
കോട്ടയം: ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസനെതിരെ പി.സി.ജോർജ്. ബിഷപ്പിന്റെ പ്രസ്താവന കേട്ടപ്പോൾ ചിരി വന്നു. താൻ ഒരു പിതാവിനെയും നികൃഷ്ട ജീവി എന്ന് വിളിച്ചിട്ടില്ല. അങ്ങനെ വിളിച്ചവർക്ക് വേണ്ടിയുള്ള ജോലി ആരെങ്കിലും ഏറ്റെടുക്കുന്നുണ്ടെങ്കിൽ അത് അപമാനകരമാണ്. ബിഷപ്പിന്റെ പ്രസ്താവനയെ സഭയുടെ സെക്രട്ടറി തന്നെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ബിഷപ്പ് പറഞ്ഞത് സഭയുടെ അഭിപ്രായമല്ല എന്നും ഇടതുപക്ഷ അനുഭാവമുള്ളതിനാൽ പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ബിഷപ്പിനെ ഉൾപ്പെടെ നികൃഷ്ട ജീവി എന്നാണ് പിണറായി വിജയൻ വിശേഷിപ്പിച്ചിട്ടുള്ളത് എന്ന് ഓർക്കുന്നത് നന്നായിരിക്കുമെന്നും പി.സി.ജോർജ് പറഞ്ഞു.
'ജോർജ് ക്രൈസ്തവരുടെ പ്രതിനിധിയല്ല'
പി.സി.ജോർജിനെ ക്രൈസ്തവരുടെ പ്രതിനിധിയായി കാണാനാകില്ലെന്ന് ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് പറഞ്ഞു. ക്രിസ്ത്യാനികളുടെ കാര്യം നോക്കാൻ ജോർജിനെ ഏൽപ്പിച്ചിട്ടില്ല. ജോർജ് ക്രിസ്ത്യാനികളുടെ ചാമ്പ്യനാകേണ്ട. കോൺഗ്രസും ഇടതുപക്ഷവും എടുക്കാത്തത് കൊണ്ട് ബിജെപിയിൽ പോകാതെ ജോർജിന് നിവൃത്തിയില്ലെന്നും തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് പറഞ്ഞു.
അതേസമയം പി.സി.ജോർജിനെതിരായ (PC George) തൃശ്ശൂര്‍ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തോസിന്‍റെ പ്രസ്താവന വ്യക്തിപരമെന്ന് ഓര്‍ത്തഡോക്സ് സഭ. ബിഷപ്പ് മാര്‍ മിലിത്തോസ് പറഞ്ഞത് സഭയുടെ ഔദ്യോഗിക നിലപാടല്ലെന്നും സഭ വിശദീകരിച്ചു.
'ഇത്ര വിവരമില്ലാത്തവരാണോ പൊലീസുകാർ'
ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത വിദ്വേഷ പ്രസംഗ കേസിൽ ഇന്നലെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത് ഗൂഢാലോചനയുടെ ഭാഗമെന്ന് പി.സി.ജോർജ്. തലേദിവസത്തെ ചാനൽ ചർച്ചയിൽ പങ്കെടുത്ത സിപിഎം പ്രതിനിധി തൃക്കാക്കരയിൽ താൻ എത്താതിരിക്കാൻ വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ശനിയാഴ്ച നാല് നോട്ടീസാണ് പൊലീസ് നൽകിയത്. വിശ്വാസിയായ തനിക്ക് ഞായറാഴ്ച പള്ളിയിൽ പോകണമെന്ന് അറിയാത്തവരാണോ പൊലീസുകാർ. അന്വേഷണ ഉദ്യോഗസ്ഥന് ഇത്ര വിവരമില്ലേ.
തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാനുള്ള ആരോഗ്യപരമായ ബുദ്ധിമുട്ട് മകൻ മുഖേന അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചു. ഒടുവിൽ ഹെലികോപ്റ്ററിൽ പോകാൻ തീരുമാനിച്ചെങ്കിലും എത്തേണ്ട സമയം സംബന്ധിച്ച ചോദ്യത്തിന് കൃത്യമായ മറുപടി പൊലീസിൽ നിന്ന് കിട്ടിയില്ലെന്നും പി.സി.ജോർജ് പറഞ്ഞു. ഈ നിമിഷം വരെ പൊലീസുകാരൻ മറുപടി നൽകിയിട്ടില്ല. ജനപക്ഷം നേതാവ് കൂടിയായ താൻ തൃക്കാക്കരയിൽ എത്താതിരിക്കുക എന്നത് മാത്രമായിരുന്നു നോട്ടീസിന്റെ ഉദ്ദേശ്യമെന്നും പി.സി.ജോർജ് പറഞ്ഞു.