ഇത് അസാധാരണ കാലത്തെ അസാധാരണ സഭാസമ്മേളനം

Web Desk   | Asianet News
Published : Aug 24, 2020, 02:02 PM ISTUpdated : Aug 24, 2020, 02:31 PM IST
ഇത് അസാധാരണ കാലത്തെ അസാധാരണ സഭാസമ്മേളനം

Synopsis

മുഖാവരണം ധരിച്ചെത്തിയ സാമാജികർ മുതൽ സാമൂഹിക അകലപാലനം ഉറപ്പു വരുത്തിയുള്ള ഇരിപ്പിട ക്രമീകരണം വരെ നീണ്ടു ഇന്നത്തെ സമ്മേളനത്തിലെ കൗതുകപ്പട്ടിക . രോഗ സാധ്യത കണക്കിലെടുത്ത്  അംഗത്തെ സമ്മേളനത്തിനിടെ നോട്ടീസ് നൽകി ക്വാറന്റീനിൽ അയക്കുന്ന നടപടിക്കും നിയമസഭ സാക്ഷ്യം വഹിച്ചു.

തിരുവനന്തപുരം: അസാധാരണ കാലത്ത് വിളിച്ചു ചേർത്ത അസാധാരണ നിയമസഭാ സമ്മേളനം ഒട്ടേറെ അപൂർവതകളുടെ കൂടി സമ്മേളന വേദിയായി. മുഖാവരണം ധരിച്ചെത്തിയ സാമാജികർ മുതൽ സാമൂഹിക അകലപാലനം ഉറപ്പു വരുത്തിയുള്ള ഇരിപ്പിട ക്രമീകരണം വരെ നീണ്ടു ഇന്നത്തെ സമ്മേളനത്തിലെ കൗതുകപ്പട്ടിക . രോഗ സാധ്യത കണക്കിലെടുത്ത്  അംഗത്തെ സമ്മേളനത്തിനിടെ നോട്ടീസ് നൽകി ക്വാറന്റീനിൽ അയക്കുന്ന നടപടിക്കും നിയമസഭ സാക്ഷ്യം വഹിച്ചു.

ആന്റിജൻ പരിശോധനയെന്ന കടമ്പ കടന്നാണ് പാളയത്തെ എം എൽ എ ഹോസ്റ്റലിൽ നിന്ന് ഭരണ പ്രതിപക്ഷ അംഗങ്ങൾക്ക് സഭാ കവാടം കടക്കാനായത്. ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷമാണ് തമ്മിൽ കണ്ടതെങ്കിലും ഹസ്തദാനത്തിനൊന്നും നിൽക്കാതെ സാമൂഹിക അകലം ഉറപ്പാക്കിയായിരുന്നു സാമാജികരുടെ സൗഹൃദം പുതുക്കൽ. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കമുള്ള അംഗങ്ങളെല്ലാം മുഖാവരണം ധരിച്ച് സഭയ്ക്കകത്ത് ഇരുന്നു. ഒരു ഇരിപ്പിടത്തിൽ  ഒന്നിച്ചിരുന്ന് ശീലിച്ച സാമാജികരെല്ലാം പക്ഷേ ഇന്ന് ഒരു കൈ അകലമിട്ട് ഒറ്റയ്ക്കിരിക്കേണ്ടി വന്നു. കൂടുതൽ ഇരിപ്പിടങ്ങളിട്ടായിരുന്നു സവിശേഷ സാഹചര്യത്തിലെ ക്രമീകരണം.  മുഖാവരണമുണ്ടായിരുന്നെങ്കിലും പ്രസംഗിക്കാനെഴുന്നേറ്റപ്പോഴെല്ലാം സാമാജികർ ഇത് മാറ്റി. അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി നൽകിയുള്ള  പ്രസംഗ നേരത്തും  മുഖ്യമന്ത്രി മുഖാവരണമുറപ്പാക്കി. പക്ഷേ വിമാനത്താവള വിവാദത്തിൽ സർക്കാരിന്റെ മുഖത്തടിക്കാൻ പ്രതിപക്ഷ നേതാവിറങ്ങിയപ്പോൾ    മുഖാവരണം ഒഴിവാക്കി തന്നെയാണ് പിണറായി പ്രതിരോധിക്കാൻ രം​ഗത്തെത്തിയത്.

ചർച്ച കൊഴുക്കുന്നതിനിടെ ക്വാറന്റിനിൽ പോകണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പള്ളിയ്ക്ക് സ്പീക്കറുടെ നോട്ടീസെത്തി. പിഎയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു നടപടി. ഇതോടെ പ്രതിപക്ഷ പ്രതിഷേധത്തിന്റെ മുൻനിരയിലുണ്ടായിരുന്ന കുന്നപ്പള്ളിക്ക് സഭ വിട്ടിറങ്ങേണ്ടിയും വന്നു. ആരോഗ്യ സ്ഥിതി മോശമായതിനാൽ ഭരണപക്ഷത്തു നിന്ന് വി.എസ്.അച്യുതാനന്ദനും, പ്രതിപക്ഷ നിരയിൽ നിന്ന് സി.എഫ്.തോമസും സമ്മേളനത്തിനെത്തിനായില്ല. മറ്റ് എം എൽ എ മാരെല്ലാം സമ്മേളനത്തിൽ സന്നിഹിതരാണ്. ഭരണ പ്രതിപക്ഷ ഏറ്റുമുട്ടൽ സഭയിൽ രൂക്ഷമാകുന്നതിനിടെ പൂ ഇറക്കുമതിക്ക് അനുമതി നിഷേധിച്ചതിനെതിരെ കാട്ടാക്കടയിലെ പൂ വ്യാപാരി നടത്തിയ ഒറ്റയാൾ പ്രതിഷേധത്തിനും സഭാ കവാടം സാക്ഷ്യം വഹിച്ചു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പതാക കൈമാറ്റം പാണക്കാട് നിന്ന് നടത്തിയില്ല, സമസ്ത ശതാബ്‌ദി സന്ദേശ യാത്ര തുടങ്ങും മുന്നേ കല്ലുകടി
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു