
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട മാലിന്യ നീക്കത്തിൽ കോര്‍പ്പറേഷനും സര്‍ക്കാരും സിപിഎമ്മും തമ്മിലുള്ള പോര് തുടരുന്നതിനിടെ കോര്‍പ്പറേഷനിലെ പത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം. ഭരണസൗകര്യാര്‍ഥം പത്തു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ മാറ്റി നിയമിക്കുന്നുവെന്നാണ് ഉത്തരവിലുള്ളത്. തിരുവനന്തപുരം കോര്‍പ്പറേഷനിൽ ആറ്റുകാൽ പൊങ്കാലക്കുശേഷം മാലിന്യം മുഴുവൻ നീക്കിയില്ലെന്നു മന്ത്രി വി ശിവൻകുട്ടിയും സിപിഎമ്മും ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച പരിശോധന നടത്തി റിപ്പോര്‍ട്ട് നൽകാൻ ശിവൻകുട്ടി ഇന്നലെ ആര്‍ഡിഒയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് പത്തു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ മാറ്റികൊണ്ട് ഉത്തരവിറക്കിയത്.മാലിന്യം നീക്കാൻ സിപിഎം നേരിട്ടിറങ്ങുമെന്ന് ആക്റ്റിംഗ് ജില്ലാ സെക്രട്ടറി എ എ റഹീമും പറഞ്ഞിരുന്നു.
അതേസമയം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയത് ഭരണപരമായ ചില ക്രമീകരണങ്ങള്‍ക്കായാണെന്നും ആറ്റുകാൽ മാലിന്യ വിവാദവുമായി ബന്ധമില്ലെന്നും മേയർ വി.വി രാജേഷ് പറഞ്ഞു. തെരെഞ്ഞെടുപ്പിന് മുമ്പ് നടത്തേണ്ട ക്രമീകരണങ്ങൾ മാത്രമാണെന്നും ഉദ്യോഗസ്ഥർ മാലിന്യനീക്കത്തിൽ പൂർണമായും സഹകരിച്ചുവെന്നും വിവി രാജേഷ് പറഞ്ഞു.
മാലിന്യ നീക്ക വിവാദത്തിൽ മേയര്‍ വിവി രാജേഷിന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി രാവിലെ രംഗത്തെത്തിയിരുന്നു.കോർപ്പറേഷന് മുകളിലാണ് സർക്കാരെന്നും ഇടപെടേണ്ട കാര്യങ്ങളിൽ ഇടപെടുമെന്നും ശിവൻകുട്ടി പറഞ്ഞു. മന്ത്രി സ്വന്തം വകുപ്പ് നോക്കിയാൽ മതിയെന്ന് വിവി രാജേഷ് പറഞ്ഞിരുന്നു. പൊങ്കാല കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ശുചീകരണവുമായി ബന്ധപ്പെട്ട് സിപിഎം-ബിജെപി വാക്കുതർക്കം രൂക്ഷമാവുകയാണ്. ആറ്റുകാൽ ക്ഷേത്ര വളപ്പിലെ മാലിന്യം നീക്കുന്നതിന്‍റെ ഉത്തരവാദിത്തം ക്ഷേത്രം ട്രസ്റ്റിനെന്നായിരുന്നു മേയറുടെ വിശദീകരണം. എന്നാൽ രാത്രി ബിജെപി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിൽ ക്ഷേത്ര വളപ്പും വൃത്തിയാക്കി. ഇതിന് പിന്നാലെയാണ് സിപിഎം ജില്ലാ സെക്രട്ടറി എ എ റഹീമും മാലിന്യം നീക്കാത്ത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്
ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം പല സ്ഥലങ്ങളിലും മാലിന്യം കുന്നുകൂടി കിടക്കുന്നുണ്ടെന്നും എന്താണ് സംഭവിച്ചത് എന്നതിൽ അന്വേഷണത്തിന് നിർദ്ദേശം നൽകിയെന്നും ശിവൻകുട്ടി പ്രതികരിച്ചിരുന്നു. ചിലയാളുകൾ ഫോണിൽ വിളിച്ച് പരാതി പറഞ്ഞു. മാധ്യമങ്ങളിൽ വാർത്ത കണ്ടു. സർക്കാരിന് എല്ലാ ജോലിയും ചെയ്യാൻ ഉത്തരവാദിത്വമുണ്ട്. അക്കാര്യത്തിൽ തർക്കത്തിന് വരേണ്ട. ഏതെല്ലാം കാര്യങ്ങളിൽ ഇടപെടണമെന്ന് സർക്കാരിന് ബോധ്യം ഉണ്ട്. സർക്കാരിന്‍റെ തലയിൽ കെട്ടിവയ്ക്കാൻ ബോധപൂർവം ശ്രമം നടന്നിട്ടുണ്ടോ എന്ന് അറിയണമെന്നും മന്ത്രി പറഞ്ഞു.
നഗരത്തിലെ മാലിന്യ നീക്കം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ആറ്റുകാൽ കൗൺസിലർ ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇടറോഡുകളിലും ക്ഷേത്രപരിസരത്തും നിന്നും മാലിന്യം നീക്കിയില്ലെങ്കിൽ ഡിവൈഎഫ്ഐ ഇറങ്ങി വൃത്തിയാക്കുമെന്നാണ് വെല്ലുവിളി. എന്നാൽ, സിപിഎം രാഷ്ട്രീയം കളിക്കുന്നുവെന്നാണ് കോർപ്പറേഷന്‍റെ ആരോപണം. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ സ്ഥലം മാറ്റം മാലിന്യ നീക്കവുമായി ബന്ധപ്പെട്ട വിവാദത്തെതുടര്‍ന്നാണെന്നാണ് സിപിഎം ആരോപണം.
ഈഞ്ചക്കലിൽ നഗരസഭ മാലിന്യം നിക്ഷേപിച്ച സ്ഥലം സിപിഎം ആക്ടിങ് ജില്ലാ സെക്രട്ടറി എ എ റഹീം, മന്ത്രി ശിവൻകുട്ടി എന്നിവർ സന്ദര്‍ശിച്ചു. മാലിന്യം നീക്കിയില്ലെങ്കിൽ സിപിഎം സമരം ആരംഭിക്കുമെന്ന് എഎ റഹീം വ്യക്തമാക്കി. നഗരമധ്യത്തിൽ മാലിന്യം തള്ളുകയായിരുന്നു. അലക്ഷ്യവും അപകടകരമായി മാലിന്യം തള്ളി. നാട്ടുകാർക്ക് ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയിരിക്കുന്നു. ആറ്റുകാൽ ഭക്തരെ നഗരസഭ മറന്നു. രൂപരേഖ തയ്യാറാകാത്തെ ദില്ലിയിൽ ടൂർപോയി. ഒരു തയ്യാറെടുപ്പും ഉണ്ടായില്ല. നഗരസഭ അടിയന്തരമായി മാലിന്യം നീക്കം ചെയ്യണം. ജീവനക്കാരെ സ്ഥലം മാറ്റിയത് അംഗീകരിക്കാനാകില്ല.ജീവനക്കാർ എന്തു പിഴച്ചുവെന്നും റഹീം ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam