തിരുവനന്തപുരം: സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുല്ലപ്പെരിയാറിൽ ജലനിരപ്പ് വേഗത്തിൽ ഉയരുന്നു. 24 മണിക്കൂറിൽ മുല്ലപ്പെരിയാറിൽ 190.4 മില്ലീമീറ്റർ മഴ പെയ്തു. ഏഴടി ജലനിരപ്പ് ഉയർന്നു. അതിനിയും ഉയരും. 136 അടി എത്തിയാൽ മുല്ലപ്പെരിയാറിലെ ജലം ടണൽ വഴി വൈകേയി ഡാമിലെത്തിക്കും. പതുക്കെ പുറത്തേക്ക് ഒഴുക്കിവിടണം. തമിഴ്നാടിനോട് ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പാലക്കാട് ബേസിനിൽ വെള്ളത്തിന്റെ അളവ് കൂടി. പെരിങ്ങൽക്കുത്ത് ഷട്ടറുകൾ തുറന്നുവെന്നും ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലിലേക്ക് ഉയർന്നുവെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പറമ്പിക്കുളം, ആലിയാർ അണക്കെട്ട് തുറക്കുന്നതിന് മുൻപ് കേരളത്തെ ബന്ധപ്പെടണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് നെയ്യാർ ഡാമിൽ നാല് ഷട്ടർ തുറന്നു. പേപ്പാറ അണക്കെട്ടും തുറന്നു. തിരുവനന്തപുരത്ത് 37 വീട് പൂർണ്ണമായി തകർന്നു. 5348 ഹെക്ടർ കൃഷി നശിച്ചു. വെള്ളപ്പൊക്ക സാധ്യത മുന്നിൽ കണ്ട് കൊല്ലത്ത് നിന്ന് മത്സ്യത്തൊഴിലാളികൾ പത്തനംതിട്ടയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പത്ത് വള്ളം, 20 തൊഴിലാളികളുമാണ് പത്തനംതിട്ടയിലേത്ത് യാത്ര തിരിച്ചത്. 

പമ്പ ഡാം തുറക്കാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. പത്തനംതിട്ടയിൽ 51 ക്യാമ്പുകൾ തുറന്നു. മൂഴിയാറിന്റെയും മണിയാറിന്റെയും സ്പിൽവേ തുറന്നു. കക്കി ഡാമിൽ മണ്ണിടിഞ്ഞു. വെള്ളം കയറാൻ സാധ്യതയുള്ള സിഎഫ്എൽടിസികളിൽ നിന്ന് രോഗികളെ മറ്റ് സിഎഫ്എൽടിസികളിലേക്ക് മാറ്റും. പമ്പയുടെ കൈവഴിയുടെ തീരപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കും. ചാലക്കുടിയിൽ ആറ് ക്യാമ്പ് തുറന്നു. 139 പേർ നിലവിൽ അവിടെയുണ്ട്. വാളയാർ ഡാം തുറക്കാൻ മുന്നറിയിപ്പ് നൽകി. ഈ മേഖലയിലെ മണ്ണിടിച്ചിൽ 327 കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കണം. നിലമ്പൂർ-നാടുകാണി രാത്രി ഗതാഗതം നിരോധിച്ചു. പ്രളയ സാധ്യത പ്രദേശങ്ങളിൽ 250 ബോട്ട് എത്തിച്ചു. ഒൻപതിടത്ത് രക്ഷാ പ്രവർത്തകരെ വിന്യസിച്ചു. വയനാട്ടിൽ 77 ക്യാമ്പ് തുറന്നു. 1184 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി.

മഴ തുടർന്നാൽ ബാണാസുര ഡാം തുറക്കേണ്ടി വരുമെന്നും പിണറായി വിജയന്‍ പറഞ്ഞു. അതിശക്തമായ മഴയുണ്ടായാൽ പ്രളയം ഒഴിവാക്കാൻ കാരാപ്പുഴ ഡാമിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴിവാക്കണം. കാസർകോട് കൊന്നക്കാട് വനത്തിൽ മണ്ണിടിഞ്ഞു. ചൈത്രവാഹിനി പുഴ കരകവിഞ്ഞു. കാര്യങ്കോട് പുഴയിൽ വെള്ളം ഉയർന്നേക്കും. വയനാട്ടിലെ തൊണ്ടർനാട് ക്ലസ്റ്ററിൽ കൊവിഡ് നിയന്ത്രണ വിധേയമായി. കാലവർഷം ശക്തമായ സാഹചര്യത്തിൽ കുറ്റ്യാടി ചുരം ഗതാഗത്തിന് തുറക്കും. രാത്രി യാത്ര അനുവദിക്കില്ല. അപകട സാധ്യത നിലനിൽക്കുന്നു. വൈകീട്ട് ഏഴ് മുതൽ രാവിലെ ആറ് വരെയാണ് ഗതാഗത നിരോധനം.

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും അതിതീവ്ര മഴ ലഭിക്കുമെന്നാണ് കേന്ദ്ര മുന്നറിയിപ്പെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ചിലയിടങ്ങളില്‍ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഇന്ന് കണ്ണൂർ, വയനാട് കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. നാളെ ഇടുക്കി, മലപ്പുറം വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 204.5 മിമീ മഴ ലഭിക്കാൻ സാധ്യതയുണ്ട്. നാളെ ഓറഞ്ച് അലർട്ട് കോഴിക്കോട്, കണ്ണൂർ കാസർകോട് ജില്ലകളിലും മറ്റന്നാൾ മലപ്പുറത്തും കണ്ണൂരും കൂടി ഓറഞ്ച് അലർട്ടിലാണ്. കേരളത്തിന്‍റെ തീരമേഖലയിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.