
തിരുവനന്തപുരം: ജനപക്ഷം നേതാവ് പി സി ജോർജ് ബിജെപിയിലേക്ക്. കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്താൻ ഇന്ന് പി സി ദില്ലിക്ക് തിരിക്കും. ഇന്ന് ഉച്ചകഴിഞ്ഞാണ് ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പി സി ജോർജ് സംഘടനയിൽ അംഗത്വം എടുക്കണമെന്ന നിലപാടിലാണ് ബിജെപി. അതേ സമയം, മുന്നണി എന്ന നിലയിൽ സഹകരിക്കണോ ജനപക്ഷം പിരിച്ചു വിട്ട് ബിജെപിയിൽ ചേരണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് ജോർജ് വ്യക്തമാക്കി.
എല്‍ഡിഎഫും യുഡിഎഫും അടുപ്പിക്കാതെ വന്നതോടെ ഏറെ നാളായി ബിജെപിയോട് ഒട്ടി നിന്നായിരുന്നു പിസി ജോര്‍ജിന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനം. ജനപക്ഷം പാര്‍ട്ടിയെ എന്‍ഡിഎ ഘടകകക്ഷിയാക്കി പത്തനംതിട്ട ലോക്സഭ സീറ്റില്‍ സ്ഥാനാര്‍ഥിയാവുകയായിരുന്നു ജോര്‍ജിന്‍റെ ലക്ഷ്യം. പലകുറി സംസ്ഥാന ബിജെപി നേതാക്കളുമായി ജോര്‍ജ് ചര്‍ച്ചയും നടത്തി. എന്നാല്‍ ഘടകകക്ഷിയായി മുന്നണിയില്‍ എടുത്താല്‍ ജോര്‍ജ് കൂറുമാറുമോ എന്ന ആശങ്ക സംസ്ഥാന ബിജെപി നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.
കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുളള നേതാക്കള്‍ ഘടകകക്ഷിയായി ജോര്‍ജിനെ മുന്നണിയിലെടുക്കരുത് എന്ന് കട്ടായം പറഞ്ഞു. ഇതോടെ പാര്‍ട്ടി അംഗത്വം എടുത്താല്‍ സഹകരിപ്പിക്കാം എന്ന നിര്‍ദേശം കേന്ദ്ര ബിജെപി നേതൃത്വം മുന്നോട്ട് വച്ചു. ഗത്യന്തരമില്ലാതെ ഈ നിര്‍ദേശം അംഗീകരിക്കാന്‍ ജോര്‍ജ് നിര്‍ബന്ധിതനായി. മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജ് ഉള്‍പ്പെടെ ജോര്‍ജിന്‍റെ ജനപക്ഷം പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരൊന്നാകെ ബിജെപിയിലെത്തും. പുതിയ സാഹചര്യത്തില്‍ പത്തനംതിട്ട ലോക്സഭ മണ്ഡലത്തില്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ഥിയായി എത്താനാണ് സാധ്യത.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam