ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും കൈയ്യടി വാങ്ങി പിസി ജോർജ്ജ് എംഎൽഎ

Web Desk   | Asianet News
Published : Aug 24, 2020, 02:39 PM ISTUpdated : Aug 24, 2020, 03:18 PM IST
ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും കൈയ്യടി വാങ്ങി പിസി ജോർജ്ജ് എംഎൽഎ

Synopsis

ഏത് കത്തിനും അതേ സമയത്ത് അതിന്റെ നടപടിക്രമം അനുസരിച്ച് മറുപടി തരുന്ന കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ്. ഒരു മടിയുമില്ല എനിക്കത് പറയാൻ

തിരുവനന്തപുരം: അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ ഭരണ പക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും കൈയ്യടി വാങ്ങി പൂഞ്ഞാർ എംഎൽഎ പിസി ജോർജ്ജ്. അവിശ്വാസ പ്രമേയത്തെയും മുഖ്യമന്ത്രി പിണറായി വിജയനും അനുകൂലമായി സംസാരിച്ചതാണ് ഇരു പക്ഷങ്ങൾക്കും സന്തോഷം ഉളവാക്കിയത്. പിണറായി വിജയൻ സർക്കാരിൽ വളരെയേറെ നന്മകളും വളരെയേറെ തിന്മകളും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പിസി ജോര്‍ജ്ജ് നിയമസഭയിൽ പറഞ്ഞത്: 

"1957 മുതലുള്ള സർക്കാരുകളെ നോക്കിയാൽ എല്ലാ ഗവൺമെന്റിലും നല്ലതും മോശതുമായ കാര്യങ്ങളുണ്ട്. അതേ പോലെ പിണറായി വിജയൻ സർക്കാരിലും വളരെയേറെ നന്മകളും തിന്മകളും ഉണ്ട്. തിന്മകളുണ്ടാവുമ്പോൾ അത് ജനങ്ങളുടെ മുന്നിൽ കൊണ്ടുവരാനും ഭരണാധികാരികളെ നേർവഴിക്ക് നടത്താനും ഉതകുന്നതാണ് അവിശ്വാസ പ്രമേയം. ആ നിലയ്ക്ക് യുഡിഎഫിന്റെ അവിശ്വാസ പ്രമേയം ന്യായവും യുക്തവുമാണ്. അതിനെ എതിർക്കുന്നത് തെറ്റാണ്." ഈ ഘട്ടത്തിലായിരുന്നു പ്രതിപക്ഷത്തിന്റെ കൈയ്യടി.

"എന്നുവെച്ച് ഞാൻ പ്രമേയത്തെ പിന്തുണക്കുകയാണെന്ന് തെറ്റിദ്ധരിക്കേണ്ട. 40 വർഷമായി ഞാൻ എംഎൽഎ പണി ചെയ്യുന്നു. എല്ലാ സർക്കാരുകൾക്കും ഞാൻ കത്ത് കൊടുത്തിട്ടുണ്ട്. പക്ഷെ ഏത് കത്തിനും അതേ സമയത്ത് അതിന്റെ നടപടിക്രമം അനുസരിച്ച് മറുപടി തരുന്ന കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ്. ഒരു മടിയുമില്ല എനിക്കത് പറയാൻ"  എന്ന് പറഞ്ഞപ്പോൾ ഭരണപക്ഷത്ത് നിന്നും കൈയ്യടി ഉയർന്നു.

"ഏറ്റവും കൂടുതൽ ഉപദേശകരെ വെച്ച മുഖ്യമന്ത്രി പിണറായിയാണ്. അദ്ദേഹത്തിന്റെ കഷ്ടകാലം തുടങ്ങിയത് ഇവിടെയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ ചിറ്റാറിൽ മത്തായിയെന്ന യുവാവിനെ കിണറ്റിലിട്ട് കൊന്നിട്ട് 21 ദിവസമായി. ഇതുവരെ മൃതദേഹം മറവു ചെയ്തിട്ടില്ല. ഉദ്യോഗസ്ഥരെ പ്രതിചേർത്ത് എഫ്ഐആർ ഇടാനുള്ള മര്യാദ സർക്കാർ കാണിക്കേണ്ടേ? അവസാനം സിബിഐ വന്നിട്ടുണ്ട്. അവർ റീ പോസ്റ്റ്‌മോർട്ടം ചെയ്യുമ്പോൾ ബാക്കി അറിയാം. മാന്യനായ പൊതുപ്രവർത്തകൻ മത്തായിയെ ഇതുപോലെ വനം വകുപ്പ് ഉദ്യോഗസ്ഥർ കൊന്നിട്ട് ആ കുടുംബത്തോട് ഒരു മര്യാദയും കാണിച്ചില്ല. കുടുംബത്തിന് നഷ്ടപരിഹാരം നൽകാനോ, അദ്ദേഹത്തിന്റെ ഭാര്യക്ക് ജോലി നൽകാനോ തയ്യാറായില്ല. ഇതൊക്കെ കേരളത്തിലെ ജനം കാണുന്നുണ്ട്."

"പരിശുദ്ധ ഖുറാനെ പിടിച്ച് അള്ളാഹുവിനെ ഓർത്ത് ജലീൽ സാഹിബേ നിങ്ങള് നടക്കരുത്. പരിശുദ്ധ ഖുറാൻ കേരളത്തിലുണ്ട്. ഖുറാനെന്ന പേരിൽ എത്തിച്ചത് മുഴുവൻ സ്വർണ്ണമായിരുന്നു. നുണ പറയരുത്. അന്താരാഷ്ട്ര വിമാനത്താവളം തിരുവിതാംകൂർ രാജവംശം നൽകിയ ഭൂമിയാണ്. അത് ഒരാൾക്കും വിട്ടുകൊടുക്കില്ല. നിലപാട് വളരെ വ്യക്തമാണ്. മുഖ്യമന്ത്രിയുടെ നിലപാടും വ്യക്തമാണ്. പക്ഷെ അദാനിയെന്ന ഭീമൻ വിമാനത്താവളം കൈയ്യടക്കാൻ വന്ന പോലെ തന്നെ വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി 2015 മെയ് മാസത്തിൽ വന്നു. ആ പദ്ധതി ഭീകരമാണ്. 2019 ൽ തീരേണ്ടതാണ്. എന്നാൽ മൂന്നിലൊന്ന് പോലും ഇതുവരെ പൂർത്തിയായിട്ടില്ല. ആ പദ്ധതിയുടെ പേരിൽ അദാനി ഇപ്പോഴും ഇവിടെ കിടന്ന് കറങ്ങുകയാണ്. ഏഴായിരം കോടിയുടെ പദ്ധതിയാണ്. വിമാനത്താവളം പോലെ തന്നെ പ്രധാനമാണ് വിഴിഞ്ഞം പദ്ധതിയും. അദാനിയെ അത് തിന്നാൻ അനുവദിക്കരുത്. ശക്തമായ നടപടി സ്വീകരിക്കണം. നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടി സ്വീകരിക്കണം" എന്നും അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊടി സുനിയടക്കം പ്രതികൾക്ക് ഡിഐജി സുഖസൗകര്യങ്ങളൊരുക്കി, അക്കൗണ്ടിലേക്ക് എത്തിയത് 75 ലക്ഷം; കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തി വിജിലൻസ്
നടിയെ ആക്രമിച്ച കേസ്: 'കോടതിയിൽ പറയാത്ത പലതും ചാനലുകളിൽ പറഞ്ഞു'; അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ദിലീപ്