
തിരുവനന്തപുരം: പൂഞ്ഞാർ എംഎൽഎ പിസി ജോർജ്ജ് വീണ്ടും രാഷ്ട്രീയ പാർട്ടി ഉണ്ടാക്കുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമായതോടെ ഇപ്പോഴത്തെ പാർട്ടിയിൽ നിന്ന് നേതാക്കൾ പിന്മാറിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. കേരള ജനപക്ഷം പാർട്ടി പിരിച്ചുവിട്ട് പകരം കേരള ജനപക്ഷം സെക്യുലർ എന്ന പാർട്ടി രൂപീകരിക്കും. പാർട്ടിയിൽ പിസി ജോർജ്ജിന്റെ മകൻ ഷോൺ ജോർജ്ജ് ചെയർമാനാകും.
കേരള കോൺഗ്രസ്സിൽ നിന്നും ഇടഞ്ഞ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് പിസി ജോർജ്ജ് പൂഞ്ഞാറിൽ മത്സരിച്ചത്. 25000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു. ഇതിന് ശേഷം കേരള ജനപക്ഷം എന്ന പാർട്ടി അദ്ദേഹം രൂപീകരിച്ചെങ്കിലും ഇടതുമുന്നണിയോ വലതുമുന്നണിയോ അദ്ദേഹത്തെ ഒപ്പം നിർത്താൻ തയ്യാറായില്ല.
കേരള കോൺഗ്രസ് ചെയർമാൻ കെഎം മാണി അന്തരിച്ചതിന് തൊട്ടുപിന്നാലെ അദ്ദേഹം ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യവുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന് ശേഷമാണ് പുതിയ പാർട്ടിയുടെ രൂപീകരണത്തിന് ശ്രമങ്ങൾ ആരംഭിച്ചത്.
കേരള കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ കേരള സ്റ്റുഡന്റ്സ് കോൺഗ്രസിന്റെ ഭാഗമായി രാഷ്ട്രീയത്തിലെത്തിയ പിസി ജോർജ്ജ് ഇത് മൂന്നാം തവണയാണ് സ്വന്തമായി രാഷ്ട്രീയ പാർട്ടി ഉണ്ടാക്കുന്നത്. മുൻപ് കേരള കോൺഗ്രസിൽ നിന്ന് കെഎം മാണിയോട് ഇടഞ്ഞ് പിജെ ജോസഫിന് ഒപ്പം പോയ പിസി ജോർജ്ജ് പിന്നീട് കേരള കോൺഗ്രസ് സെക്യുലർ എന്ന പാർട്ടിക്ക് രൂപം കൊടുത്തിരുന്നു. ഇതിന് ശേഷം ഇടതുപക്ഷത്തോടൊപ്പം നിന്നായിരുന്നു പിസി ജോർജ്ജ് മുന്നോട്ട് പോയത്. ഈ പാർട്ടി പിന്നീട് കേരള കോൺഗ്രസ് മാണി വിഭാഗത്തിൽ ലയിച്ചതോടെ യുഡിഎഫ് മുന്നണിയിലേക്ക് എത്തി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് പിസി ജോർജ്ജിനെ കേരള കോൺഗ്രസ്സിൽ നിന്ന് പുറത്താക്കിയത്. ഇതിന് ശേഷം സ്വതന്ത്രനായി മത്സരിച്ച് ജയിച്ച പിസി ജോർജ്ജ് കേരള ജനപക്ഷം പാർട്ടിയെന്ന സ്വന്തം രാഷ്ട്രീയ കക്ഷിയെ ഉണ്ടാക്കി. ഇരുമുന്നണികളിലും ഇടംലഭിക്കാതെ വന്നതോടെ കേരള ജനപക്ഷം സെക്യുലർ എന്ന പുതിയ പാർട്ടിയുണ്ടാക്കി ബിജെപിക്ക് ഒപ്പം മുന്നോട്ട് പോകാനാണ് നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam