എയ്ഡഡ് മേഖലയിലെ സംവരണം: ആവശ്യം ശക്തിപ്പെടുത്തി പട്ടികജാതി ക്ഷേമ സമിതി

By Web TeamFirst Published Mar 1, 2020, 8:47 AM IST
Highlights

എൽഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പിലാകാൻ കടമ്പകളേറെയെങ്കിലും നടപടികൾ വേഗത്തിലാക്കണമെന്നാണ് സിപിഎം അനുഭാവ സംഘടനയായ പട്ടികജാതി ക്ഷേമ സമിതി ആവശ്യപ്പെടുന്നത്.

തിരുവനന്തപുരം: എയ്ഡഡ് മേഖലയിൽ സംവരണം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തിപ്പെടുത്തി സിപിഎം അനുഭാവ സംഘടനയായ പട്ടികജാതി ക്ഷേമ സമിതി. മത സാമുദായിക സംഘടനകളുടെ യോഗം വിളിച്ച് സർക്കാർ ഇടപെടണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എയ്ഡഡ് സംവരണത്തിൽ മറ്റ് രാഷ്ട്രീയകക്ഷികൾ നിലപാട് വ്യക്തമാക്കണമെന്നും പട്ടികജാതി ക്ഷേമ സമിതി ആവശ്യപ്പെട്ടു.

ഐക്യ കേരള പിറവി മുതൽ ഉയർത്തുന്ന എയ്ഡഡ് സംവരണം ആറ് പതിറ്റാണ്ട് പിന്നിടുമ്പോഴും ഒരിഞ്ച് മുന്നോട്ട് നീങ്ങിയിട്ടില്ല. എൽഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പിലാകാൻ കടമ്പകളേറെയെങ്കിലും നടപടികൾ വേഗത്തിലാക്കണമെന്നാണ് സിപിഎം അനുഭാവ സംഘടനയായ പട്ടികജാതി ക്ഷേമ സമിതി ആവശ്യപ്പെടുന്നത്.

എയ്ഡഡ് സംവരണത്തിൽ തൊട്ടപ്പോഴെല്ലാം കൈപൊള്ളിയ ചരിത്രമാണ് ഇടതുസർക്കാരുകൾക്കുള്ളത്. വിഷയം വീണ്ടും ചർച്ചയാകുമ്പോൾ എയ്ഡഡ് മേഖലയിൽ ന്യൂനപക്ഷ സ്ഥാപനങ്ങളുടെ പ്രത്യേക അധികാരങ്ങൾ തന്നെയാണ് പ്രധാന കടമ്പ. പിന്നോക്ക മേഖലയിലെ ഉദ്യോഗാർത്ഥികൾക്ക് മാത്രമല്ല മുന്നോക്കക്കാരിലെ പിന്നോക്കക്കാരെയും ഉൾപ്പെടുത്തി സാമൂഹ്യനീതിയും അവസര സമത്വവും ഉറപ്പാക്കണമെന്നാണ് പികെഎസ് സർക്കാരിനോട് ആവശ്യപ്പെടുന്നത്. 

click me!