
പത്തനംതിട്ട: റിട്ടയേർഡ് ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സംസ്കാര ചടങ്ങിൽ പ്രമുഖർ പങ്കെടുക്കാത്തതിൽ വിഷമം പ്രകടിപ്പിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം ഖേദകരമെന്ന് പത്തനംതിട്ട മുസ്ലിം ജമാഅത്ത് കമ്മിറ്റി. മറ്റു ലക്ഷ്യങ്ങൾ വച്ചാണ് ജമാഅത്തിന്റെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടായതെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെ കുറിച്ചാണ് പരാതി. നവ കേരള സദസ്സ് ഉള്ളതിനാൽ മന്ത്രിമാർക്ക് വിട്ടുനിൽക്കാൻ കഴിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ മറ്റ് ആവശ്യങ്ങൾക്കും സംസ്കാര ചടങ്ങുകളിലും മന്ത്രിമാർ പങ്കെടുത്തിട്ടുണ്ടെന്നും കേരള സർക്കാരിന്റെ സമീപനം മതനിരപേക്ഷ സമൂഹം പ്രതീക്ഷിച്ചതല്ലെന്നും ജമാഅത്ത് കമ്മിറ്റി വിമർശിച്ചു. സമുദായത്തിന്റെ ഉദ്ദേശശുദ്ധിയെ ആണ് മുഖ്യമന്ത്രി ചോദ്യം ചെയ്തതെന്നും ഇത് സമുദായത്തെയാകെ വേദനിപ്പിച്ചുവെന്നും ജമാ അത്ത് കമ്മിറ്റി വാർത്താക്കുറിപ്പിൽ പറഞ്ഞു.
സുപ്രീം കോടതിയിലെ പ്രഥമ വനിതാ ജഡ്‌ജിയും പത്തനംതിട്ട ടൗൺ ജമാഅത്ത് അംഗവുമായിരുന്നു അന്തരിച്ച റിട്ട ജസ്‌റ്റിസ് ഫാത്തിമ ബീവി. സ്‌ഥലം എംഎൽഎ എന്ന നിലയിൽ മന്ത്രി വീണ ജോർജ് സംസ്കാര ചടങ്ങിൽ എത്താത്തതാണ് ജമാ അത്ത് കമ്മിറ്റിയെ ചൊടിപ്പിച്ചത്. എന്നാൽ തങ്ങൾ പ്രകടിപ്പിച്ച വിഷമം ഏതെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തോടെയല്ലെന്നും ജമാഅത്ത് അംഗങ്ങളുടെ പൊതു വികാരമാണെന്നും ചീഫ് ഇമാം അബ്ദുൽ ഷുക്കൂർ മൗലവിയും ജമാഅത്ത് പ്രസിഡന്റ് ഹാജി എച്ച് ഷാജഹാനും പ്രതികരിച്ചു. ഇത്തരം അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് ജനാധിപത്യ അവകാശമാണ്. മന്ത്രി വീണാ ജോർജ്ജ് സംസ്കാര ചടങ്ങിൽ എത്താതിരുന്നത് ജമാഅത്ത് അംശങ്ങളിൽ വേദന ഉളവാക്കിയിട്ടുണ്ട്.
ഫാത്തിമ ബീവിയുടെ മരണത്തിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നിലപാട് വേദനാജനകമാണ്. എന്നാലും അത് അപ്രതീക്ഷിതമായിരുന്നില്ല എന്നാൽ കേരള സർക്കാരിൽ നിന്ന് ഇത്തരമൊരു സമീപനം പ്രതീക്ഷിച്ചതല്ല. ഇതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മാന്യമായി മറുപടി പറയാൻ പോലും മുഖ്യമന്ത്രിക്ക് സാധിച്ചില്ല. മുഖ്യമന്ത്രിയുടെ പ്രസ്‌താവന ശരിക്കും ഞെട്ടലോടെയാണ് കേട്ടത്. സ്വന്തം മന്ത്രിയെ ന്യായീകരിക്കാൻ സമുദായത്തിന്റെ ഉദ്ദേശശുദ്ധിയെ മുഖ്യമന്ത്രി ചോദ്യം ചെയ്തെന്നും ജമാ അത്ത് കമ്മിറ്റി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ പരാമർശം അത്യന്തം നിർഭാഗ്യകരമാണെന്നും ജമാ അത്ത് പ്രസിഡന്റ് ഹാജി എച്ച് ഷാജഹാൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam