
കോട്ടയം: യുഡിഎഫിനൊപ്പം നിൽക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് പിസി ജോര്‍ജ്ജ്. യുഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന ആഗ്രഹം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും അറിയിച്ചിട്ടുണ്ടെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു. പാലായും പൂഞ്ഞാറും അടക്കം അഞ്ചിടത്ത് മത്സരിക്കുമെന്നും പിസി ജോര്‍ജ്ജ് പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് മുന്നണിയിൽ കയറിക്കൂടാനുള്ള പരിശ്രമങ്ങളാണ് പിസി ജോര്‍ജ്ജ് നടത്തുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് അത്തരം ഒരു നീക്കം നടത്തിയിരുന്നെങ്കിലും ഉമ്മൻചാണ്ടി അടക്കം മുതിര്‍ന്ന നേതാക്കളുടെ എതിര്‍പ്പ് കാരണം അത് യാഥാര്‍ത്ഥ്യമായില്ല. അതിന് ശേഷമാണ് പൂഞ്ഞാര്‍ ഡിവിഷനിൽ നിന്ന് മകൻ ഷോൺ ജോര്‍ജ്ജിന്റെ വിജയം കൂടി മുൻ നിര്‍ത്തി മുന്നണി പ്രവേശത്തിനുള്ള അടുത്ത നീക്കം.
സോളാര്‍ കേസ് വഴി തിരിച്ച് വിട്ടതിൽ പിസി ജോര്‍ജ്ജിന് വലിയ പങ്കുണ്ടെന്ന് വിശ്വസിക്കുന്ന ഉമ്മൻചാണ്ടി ഈ ആവശ്യത്തോട് മനസ് തുറന്നിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ നിന്ന് മുന്നണികളെ ഞെട്ടിച്ച് ജയിച്ച് കയറിയ പിസി ജോര്‍ജ്ജ് പക്ഷെ ഇത്തവണ അത്ര സുരക്ഷിത അവസ്ഥയിലല്ലെന്നാണ് വിലയിരുത്തുന്നത്. ഇടക്ക് എൻഡിഎയുമായി സഖ്യമുണ്ടാക്കിയെങ്കിലും അതും തെറ്റിപ്പിരിഞ്ഞു.
ഇതിനിടെ പിസി ജോര്‍ജ്ജിനെ പിജെ ജോസഫിന്‍റെ പാര്‍ട്ടിയിൽ ലയിപ്പിച്ച് കൂടെ നിര്‍ത്താൻ ചില യുഡിഎഫ് നേതാക്കൾ ശ്രമിച്ചിരുന്നു. പിജെ ജോസഫിന് എതിര്‍പ്പില്ലെങ്കിലും ചില കേരളാ കോൺഗ്രസ് നേതാക്കൾക്ക് പിസി ജോര്‍ജ്ജിനെ അംഗീകരിച്ച് മുന്നോട്ട് പോകാൻ മടിയുണ്ട്.അതുകൊണ്ട് അതും പ്രായോഗികമായിട്ടില്ല
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam