
പാലക്കാട്: പി.സി ജോർജിന്റെ പരാമർശത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം എൽ എ. പിസി ജോർജ് വർഗീയതയുടെ സന്തതസഹചാരിയെന്ന് പാലക്കാട് എം എൽ എ വിമർശിച്ചു.
പി സി ജോർജ് കേരളത്തിലെ നമ്പർ വൺ വർഗീയ വാദിയെന്ന് ഷാഫി വിമർശിച്ചു. കേരളത്തിലെ സാമൂഹിക സൗഹാർദ അന്തരീക്ഷത്തെ തകർക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നയാളാണ് പി സി ജോർജ്. പൊലീസിന്റെയും സർക്കാരിന്റെയും മൃദു സമീപനമാണ് പി സി ജോർജിന് പ്രോത്സാഹനമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രഗ്യാ സിംഗ് ഠാക്കൂർ, സാക്ഷി മഹാരാജ് എന്നിവരെ മോദി സംരക്ഷിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമാനമായ നിലയിൽ പി സി ജോർജിനെ കേരള സർക്കാരും സംരക്ഷിക്കുകയാണ്. പി സി ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിലടയ്ക്കണം.
കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കായി സ്ഥാപിച്ച കുറ്റികൾക്ക് കാവൽ നിൽക്കുമെന്ന കാനത്തിന്റെ പ്രസ്താവനയെയും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. സിപിഐയെയും അതിന്റെ സംസ്ഥാന സെക്രട്ടറിയായ കാനം രാജേന്ദ്രനെയും മുഖ്യമന്ത്രി പിണറായി വിജയൻ ചങ്ങലക്കിട്ടിരിക്കുകയാണ്. കാനം രാജേന്ദ്രന്റെ പ്രസ്താവന സി പി ഐക്ക് തന്നെ അപവാദമാണ്. സി പി എം തീവ്ര വലതുപക്ഷ പാർട്ടിയായി മാറിയെന്നും ഷാഫി കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam