മത്തായിയുടെ മരണത്തിൽ വനം വകുപ്പ് പ്രതിക്കൂട്ടിൽ; കസ്റ്റഡിയിലെടുത്തത് ചട്ടം പാലിക്കാതെ

Published : Jul 30, 2020, 10:58 AM IST
മത്തായിയുടെ മരണത്തിൽ വനം വകുപ്പ് പ്രതിക്കൂട്ടിൽ; കസ്റ്റഡിയിലെടുത്തത് ചട്ടം പാലിക്കാതെ

Synopsis

കസ്റ്റഡിയിലെടുത്ത ശേഷം മത്തായിയെ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചില്ല. സ്റ്റേഷനിലെ ഔദ്യോഗിക രേഖയായ ജനറൽ ഡയറിയിൽ കസ്റ്റഡി വിവരം രേഖപ്പെടുത്തുകയും ചെയ്തില്ല. 

പത്തനംതിട്ട: വനം വകുപ്പ് സ്ഥാപിച്ച സിസിടിവി ക്യാമറകൾ നശിപ്പിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവിനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനം വകുപ്പിനെതിരെ ആക്ഷേപം ശക്തമാകുന്നു. പത്തനംതിട്ട ചിറ്റാറിൽ  മത്തായിയുടെ മരണത്തിന് കാരണം വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന ബന്ധുക്കളുടെ ആരോപണത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത നടപടിയിലെ ചട്ട ലംഘനങ്ങളും പുറത്ത് വരികയാണ്. 

എന്ത് കുറ്റത്തിനാണ് മത്തായിയെ കസ്റ്റഡിയിലെടുക്കുന്നതെന്ന വിവരം ബന്ധുക്കളെയോ ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികളേയോ ഉദ്യോഗസ്ഥർ അറിയിച്ചില്ല. കസ്റ്റഡിയിലെടുത്ത ശേഷം മത്തായിയെ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചതുമില്ല. സ്റ്റേഷനിലെ ഔദ്യോഗിക രേഖയായ ജനറൽ ഡയറിയിൽ കസ്റ്റഡി വിവരം രേഖപ്പെടുത്തുകയും ചെയ്തില്ല. മത്തായിയുടെ മൊഴി രേഖപ്പെടുത്താതെയാണ് കുടപ്പന ഭാഗത്തേക്ക് തെളിവെടുപ്പിനായി കൊണ്ട് പോയത്. കസ്റ്റഡിയിലുള്ള ആളുടെ ജീവന് മതിയായ സംരക്ഷണം ഉറപ്പാക്കാതെ  തെളിവെടുപ്പിന് എത്തിച്ചതിലും വീഴചയുണ്ടെന്നാണ് ആക്ഷേപം.

വനം വകുപ്പിന്‍റെ ക്യാമറ മോഷണം പോയത് സംബന്ധിച്ച് സിആർപിസി പ്രകാരമുള്ള കേസ് നടപടികൾ സ്വീകരിക്കാൻ ചിറ്റാർ പൊലീസ് സ്റ്റേഷനിൽ വനം വകുപ്പ് അപേക്ഷ നൽകിയിട്ടില്ല. മോഷണം സംബന്ധിച്ച് മഹസർ തയ്യാറാക്കുകയോ പ്രാഥമിക റിപ്പോർട്ട് കോടതിയിൽ നൽകുകയോ ഉണ്ടായിട്ടില്ല. മത്തായി മരിച്ചതിന് ശേഷം ഇന്നലെ ഉച്ചക്കാണ് ക്യാമറ മോഷണത്തിന് കേസ് എടുത്ത് റാന്നി കോടതിയിൽ മഹസറും റിപ്പോർട്ടും കൊടുത്തത്.

വനം വകുപ്പ് സ്ഥാപിച്ച സിസിടിവി ക്യാമറകൾ നശിപ്പിച്ചെന്നാരോപിച്ചാണ് കഴിഞ്ഞ ദിവസം മത്തായിയെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തത്. വൈകീട്ട് ഏഴുമണിയോടെ മത്തായിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. കസ്റ്റഡിയിലെടുത്ത് മണിക്കൂറുകൾക്കകം സ്വന്തം ഫാമിലെ കിണറ്റിൽ മൃതദേഹം സകണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബവും നാട്ടുകാരും ആരോപിക്കുന്നത്. കേസിൽ മത്തായിയെ കുരുക്കിയതാണെന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടതായും ഭാര്യ ആരോപിക്കുന്നു.

ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ഏഴ് ഉദ്യാോഗസ്ഥരാണ് മത്തായിയെ വീട്ടിലെത്തി കൂട്ടിക്കൊണ്ട്പോയത്. തെളിവെടുപ്പിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ മത്തായി കിണറ്റിൽ വീണതെന്നാണ് വനം വകുപ്പ് പറയുന്നത്. എന്നാൽ കിണറ്റിൽ വീണയാളെ രക്ഷിക്കാൻ ശ്രിമിക്കാതെ വനപാലകർ വാഹനം ഉപേക്ഷിച്ച് മുങ്ങിയെന്നും നാട്ടുകാർ പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലയാള സിനിമയിൽ മൂർച്ചയേറിയ രാഷ്ട്രീയ വിമർശനം നടത്തിയ നടൻ, ഒരിക്കലും ആവർത്തിക്കപ്പെടാത്ത ശൈലി; നമുക്ക് ഒരേയൊരു ശ്രീനിവാസനെ ഉണ്ടായിരുന്നുള്ളൂ
ഗഡിയെ... സ്കൂൾ കലോത്സവം ദേ ഇങ്ങ് എത്തീട്ടാ! ഷെഡ്യൂൾ പുറത്ത്, മുഖ്യമന്ത്രി ഉദ്ഘാടകൻ, മോഹൻലാൽ സമാപന സമ്മേളനത്തിലെ മുഖ്യാതിഥി, തേക്കിൻകാട് പ്രധാനവേദി