കേരളാ പൊലീസ് വാടകയ്ക്കെടുത്ത പവൻ ഹാൻസ് ഹെലിക്കോപ്റ്റർ തിരുവനന്തപുരത്തെത്തി

By Web TeamFirst Published Apr 16, 2020, 12:40 PM IST
Highlights
രോഗികളെ എയർ ലിഫ്റ്റ് ചെയ്യാനുള്ള സംവിധാനമടക്കമുള്ള ഹെലികോപ്റ്ററിൽ ദില്ലിയിൽ നിന്നും മരുന്നും എത്തിച്ചിട്ടുണ്ട്. 
തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ,  കേരളാ പൊലീസ് വാടകയ്ക്കെടുത്ത ഹെലിക്കോപ്റ്റർ തിരുവനന്തപുരത്തെത്തി. പവൻ ഹാൻസിൻ്റെ ആദ്യ സംഘത്തിൽ രണ്ട് ക്യാപ്റ്റൻമാരും പവൻ ഹാൻസിൻ്റെ മൂന്നു എഞ്ചിനിയർമാരും എത്തിയിട്ടുണ്ട്. 11 പേർക്ക് യാത്ര ചെയ്യാൻ സൗകര്യമുള്ള ഇരട്ടഎഞ്ചിൻ ഹെലികോപ്റ്ററാണ് എത്തിയത്. രോഗികളെ എയർ ലിഫ്റ്റ് ചെയ്യാനുള്ള സംവിധാനമടക്കമുള്ള ഹെലികോപ്റ്ററിൽ ദില്ലിയിൽ നിന്നും മരുന്നും എത്തിച്ചിട്ടുണ്ട്.തിരുവനന്തപുരം ചാക്കയിലെ രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിലാണ് ഹെലികോപ്റ്ററുള്ളത്. കമ്പനിയുടെ ഓഫീസ് സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് നേരത്തെ വിവാദമായ ഹെലിക്കോപ്റ്റർ ഇടപാടിന് കൊവിഡ് 19 യെ തുടർന്നുളള സാമ്പത്തിക പ്രതിസന്ധിക്കിടെയും സർക്കാർ മുൻകൂർ പണം നൽകിയത് വലിയ വിവാദമായിരുന്നു. പ്രതിമാസം 20 മണിക്കൂർ പറത്താൻ ഒരു കോടി 44 ലക്ഷം രൂപ വാടകയ്ക്കാണ് പവൻഹാൻസ് കമ്പനിയ്ക്ക് കരാർ നൽകിയത്. ഇതിനെക്കാൾ കുറഞ്ഞ തുകയ്ക്ക് ഹെലിക്കോപ്റ്റർ വാടകയ്ക്ക് നൽകാൻ പല കമ്പനികളും തയ്യാറായിട്ടും ഇതേ കമ്പനിയുമായി കരാറിലെത്തിയതും പ്രതിപക്ഷമടക്കം ഉയർത്തിക്കാട്ടിയിരുന്നു. 

എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയും, ഹെലികോപ്റ്ററിനായി പൊലീസിന് പ്രത്യേകം പണം മാറ്റി വയ്ക്കാത്തും ധനവകുപ്പ് ചൂണ്ടികാട്ടിയതോടെ കരാർ ഒപ്പിടൽ അനിശ്ചിത്വത്തിലായി. ഒരു മാസത്തെ വാടകയെങ്കിലും മുൻകൂർനൽകണമെന്നായിരുന്നു പവൻ ഹൻസിൻെറ ആവശ്യം. ഇതേ തുടർന്ന് സാമ്പത്തിക പ്രതിസന്ധിക്കിടെ ബജറ്റിൽ പൊലീസിന് അനുവദിച്ച തുകയിൽ നിന്നും ഒന്നരക്കോടി രൂപ ട്രഷറയിൽ നിന്ന് കമ്പനിയുടെ അക്കൗണ്ടിലേക്ക് കൈമാറുകയായിരുന്നു. 

click me!