ്രാൻ്റ് ഉടമയ്ക്കും, കമ്പനിയുടെ ബ്രാൻഡ് അബാസഡറായ ദുൽഖർ സൽമാനുമെതിരെ നോട്ടീസ്. പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നടൻ ദുൽഖർ സൽമാനോടും റൈസ് ബ്രാൻഡ് ബിരിയാണി അരി കമ്പനി ഉടമയോടും ഡിസംബർ മൂന്നിന് കമ്മീഷൻ മുൻപാകെ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്.

പത്തനംതിട്ട സ്വദേശിയായ പിഎൻ ജയരാജൻ സമർപ്പിച്ച പരാതിയിലാണ് നോട്ടീസ് അയച്ചതെന്ന് പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പത്തനംതിട്ടയിൽ കാറ്ററിങ് സ്ഥാപനം നടത്തുന്ന പരാതിക്കാരൻ വിവാഹ ചടങ്ങിന് ബിരിയാണി വെക്കാൻ ഈ ബ്രാൻഡ് അരി വാങ്ങിയിരുന്നുവെന്ന് പരാതിയിൽ പറയുന്നു. എന്നാൽ അരിച്ചാക്കിൽ പാക്ക് ചെയ്‌ത ഡേറ്റും എക്‌സ്‌പൈറി ഡേറ്റും രേഖപ്പെടുത്തിയിരുന്നില്ലെന്നാണ് ആരോപണം.

ഈ അരി വെച്ച് ബിരിയാണി ഉണ്ടാക്കി വിളമ്പിയതിന് പിന്നാലെ ബിരിയാണി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റെന്നാണ് ആരോപണം. അരി വിറ്റ മലബാർ ബിരിയാണി ആൻ്റ് സ്പൈസസ് പത്തനംതിട്ട എന്ന സ്ഥാപനത്തിൻ്റെ മാനേജർക്കെതിരെയും പരാതിയിൽ ആരോപണമുണ്ട്. എങ്കിലും ബ്രാൻഡ് അംബാസഡറായ ദുൽഖർ സൽമാനെ മുഖ്യപ്രതിയാക്കിയാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ്റെ പരസ്യം കണ്ട് സ്വാധീനിക്കപ്പെട്ടാണ് താൻ ഈ അരി വാങ്ങിയതെന്നാണ് പരാതിക്കാരൻ പറയുന്നത്.

തൻ്റെ ബിസിനസിൻ്റെ സത്കീർത്തി കളങ്കപ്പെട്ടതിന് ഇവരാണ് കാരണക്കാരെന്ന് പരാതിക്കാരൻ ആരോപിച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. ഡിസംബർ 12 ന് മൂന്ന് പേരോടും ഹാജരാകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അരിക്ക് ചെലവായ 10250 രൂപയ്ക്ക് പുറമെ അഞ്ച് ലക്ഷം രൂപയാണ് പരാതിക്കാരൻ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.

 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്
സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി