മംഗല്യനിധിയുടെ പേരില്‍ പട്ടിക്കാട് സഹകരണ ബാങ്കില്‍ തട്ടിപ്പ്; പണം കിട്ടാതെ നിക്ഷേപകര്‍

By Web TeamFirst Published Aug 2, 2021, 9:56 AM IST
Highlights

1996ല്‍ 10,000 രൂപ നിക്ഷേപിച്ച കുടുംബത്തിന് മൂന്നരലക്ഷം രൂപ നല്‍കണമെന്ന് ബാങ്കിംഗ് ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടെങ്കിലും ഇപ്പോള്‍ ബാങ്ക് അങ്ങനെയൊരു പദ്ധതിയേ ഇല്ലായെന്ന് പറഞ്ഞ് കൈമലര്‍ത്തുകയാണ്. മംഗല്യനിധി നിര്‍ത്തിയ കാര്യം പോലും ബാങ്ക് നിക്ഷേപകരെ അറിയിച്ചില്ല.
 

ബെംഗളൂരു: പെണ്‍കുട്ടികളുടെ വിവാഹത്തിനായുള്ള മംഗല്യനിധി പദ്ധതിയുടെ പേരില്‍ പട്ടിക്കാട് സഹകരണ ബാങ്ക് നിക്ഷേപകരെ പറ്റിച്ചതായി ആരോപണം. 10,000 രൂപ നിക്ഷേപിച്ചാല്‍ രണ്ടര ലക്ഷം രൂപ തിരികെ നല്‍കുമെന്ന് പറഞ്ഞാണ് തട്ടിപ്പ്. 1996ല്‍ 10,000 രൂപ നിക്ഷേപിച്ച കുടുംബത്തിന് മൂന്നരലക്ഷം രൂപ നല്‍കണമെന്ന് ബാങ്കിംഗ് ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടെങ്കിലും ഇപ്പോള്‍ ബാങ്ക് അങ്ങനെയൊരു പദ്ധതിയേ ഇല്ലായെന്ന് പറഞ്ഞ് കൈമലര്‍ത്തുകയാണ്. മംഗല്യനിധി നിര്‍ത്തിയ കാര്യം പോലും ബാങ്ക് നിക്ഷേപകരെ അറിയിച്ചില്ല. 25 വര്‍ഷം പിന്നിട്ടിട്ടും പദ്ധതിതുക ലഭിക്കാതെ നിക്ഷേപകര്‍ക്ക് ലഭിച്ചിട്ടില്ല. ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടിട്ടും നടപടിയുണ്ടായിട്ടില്ല. പദ്ധതിതുക നല്‍കിയാല്‍ ബാങ്ക് തകരുമെന്ന് സെക്രട്ടറി പറയുന്നു. തുടര്‍ന്ന് തങ്ങളുടെ പണം തിരിച്ചുകിട്ടാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് പട്ടികാട് സ്വദേശികള്‍

പതിനായിരം രൂപ വീതമാണ് 1996ല്‍ ബിന്ദു ബാബുവും സഹോദരി ബീലാ പീറ്ററും പട്ടികാട് സഹകരണ ബാങ്കില്‍ നിക്ഷേപിച്ചത്. ഇരുപത് വര്‍ഷം കഴിഞ്ഞ് രണ്ടര ലക്ഷം രൂപ വീതം തിരികെലഭിക്കുമെന്നായിരുന്നു വാഗ്ദാനം. സിപിഎം ഭരണസമിതി സെക്രട്ടറി പി കെ പ്രഭാകരന്‍ മംഗല്യപദ്ധതിയില്‍ ഒപ്പിട്ട് നിക്ഷേപരേഖയും കൈമാറി. ബെംഗളൂരുവിലേക്ക് താമസം മാറിയ ബിന്ദു അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മകളുടെ വിവാഹത്തിനായി തുക പിന്‍വലിക്കാന്‍ എത്തിയപ്പോള്‍ ബാങ്ക് കൈമലര്‍ത്തി. പരമാവധി അമ്പതിനായിരം രൂപയിലധികം നല്‍കാനാവില്ലെന്നായിരുന്നു മറുപടി. മംഗല്യനിധി പദ്ധതിക്ക് ഡയറക്ടര്‍ ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും അനുമതി ലഭിച്ചില്ലെന്നും ഇക്കാരണത്താല്‍ റദ്ദാക്കിയെന്നുമായിരുന്നു വിശദീകരണം.

ഓബുഡ്‌സ്മാന് പരാതി നല്‍കിയതോടെ കൂട്ടുപലിശയടക്കം മൂന്നര ലക്ഷം രൂപ രണ്ട് മാസത്തിനകം തിരികെ നല്‍കണമെന്ന് 2018ല്‍ ഉത്തരവുണ്ടായി. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടും ഒരു രൂപ പോലും ലഭിച്ചിട്ടില്ല. നീതി തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കുടുംബം. അനുമതിയില്ലാത്ത പദ്ധതിക്കായി നിരവധി പേരില്‍ നിന്ന് പതിനായിരങ്ങള്‍ വാങ്ങി നിക്ഷേപിച്ചതെന്തിനെന്നതും വ്യക്തമല്ല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!