ലണ്ടനിൽ പോയി മണിയടിച്ചത് കൊള്ളാം, പണം എങ്ങനെ തിരിച്ചടയ്ക്കും?; പിണറായിയോട് പിസി ജോര്‍ജ്ജ്

By Web TeamFirst Published May 28, 2019, 12:59 PM IST
Highlights

കേന്ദ്ര സര്‍ക്കാര്‍ നയങ്ങളോട് അനുകൂല നിലപാട് സ്വീകരിക്കാനുള്ള മാനസിക നില പിണറായി വിജയൻ സര്‍ക്കാരിന് ഉണ്ടായത് സന്തോഷം നൽകുന്ന കാര്യമാണെന്ന് പിസി ജോര്‍ജ്ജ് . 

തിരുവനന്തപുരം: മസാല ബോണ്ട് വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിനും എതിരെ വിമര്‍ശനവുമായി പിസി ജോര്‍ജ്ജ്. നവലിബറൽ സമീപനം രാജ്യത്തെ കുട്ടിച്ചോറാക്കുമെന്ന് പ്രസംഗിച്ച് നടന്നിരുന്നവര്‍ തന്നെ അതിന്‍റെ വക്താക്കളായി മാറിയതിൽ കൗതുകമുണ്ടെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നയങ്ങളോട് അനുകൂല നിലപാട് സ്വീകരിക്കാനുള്ള മാനസിക നില പിണറായി വിജയൻ സര്‍ക്കാരിന് ഉണ്ടായത് സന്തോഷം നൽകുന്ന കാര്യമാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. 

കേരളം കടക്കെണിയിലാണ്. തീരാ ബാധ്യതയുള്ള സംസ്ഥാനത്താണ് ഇത്തരം പദ്ധതികൾ കൊണ്ടുവരുന്നത്. ലണ്ടനിൽ പോയി മണിയടിച്ചതൊക്കെ കൊള്ളാം  പണം എങ്ങനെ തിരിച്ചടയ്ക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് പിസി ജോര്‍ജ്ജ് ചോദിച്ചു. നാട്ടിലെ വികസന പ്രവര്‍ത്തനങ്ങൾക്ക് കിഫ്ബിയെ ഒഴിവാക്കി ബജറ്റിൽ പണം വകയിരുത്തുന്നതാണ് നല്ലതെന്നും പിസി ജോര്‍ജ്ജ് മസാലാ ബോണ്ടിനെ കുറിച്ചുള്ള പ്രത്യേക ചര്‍ച്ചയിൽ പങ്കെടുത്ത് നിയമസഭയിൽ പറഞ്ഞു.

മസാല ബോണ്ടിലെ വ്യവസ്ഥകൾ ദുരൂഹമാണെന്നും സംസ്ഥാന സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതക്ക് ഇടയാക്കുമെന്നും അതുകൊണ്ട് വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നുമായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിൽ ആവശ്യപ്പെട്ടത്. കെഎസ് ശബരീനാഥൻ എംഎൽഎ നൽകിയ നോട്ടീസനുസരിച്ച് സഭയിൽ പ്രത്യേക ചര്‍ച്ച ആകാമെന്ന് സര്‍ക്കാര്‍ നിലപാടെടുക്കുകയായിരുന്നു. 

click me!