
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സീറ്റിൽ സിപിഐയിൽ വൻ വിവാദം. മണ്ഡലത്തിൽ വ്യവസായിയായ മൻസിൽ ബക്കറിനെ സ്ഥാനാർത്ഥിയാക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നീക്കമാണ് 'പേയ്‌മെന്റ് സീറ്റ്' ആരോപണത്തിന് വഴിതുറന്നിരിക്കുന്നത്. നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പ്രാദേശിക നേതാക്കളും പ്രവർത്തകരും പരസ്യമായി രംഗത്തെത്തി. മണ്ണാർക്കാട് , അട്ടപ്പാടി മണ്ഡലം കമ്മറ്റികളിൽ പേമൻ്റ് സീറ്റാക്കാൻ അനുവദിക്കില്ലെന്ന നേതാക്കൾ പറഞ്ഞു.
മണ്ണാർക്കാട് സീറ്റ് ഒരു കാരണവശാലും വിൽക്കാൻ അനുവദിക്കില്ലെന്നും, പണം നൽകി സീറ്റ് വാങ്ങുന്ന രീതി പാർട്ടിയിൽ നടപ്പിലാക്കാൻ കഴിയില്ലെന്നും യോഗത്തിൽ നേതാക്കൾ തുറന്നടിച്ചു. പാർട്ടിക്കായി വർഷങ്ങളായി പ്രവർത്തിക്കുന്നവരെ അവഗണിച്ചുകൊണ്ട് പുറത്തുനിന്നുള്ള ഒരാളെ കെട്ടിയിറക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പകരം പ്രാദേശികമായി സ്വാധീനമുള്ള നേതാക്കളുടെ പേരുകൾ ഉയർന്നു വന്നു. സിപിഐ നേതാവ് പൊറ്റശ്ശേരി മണികണ്ഠൻ, ജില്ലാ പഞ്ചായത്ത് മെമ്പർ വി എം ലത്തീഫ് , ജില്ല സെക്രട്ടറി സുമലത മോഹൻദാസ് എന്നിവരുടെ പേരുകളാണ് യോഗത്തിൽ ഉയർന്നത്. പ്രാദേശിക വികാരം കണക്കിലെടുക്കാതെ മുന്നോട്ട് പോയാൽ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും പ്രവർത്തകർ നൽകുന്നു.
അതേ സമയം, തൃശൂര്‍ ജില്ലയിലെ സിപിഐ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയായി. റവന്യു മന്ത്രി കെ രാജൻ ഇത്തവണയും ഒല്ലൂരിൽ തന്നെ മത്സരിക്കും. തൃശൂര്‍ ജില്ലയിൽ അഞ്ചിടങ്ങളിലാണ് സിപിഐ മത്സരിക്കുന്നത്. കൊടുങ്ങല്ലൂരിൽ കെജി ശിവാനന്ദനും കൈപ്പമംഗലത്ത് കെകെ വത്സരാജും മത്സരിക്കും. നാട്ടികയിൽ സിസി മുകുന്ദനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് തീരുമാനം. തൃശൂര്‍ മണ്ഡലത്തിൽ വനിത സ്ഥാനാര്‍ത്ഥിയായിരിക്കും മത്സരിപ്പിക്കുക. സാറാമ്മ റോബ്സണും ഷീല വിജയകുമാറുമാണ് പരിഗണനയിലുള്ളത്. ഇവരല്ലെങ്കിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെയും പരിഗണിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam