
കൊച്ചി: വിവാദമായ പോൾ മുത്തൂറ്റ് വധക്കേസിൽ ഗുണ്ടാ നേതാവ് കാരി സതീഷിന്റെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി ശരിവച്ചു. എന്നാൽ മാരകായുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ചുവെന്ന കുറ്റം ഒഴിവാക്കി. കാരി സതീഷിന്റെ അപ്പീൽ തീർപ്പാക്കിക്കൊണ്ടാണ് ഡിവിഷൻ ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ രണ്ടാം പ്രതിയാണ് കാരി സതീഷ്. ഇയാൾക്കെതിരെ കൊലക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.
ആലപ്പുഴ - ചങ്ങനാശേരി റോഡിലെ പൊങ്ങ ജങ്ഷനിൽ 2009 ഓഗസ്റ്റ് 21 ന് അര്‍ധരാത്രിയാണ് പോൾ മുത്തൂറ്റ് എന്ന യുവ വ്യവസായി കൊല്ലപ്പെട്ടത്. ആലപ്പുഴയിലേക്ക് പോയ ഗുണ്ടാ സംഘം വഴിയിൽ വാഹനാപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിൽ പോളിനെ കുത്തിക്കൊലപ്പെടുത്തി എന്നാണ് കേസിൽ സിബിഐ കണ്ടെത്തൽ. പൊലീസ് അന്വേഷണത്തിനെതിരായ പരാതിയെ തുടര്‍ന്ന് 2010 ജനുവരിയിലാണ് കേസ് സിബിഐക്ക് വിട്ടത്. പോളിനൊപ്പം കാറിലുണ്ടായിരുന്ന ഗുണ്ടകര്‍ ഓം പ്രകാശിനെയും പുത്തൻപാലം രാജേഷിനെയും കേസിൽ മാപ്പുസാക്ഷികളാക്കിയിരുന്നു.
വര്‍ഷങ്ങളോളം നീണ്ട കോടതി നടപടികൾക്ക് ശേഷം കേസിലെ ഒൻപത് പ്രതികൾക്ക് ജീവപര്യന്തം തടവും മറ്റുള്ളവരെ മൂന്ന് വര്‍ഷം തടവിനും കോടതി ശിക്ഷിച്ചു. പിന്നീട് ഹൈക്കോടതിയിൽ കേസ് എത്തിയപ്പോൾ ആറ് പ്രതികളെ വെറുതെവിട്ടിരുന്നു. പോളിന്റെ കുടുംബം ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനിടയിലാണ് തന്റെ ജീവപര്യന്തം ശിക്ഷ കുറയ്ക്കണം എന്നാവശ്യപ്പെട്ട് കാരി സതീഷ് അപ്പീൽ ഹര്‍ജി സമര്‍പ്പിച്ചത്. ഇതിലാണ് ഇന്ന് വിധി വന്നത്.