അമ്മുവിന്‍റെ മരണം; പ്രതികളുടെ മൊബൈൽ ഫോണുകളിൽ തെളിവുകളുണ്ടെന്ന് പൊലീസ്, സഹപാഠികളായ മൂന്നുപേരും റിമാന്‍ഡിൽ

Published : Nov 22, 2024, 04:50 PM ISTUpdated : Nov 22, 2024, 05:26 PM IST
അമ്മുവിന്‍റെ മരണം; പ്രതികളുടെ മൊബൈൽ ഫോണുകളിൽ തെളിവുകളുണ്ടെന്ന് പൊലീസ്, സഹപാഠികളായ മൂന്നുപേരും റിമാന്‍ഡിൽ

Synopsis

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്‍റെ മരണത്തിൽ അറസ്റ്റിൽ ആയ മൂന്ന് സഹപാഠികളെയും റിമാന്‍ഡ് ചെയ്തു. പ്രതികളുടെ മൊബൈല്‍ ഫോണിൽ തെളിവുകളുണ്ടെന്നും ജാമ്യം നൽകിയാൽ അത് നശിപ്പിക്കപ്പെടുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്‍റെ മരണത്തിൽ അറസ്റ്റിൽ ആയ മൂന്ന് സഹപാഠികളെയും റിമാന്‍ഡ് ചെയ്തു. ഉച്ചയ്ക്കുശേഷം മൂന്നു പ്രതികളെയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും 14 ദിവസത്തേക്ക് പ്രതികളെ റിമാന്‍ഡ് ചെയ്തുകൊണ്ട് കോടതി ഉത്തരവിടുകയായിരുന്നു. പ്രതികളുടെ മൊബൈല്‍ ഫോണിൽ തെളിവുകളുണ്ടെന്നും ജാമ്യം നൽകിയാൽ അത് നശിപ്പിക്കപ്പെടുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ വാദിച്ചു.

പ്രതികളിൽ ഒരാളുടെ ലോഗ് ബുക്ക് കാണാതായെന്നും അത് അമ്മു സജീവ് എടുത്തെന്നു ആരോപിച്ചായിരുന്നു ക്ലാസിലെ പ്രധാന തർക്കം. ആ ലോഗ് ബുക്ക് കണ്ടെത്തേണ്ടതുണ്ട്. കൂടുതൽ ചോദ്യം ചെയ്യലും ആവശ്യമാണ്. പ്രതികൾക്ക് ജാമ്യം നൽകിയാൽ ഫോൺ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ നശിപ്പിക്കപ്പെടും. പ്രോസിക്യൂഷന്‍റെ ഈ ആവശ്യങ്ങൾ പരിഗണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.  

ആത്മഹത്യാപ്രേരണ കുറ്റം നിലനിൽക്കില്ലെന്നും പ്രതികളായ പെൺകുട്ടികളുടെ പ്രായം പരിഗണിക്കണം എന്നും  പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു. ഇനി പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുക്കേണ്ട ആവശ്യമില്ലെന്നും ഇടക്കാല ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. തുടര്‍ന്നാണ് കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തുകൊണ്ട് കോടതി ഉത്തരവിട്ടത്.

കേസിൽ അറസ്റ്റിലായ അമ്മു സജീവൻറെ സഹപാഠികളായ പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ് , ചങ്ങനാശ്ശേരി സ്വദേശി എടി അക്ഷിത , കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ഇവരുടെ നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് കുടുംബം പരാതി നൽകിയിരുന്നു. അതേസമയം, അമ്മുവിന്‍റെ മരണത്തിലെ ദുരൂഹത നീക്കാൻ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സർക്കാരിനെ സമീപിക്കും. ഇതിനിടെ, പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോകും വഴി എബിവിപി  പ്രവർത്തകർ കരിങ്കൊടി കാണിച്ചു.

മൂവർക്കുമെതിരെ ആത്മഹത്യാ പ്രേരണകുറ്റം പൊലീസ് ചുമത്തിയിരുന്നു. അമ്മുവിനെ സഹപാഠികൾ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന കുടുംബത്തിന്‍റെ മൊഴി സാധൂകരിക്കുന്ന തെളിവുകൾ കിട്ടിയതോടെയാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. അമ്മുവും അറസ്റ്റിലായ മൂന്നു വിദ്യാർഥിനികളും ഉറ്റ ചങ്ങാതിമാരായിരുന്നു. ഇവർക്കിടയിലെ തർക്കങ്ങൾ രൂക്ഷമായ ഭിന്നതയിലേക്ക് നീങ്ങി. വിദ്യാർത്ഥിനികളിൽ ഒരാളുടെ ലോഗ് ബുക്ക് കാണാതായി, പണം നഷ്ടപ്പെട്ടു തുടങ്ങി പലവിധ കുറ്റങ്ങൾ അമ്മൂവിന്‍റെ മേൽ കെട്ടിവെക്കാൻ ശ്രമം ഉണ്ടായി. ഏറ്റവും ഒടുവിൽ ടൂർ കോഡിനേറ്ററായി അമ്മുവിനെ തെരഞ്ഞെടുത്തതിനെയും മൂവർ സംഘം ശക്തമായ എതിർത്തു. തുടർച്ചയായ മാനസിക പീഡനം മകൾക്ക് ഏറ്റുവാങ്ങേണ്ടി വരുന്നുവെന്ന് പിതാവ് രേഖ മൂലം കോളേജ് പ്രിൻസിപ്പലിന് പരാതി നൽകി.

അതിൽ കോളേജ് നടത്തിയ ആഭ്യന്തര അന്വേഷണതിലും സഹപാഠികളിൽ നിന്ന് അമ്മുവിന് മാനസിക പീഡനം ഏൽക്കേണ്ടി വന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു. അത്തരം റിപ്പോർട്ടുകളും പൊലീസ് കേസിന്‍റെ ഭാഗമാക്കി.അതോടൊപ്പം, സഹപാഠികൾക്കെതിരെ അമ്മു സജീവ് കോളേജ് അന്വേഷണ സമിതിക്ക് മുമ്പാകെ നൽകിയ കുറിപ്പും ഹോസ്റ്റൽ മുറിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ഈ കുറിപ്പും പ്രതികളുടെ അറസ്റ്റിലേക്ക് നീങ്ങുന്നത് നിര്‍ണായകമായി. ഇതെല്ലാം ആത്മഹത്യാപ്രേരണയ്ക്ക് അടിസ്ഥാനമായെന്നും പൊലീസ് പറയുന്നു. എന്നാൽ, അപ്പോഴും അമ്മു ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ആവർത്തിക്കുകയാണ് കുടുംബം.

കുടുംബം ഉന്നയിക്കുന്ന ചികിത്സാ പിഴവടക്കമുള്ള ആരോപണങ്ങളിൽ ആരോഗ്യവകുപ്പ് അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് ചുട്ടിപ്പാറ എസ്.എം.ഇ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിനി അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണു മരിക്കുന്നത്.

അമ്മുവിൻ്റെ മരണം: സഹപാഠികൾക്കെതിരെ കേസെടുത്തത് ശക്തമായ തെളിവിൻ്റെ അടിസ്ഥാനത്തിൽ; വിലങ്ങായി വിശദീകരണ കുറിപ്പ്

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദാവോസിൽ കേരളത്തിനും വൻ നേട്ടം! ലോക സാമ്പത്തിക ഫോറത്തിൽ 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താൽപര്യപത്രം ഒപ്പുവെച്ചെന്ന് പി രാജീവ്
ദേശീയ ട്രേഡേഴ്സ് വെൽഫെയർ ബോർഡിൽ കേരളത്തിന് ആദ്യ അംഗം; അഡ്വ. സിറാജുദ്ദീൻ ഇല്ലത്തൊടിയെ കേന്ദ്രസർക്കാർ നാമനിർദേശം ചെയ്തു