
തിരുവനന്തപുരം: ഇ പി ജയരാജനെതിരെ പി ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾ സിപിഎമ്മിനെ പിടിച്ചുലയ്ക്കുന്നതിനിടെ പാർട്ടി പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ തുടങ്ങും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് യോഗം ചേരുന്നത്. ഇപി ജയരാജനെതിരെ അന്വേഷണം സംസ്ഥാനത്ത് തീരുമാനിക്കാം എന്ന് കേന്ദ്ര നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കേരളത്തിലെ വിഷയങ്ങളിൽ കാര്യമായ ചർച്ച പൊളിറ്റ് ബ്യൂറോയിലുണ്ടാവാനിടയില്ല. അന്വേഷണത്തോട് യോജിപ്പെന്ന സൂചനയാണ് കേന്ദ്രനേതൃത്വം നൽകുന്നത്. വിവാദം പാർട്ടിക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്. അന്വേഷണം വേണോയെന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാടും നിർണ്ണായകമാകും.
ഇപി ജയരാജനെിരെ പി ജയരാജൻ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ അന്വേഷണം സംസ്ഥാന നേതൃത്വത്തിന് തീരുമാനിക്കാം എന്നാണ് സിപിഎം കേന്ദ്ര നേതാക്കൾ ഇന്നലെ അറിയിച്ചത്. വിവാദത്തെ കുറിച്ച് സംസ്ഥാന സെക്രട്ടറിയിൽ നിന്നും കേന്ദ്ര നേതാക്കൾ വിവരങ്ങൾ തേടിയിരുന്നു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപെടൽ. സംസ്ഥാന സെക്രട്ടറിയോട് വിവരങ്ങൾ തേടിയ കേന്ദ്ര നേതൃത്വത്തിനും വിഷയത്തിന്‍റെ ഗൗരവം മനസ്സിലായിട്ടുണ്ട്. ഇപി കേന്ദ്ര കമ്മിറ്റി അംഗമായതിനാൽ കേന്ദ്ര നേതൃത്വത്തിന്‍റെ അനുമതിയോടെയേ അന്വേഷണം ഉണ്ടാകും. പരാതിയിൽ ഉറച്ചുനിൽക്കുന്ന പി ജയരാജൻ സംസ്ഥാന സമിതിയിൽ ഉയർത്തിയ കാര്യങ്ങൾ ഉടൻ രേഖാമൂലം പാർട്ടിക്ക് നൽകും.
പിബി അനുമതിയോടെ ഇപിക്കെതിരെ പാർട്ടി കമ്മീഷൻ അന്വേഷണം വരാനാണ് സാധ്യത. പാർട്ടി യോഗത്തിൽ മുതിർന്ന നേതാവിനെതിരെ മറ്റൊരു മുതിർന്ന നേതാവ് വലിയ പരാതി ഉന്നയിക്കുകയും പുറത്ത് മാധ്യമങ്ങളോട് അത് നിഷേധിക്കാതിരിക്കുകയും ചെയ്ത സ്ഥിതിയെ കാര്യമായി തന്നെ പാർട്ടി നേതാക്കൾ കാണുന്നു. തെറ്റ് തിരുത്തലിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പൂർണ്ണ പിന്തുണയോടെയാണ് പി ജയരാജന്‍റെ പരാതി എന്നാണ് സൂചനകൾ. എംവി ഗോവിന്ദനെ കേന്ദ്രീകരിച്ച് പാർട്ടിയിൽ പുതിയ സമവാക്യങ്ങൾ ഉണ്ടായി ഇപിയെ ലക്ഷ്യമിടുമ്പോൾ കത്തുന്ന വിവാദത്തിൽ ഇനി മുഖ്യമന്ത്രിയുടെ നിലപാടിലും ഉള്ളത് വലിയ ആകാംക്ഷ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam