
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയന്‍ എന്നിവർ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ ഹർജി അവസാനിപ്പിക്കാൻ അനുമതി തേടി അഭിഭാഷകൻ ഹൈക്കോടതിയിൽ. പരാതിക്കാരനായ ഗിരീഷ് ബാബു നൽകിയ ഹർജിയാണ് അവസാനിപ്പിക്കാൻ അനുമതി തേടിയത്. ഹർജിയുമായി മുന്നോട്ട് പോകാൻ കുടുംബത്തിന് താല്പര്യം ഇല്ലെന്നു ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്ന് ഹൈക്കോടതി കേസ് മാറ്റുകയായിരുന്നു.
മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷൻ ഹർജിയിൽ നിന്നാണ് ഗിരീഷ് ബാബുവിന്റെ കുടുംബം പിന്മാറുന്നത്. ഹൈക്കോടതിയിലെ ഹർജിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം കോടതിയെ അറിയിക്കുകയായിരുന്നു. കേസിലെ ഹർജിക്കാരൻ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു കഴിഞ്ഞ ദിവസമാണ് അസുഖബാധിതനായി മരിച്ചത്. ഈ സാഹചര്യത്തിൽ ബന്ധുക്കളെ കക്ഷിചേരാൻ അനുവദിച്ച് വാദം കേൾക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹർജിയുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്നാണ് കുടുംബം വ്യക്തമാക്കുന്നത്.
മാസപ്പടി ആരോപണം വിജിലൻസ് അന്വേഷിക്കണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ തളളിയിരുന്നു. ഇത് ചോദ്യംചെയ്താണ് ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിക്കും മകള്‍ക്കും പുറമേ രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ രാഷ്ട്രീയ നേതാക്കൾക്കെതിരെയും അന്വേഷണം വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
മാസപ്പടി: ഗിരീഷ് ബാബുവിന്റെ കുടുംബം ഹർജിയിൽ നിന്ന് പിന്മാറുന്നു
അതേ സമയം, മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ വിജിലൻസിന് നേരിട്ട് പരാതി നൽകി. കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന പരാതി വിജിലൻസ് ഡയറക്ടർക്കാണ് കുഴൽനാടൻ നൽകിയത്. മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം ആവശ്യപ്പെടുന്ന പരാതിക്കൊപ്പം തെളിവുകളും കൈമാറിയിട്ടുണ്ടെന്നും പിവി എന്നാൽ പിണറായി വിജയനാണെന്ന് തെളിയിക്കുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam