അതിർത്തി കടന്നിട്ടും ചികിത്സ നിഷേധിച്ചു, മംഗലാപുരത്തേക്ക് പോയ കാസർകോട്ടെ രോഗി തിരികെ പോന്നു

By Web TeamFirst Published Apr 8, 2020, 3:03 PM IST
Highlights

കാസർകോട് അതിർത്തിയിൽ മെഡിക്കൽ സംഘം പരിശോധിച്ച് അനുമതി നൽകിയ രോഗിക്കാണ് മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ പോയത്. 

കാസർകോട്: സുപ്രീംകോടതി വിധിയുടെ പശ്ചാത്തത്തിൽ രണ്ട് സംസ്ഥാനാതിർത്തികളിലേയും മെഡിക്കൽ പരിശോധന പൂർത്തിയാക്കി കർണാടകയിൽ പ്രവേശിച്ച കാസർകോട് സ്വദേശിനിയായ സ്ത്രീക്ക് ചികിത്സ നിഷേധിച്ചു. 

കാസർകോട് അതിർത്തിയിൽ മെഡിക്കൽ സംഘം പരിശോധിച്ച് അനുമതി നൽകിയ രോഗിക്കാണ് മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ പോയത്. ആശുപത്രിയിൽ ഒന്നര മണിക്കൂർ കാത്തിരുന്നിട്ടും ഇവരെ ഡോക്ടർ പരിശോധിച്ചില്ല. നേരത്തെ ചികിത്സ തേടിയ ആശുപത്രിയിലേക്ക് പോകാനും രോഗിയെ അനുവദിച്ചില്ല. ഇതോടെ വന്ന ആംബുലൻസിൽ ഇവർ കേരളത്തിലേക്ക് മടങ്ങി. 

ഉച്ചയോടെയാണ് തളങ്കര സ്വദേശിയായ രോഗി തലപ്പാടിയിലെത്തിയത്. തലയിൽ രക്തം കട്ടപിടിച്ചതാണ് അസുഖം. കേരള മെഡിക്കൽ സംഘം പരിശോധിച്ച് നൽകിയ രേഖകളുമായി ഇവരും കൂടെയുള്ള ആളും ആംബുലൻസിൽ കർണാടക അതിർത്തിയിലേക്ക് നീങ്ങി. കർണാടക മെഡിക്കൽ സംഘത്തിന്റെ പരിശോധനക്ക് ശേഷം മംഗലുരുവിലെ ആശുപത്രിയിലേക്ക് പോയി. 

കോവിഡ് ബാധിതനല്ലെന്ന രേഖകൾക്ക് പുറമെ 10 നിബന്ധനകൾ കൂടി പാലിക്കുന്ന രോഗികൾക്ക് മാത്രമാണ് മംഗളൂരുവിലേക്ക് പ്രവേശനം. ഇവർക്ക് ആവധ്യമുള്ള ചികിത്സ കാസർകോടും കണ്ണൂരിലും ലഭ്യമല്ലെന്ന് മെഡിക്കൽ ഓഫിസർ സാക്ഷ്യപ്പെടുത്തണം. കൂടെ മംഗളൂരുവിൽ നേരത്തെ ചികിത്സ നടത്തിയതിന്റെ രേഖകളും ഹാജരാക്കണം. ഇതിന് ശേഷമേ കടത്തിവിടൂ. 

അപകടത്തിൽ പെട്ടവർക്കും അത്യാസന്ന നിലയിലുള്ളവർക്കും ഇത് പ്രായോഗികല്ലെന്ന് വിമർശനമുണ്ട്. അതിർത്തി പ്രദേശങ്ങളിൽ ഉള്ളവർക്ക് ചികിത്സ തേടി കാസറകോടും കാഞ്ഞങ്ങാടും പോകേണ്ടി വരുന്നതും കൂടുതൽ പ്രയാസം ഉണ്ടാക്കും. ഇക്കാര്യത്തിൽ കൂടുതൽ ഇളവ് നൽകണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഇതിനിടെയാണ് അതിർത്തി കടന്നു പോയവർക്ക് ചികിത്സ നിഷേധിക്കപ്പെട്ടത്. 

click me!