
പാലക്കാട്: പാലക്കാട് ജില്ലയിലെ പട്ടാമ്പി കരിമ്പനക്കടവിൽ ഇന്നലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ. കൊല്ലപ്പെട്ട അൻസാർ നൽകിയ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് കൊടലൂർ സ്വദേശി മുസ്തഫയെ തൃത്താല പോലീസ് വടക്കാഞ്ചേരിയിൽ നിന്ന് വ്യാഴാഴ്ച രാത്രി പത്തരയോടെ കസ്റ്റഡിയിൽ എടുത്തത്. തന്റെ ഉറ്റ സുഹൃത്ത് മുസ്തഫയാണ് തന്നെ കൊല്ലാൻ ശ്രമിച്ചതെന്ന് അൻസാർ ആശുപത്രിയിലെത്തിച്ചപ്പോൾ നഴ്സിനോട് പറഞ്ഞിരുന്നു. ഇത് പ്രകാരമാണ് മുസ്തഫയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി മുസ്തഫയെ പിടികൂടിയത്. പൊലീസ് പിടികൂടുമ്പോൾ മുസ്തഫയുടെ ദേഹത്ത് രക്തക്കറ ഉണ്ടായിരുന്നു. കൃത്യത്തില്‍ പങ്കെടുത്ത കബീര്‍ ഒളിവിലാണ്. ഇവര്‍ മൂവരും ഉറ്റ സുഹൃത്തുക്കളായിരുന്നു.
ഇന്നലെ പട്ടാമ്പി തൃത്താല റോഡില്‍ കരിമ്പനക്കടവിന് സമീപം റോഡില്‍ രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന നടന്ന അന്വേഷണത്തില്‍ കരിമ്പനക്കടവില്‍ ഭാരതപ്പുഴയിലേക്ക് ഇറങ്ങുന്ന ഭാഗത്തും പുഴയ്ക്കരികിലെ പൊന്തക്കാടുകള്‍ക്കിടയിലും ചോരപ്പാട് കണ്ടെത്തി. ഇതിനിടയില്‍ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ യുവാവ് ചികിത്സ തേടിയെത്തുകയും ചെയ്തു. കഴുത്ത് മുറിഞ്ഞ നിലയിലായിരുന്ന യുവാവ് വിദഗ്ധ ചികിത്സയ്ക്ക് മുമ്പ് മരണപ്പെടുകയായിരുന്നു.
കരിമ്പനക്കടവിന് സമീപം ഒരു കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയിലും കാറിനുള്ളില്‍ കത്തിയുടെ കവറും പൊലീസ് കണ്ടെടുത്തിരുന്നു. കാറിലെത്തിയ സംഘം യുവാവിനെ കത്തികൊണ്ട് വെട്ടിയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. തന്നെ സുഹൃത്ത് വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന് യുവാവ് ആശുപത്രി അധികൃതര്‍ക്ക് മൊഴി നല്‍കുകയും ചെയ്തിരുന്നു. തൃത്താല പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ യുവാവിന്റെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
പട്ടാമ്പിയിൽ യുവാവിനെ വെട്ടിക്കൊന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam