
പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്‍റെ മരണത്തിൽ നടപടി. ചുട്ടിപ്പാറ നഴ്സിങ് കോളേജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി. കേസിൽ പ്രതികളായ മൂന്ന് വിദ്യാര്‍ത്ഥിനികളെ കോളേജിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു. സീപാസിന് കീഴിലെ സീതത്തോട് കോളേജിലേക്കാണ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റിയത്. പകരം സീതത്തോട് കോളേജ് പ്രിന്‍സിപ്പലായിരുന്ന തുഷാരയെ ചുട്ടിപ്പാറയിലേക്കും മാറ്റി നിയമിച്ചിട്ടുണ്ട്. പ്രതികളായ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ കേസിൽ ജാമ്യത്തിലാണിപ്പോള്‍. ഇതിനിടെയാണ് മൂന്നു പേരെയും കോളേജിൽ നിന്ന് സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.
അതേസമയം, നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മു സജീവിന്‍റെ മരണത്തിൽ പൊലീസിൽ അധ്യാപകനെതിരെ കുടുംബം പരാതി നൽകി. ചുട്ടിപ്പാറ നഴ്സിങ് കോളേജിലെ സൈക്യാട്രി വിഭാഗം അധ്യാപകൻ സജിക്കെതിരെയാണ് അമ്മുവിന്‍റെ അച്ഛൻ സജീവ് പരാതി നൽകിയത്. ലോഗ് ബുക്ക് കാണാതായെന്ന് പറഞ്ഞ് അമ്മുവിനെ അധ്യാപകൻ സജിയും കേസിൽ പ്രതികളായ വിദ്യാര്‍ത്ഥിനികളും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചുവെന്ന് അച്ഛൻ സജീവ് ആരോപിച്ചു.
പ്രതികളായ വിദ്യാര്‍ത്ഥിനികളെ ഒരു വശത്തും അമ്മുവിനെ ഒരു വശത്തും നിര്‍ത്തികൊണ്ട് കൗണ്‍സിലിങ് എന്ന പേരിൽ കുറ്റവിചാരണ നടത്തുകയായിരുന്നു. രണ്ടു മണിക്കൂറിലധികമാണ് അധ്യാപകനായ സജി അമ്മുവിനെ കുറ്റവിചാരണ ചെയ്തതെന്നും ഇതിനുശേഷമാണ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് അമ്മു വീണ് മരിച്ചതെന്നും അച്ഛൻ സജീവ് പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും സജീവ് പറഞ്ഞു. ഒരു തവണ പറയുന്ന കാര്യമല്ല പ്രിന്‍സിപ്പൽ പിന്നീട് പറയുന്നതെന്നും പല കാര്യങ്ങളാണ് അവര്‍ പറയുന്നതെന്നും സജീവ് ആരോപിച്ചു.
നേരത്തെ കേസിൽ പത്തനംതിട്ട ഡിവൈഎസ്പിക്ക് മുൻപിൽ ഹാജരായി അമ്മുവിന്‍റെ മാതാപിതാക്കള്‍ മൊഴി നൽകിയിരുന്നു. മകൾക്ക് സഹപാഠികളായ മൂന്ന് വിദ്യാർത്ഥിനികളിൽ നിന്ന് ഏൽക്കേണ്ടിവന്ന മാനസിക പീഡനത്തെക്കുറിച്ച് വിശദമായ മൊഴി നൽകിയെന്ന് അച്ഛൻ പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ചുട്ടിപ്പാറ നഴ്സിംഗ് കോളേജ് പ്രിൻസിപ്പലിന് വീഴ്ച പറ്റി. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിലെ ദുരൂഹത നീക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടതായും അച്ഛൻ സജീവ് വ്യക്തമാക്കി.
നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് ദിവസങ്ങള്‍ക്ക് മുമ്പ് അമ്മുവിന്‍റെ സഹപാഠികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. പത്തനാപുരം കുണ്ടയം സ്വദേശിനി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശിനി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശിനി അഞ്ജന മധു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.
വിദ്യാർത്ഥികളും അമ്മുമായുള്ള തർക്കവും അതിൽ കോളേജ് നടത്തിയ ആഭ്യന്തര അന്വേഷണത്തിന്‍റെ റിപ്പോർട്ടും പ്രതികൾക്കെതിരായി. സഹപാഠികൾക്കെതിരെ അമ്മു കോളേജ് പ്രിൻസിപ്പലിന് നൽകിയ കുറിപ്പും കേസിന്‍റെ ഭാഗമാക്കി. നവംബര്‍ 15 ന് വൈകിട്ടാണ് ചുട്ടിപ്പാറ എസ്എംഇ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്ന അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam