
പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത മത്തായി മരിച്ച സംഭവത്തിൽ തുടരന്വേഷണം നടത്താൻ തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ്. വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലകുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ ഷീബ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. 2020 ജൂലൈ 28 നായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടിക്കൊണ്ടുപോയ പിപി മത്തായിയെ എസ്റ്റേറ്റ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പത്തനംതിട്ട ചിറ്റാർ വനമേഖയിൽ വനംവകുപ്പ് സ്ഥാപിച്ച ക്യാമറ മോഷ്ടിച്ചുവെന്നാരോപിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ മത്തായിയിലെ കസ്റ്റഡിലെടുക്കുന്നത്. കസ്റ്റഡിലെടുത്ത് മത്തായിയുടെ മൃതദേഹം കിണറ്റിലാണ് പിന്നീട് കണ്ടെത്തുന്നത്. കസ്റ്റഡിയിൽ കൊല്ലപ്പെട്ട മത്തായിയെ കിണറ്റിൽ കൊണ്ടിട്ടുവെന്നാണ് കുടുംബത്തിന്‍റെ പരാതി. സിബിഐ അന്വേഷണം ഏറ്റെടുക്കുന്നതുവരെ മത്തായിയുടെ മൃതദേഹം കുടുംബം സംസ്കാരിക്കാൻ തയ്യാറായിരുന്നില്ല. കസ്റ്റഡി മരണം അന്വേഷിച്ച സിബിഐ ഏഴ് വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി കുറ്റപത്രം സമർപ്പിച്ചു. ഉദ്യോസ്ഥർക്കെതിരെ കൊലകുറ്റം ചുമത്തണമെന്നും കൂടുതൽ ഉദ്യോഗസ്ഥർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നായിരുന്നു മത്തായയിടെ ഭാര്യ നൽകിയ തുടരന്വേഷണ ഹർജിയിലെ ആവശ്യം. മൂന്ന് മാസത്തിനകം തുടരന്വേഷണം പൂർത്തിയാക്കണെമെന്നാണ് സിബിഐ കോടതി ഉത്തരവ്. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.