
തിരുവനന്തപുരം;മതവിദ്വേഷ പ്രസംഗം നടത്തിയ പി.സി.ജോർജ്ജിൻെറ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ഹർജിയിൽ ബുധാനാഴ്ച വിധി പറയും. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി-രണ്ടാണ് വിധി പറയുന്നത്. ജോർജ്ജിനെതിരെ വീണ്ടും കേസെടുക്കാൻ ഇടയാക്കിയ കൊച്ചി വെണ്ണലയിൽ നടത്തിയ പ്രസംഗത്തിൻെറ ഡിവിഡി കോടതി പരിശോധിച്ചു. ഒരു ഓണ്‍ലൈൻ ചാനലിൽ വന്ന പ്രസംഗത്തിന്‍റെ ദൃശ്യങ്ങളാണ് കോടതി പരിശോധിച്ചത്. ഈ ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനെ ജോർജ്ജിൻെറ അഭിഭാഷകൻ എതിർത്തു. തൊണ്ടികളായി സമർപ്പിച്ച സിഡികളാണെന്നും ഇതിൻെറ ആധികാരികത പരിശോധിക്കണമെന്നും ജോർജ്ജിൻെറ അഭിഭാഷകൻ ആവശ്യപ്പെട്ടു. പക്ഷെ കോടതി ഒരു ഡിവിഡി പരിശോധിച്ചു. നാല് ഡിവിഡികളാണ് കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നത്. വാദങ്ങള്‍ പൂർത്തിയാക്കിയ ശേഷം ബുധനാഴ്ച വിധി പറയാൻ കോടതി തീരുമാനിക്കുകയായിരുന്നു.
പിസി ജോര്‍ജിനായി തെരച്ചിൽ, ബന്ധുക്കളിൽ നിന്ന് വിവരങ്ങൾ തേടി, എവിടെയെന്ന് അറിയില്ലെന്ന് പൊലീസ്
പാലാരിവട്ടത്തെ വിദ്വേഷ പ്രസംഗത്തിൽ കേസിൽ ഒളിവിൽ കഴിയുന്ന പിസി ജോർജജിനായി കൊച്ചി പൊലീസ് അന്വേഷണം തുടരുന്നു. ഗണ്‍മാനിൽ നിന്നും അടുത്ത ബന്ധുക്കളിൽ നിന്നും പൊലീസ് വിവരങ്ങൾ തേടി. പിസി ജോർജ് എവിടെ എന്ന കാര്യത്തിൽ കൊച്ചി പൊലീസിന് ഇപ്പോഴും വ്യക്തതയില്ല. പി.സി ജോര്‍ജ്ജിന്‍റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ എത്തി പൊലീസ് തിരഞ്ഞിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.ജോർജിന്‍റെ ഗണ്മാനെയും അടുത്ത ബന്ധുക്കളെയും ചോദ്യം ചെയ്തെങ്കിലും വിവരങ്ങൾ കിട്ടിയിട്ടില്ല. വീട്ടിലെ സിസിടിവി പൊലീസ് പരിശോധിച്ചിരുന്നു.
എറണാകുളം വെണ്ണലയിലെ വിദ്വേഷപ്രസംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് ശ്രമം തുടങ്ങിയത്. മുൻജാമ്യാപേക്ഷ കോടതി തള്ളിയ വിവരമറിഞ്ഞതിനു പിന്നാലെയാണ് പിസി ജോര്‍ജ്ജ് ഒളിവിൽ പോയത്. എറണാകുളത്തിനും കോട്ടയത്തിനും പുറമേ തിരുവനന്തപുരമടക്കം പി.സി ജോര്‍ജ്ജ് പോകാൻ ഇടയുള്ള സ്ഥലങ്ങളില്‍ ഇന്നും തിരച്ചില്‍ തുടരുകയാണ്. ജാമ്യാപേക്ഷ തള്ളിയ എറണാകുളം ജില്ലാ സെഷൻസ് കോടതി ഉത്തരവിനെതിരെ പി സി ജോർജ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam