
മലപ്പുറം: സന്തോഷ് ട്രോഫിയില്‍ നിലവാരം കൊണ്ടും കാണികളുടെ എണ്ണം കൊണ്ടും അമ്പരപ്പിച്ച മലപ്പുറം പയ്യനാട് സ്റ്റേഡിയം കാടുമൂടി നശിക്കുന്നു. ഇരുപത് കോടി രൂപയുടെ വികസനപ്രവര്‍ത്തവനങ്ങള്‍ നടത്തുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും പ്രാഥമിക പരിപാലനം പോലും സന്തോഷ് ട്രോഫിക്ക് ശേഷം മൈതാനത്തില്‍ നടന്നിട്ടില്ല. സന്തോഷ് ട്രോഫി ഫൈനല്‍കാണാന്‍ ഇരമ്പിയെത്തിയ കാണികള്‍ക്ക് മന്ത്രിമാര്‍ നല്‍കിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു ഈ സ്റ്റേഡിയത്തിന്റെ വികസനം.
എന്നാല്‍ മൈതാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പരമ ദയനീയമാണ്. പുല്ല് നിറഞ്ഞിട്ട് നടക്കാന്‍ പോലും പറ്റാത്ത സ്ഥിതി. സൈഡ് ലൈനുകളൊന്നും കാണാനില്ല. കോര്‍ണര്‍ കിക്കെടുത്തുന്ന ഭാഗത്തും ഗോള്‍ പോസ്റ്റിന്റെ വശങ്ങളിലും മുട്ടറ്റം പുല്ലു വളര്‍ന്ന് ഇഴജന്തുക്കളുടെ കേന്ദ്രമായി. സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്ക് മുന്നോടിയായി ലക്ഷങ്ങള്‍ മുടക്കിയായിരുന്നു കാട് വെട്ടി നവീകരണവും അറ്റകുറ്റപ്പണികളും നടന്നത്. എന്നാല്‍ വീണ്ടും പഴയ അവസ്ഥയിലേക്ക് പോവുകയാണ്. വെറും വാദ്ഗാനങ്ങള്‍ക്ക് പകരം മൈതാനം പരിപാലിച്ച് കൂടുതല്‍ പ്രാധാന്യമുള്ള മത്സരങ്ങള്‍ നിരന്തരം പയ്യനാട് എത്തിക്കണമെന്ന് കാണികള്‍ ആവശ്യപ്പെടുന്നു.