
ആലപ്പുഴ: അമിതവേഗതയിലെത്തിയ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട കാർ സമീപത്തായി റോഡരിൽ പാർക്ക് ചെയ്ത സ്കൂട്ടറലിടിച്ച് പൂർണമായും സ്കൂട്ടർ കത്തിനശിച്ചു. പലചരക്ക് കടമുയടമയും ആലപ്പുഴ കളർകോട് സനാതനപുരം ഉമാശ്ശേരിയിൽ ജോഷി തോമസ് (ജോൺ തോമസ്-62) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ടാക്സി ഡ്രൈവർ തിരുവനന്തപുരം കരമന വയൽമടമ്പിൽ വീട്ടിൽ ശരത് (35) ആശുപത്രിയിൽ ചികിത്സയിലാണ്. കളർകോട് പുല്ലൂരിക്കൽ സന്ദീപിന്‍റെ സ്കൂട്ടറാണ് കത്തിനശിച്ചത്.
ഇന്ന് പുലർച്ച 5.45ന് കൈതവന സ്വാമി ജങ്ഷനിലായിരുന്നു അപകടം. ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് എറണാകുളത്തേക്ക് പോയ ഊബർ ടാക്സിയാണ് അപകടമുണ്ടാക്കിയത്. വീട്ടിൽനിന്ന് സ്കൂട്ടറിൽ കടയിലേക്ക് പാൽ എടുക്കാനും പ്രഭാതസവാരിക്കായും ഇറങ്ങിയജോഷിയെ അമിതവേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. സുഹൃത്ത് സന്ദീപും ചേർന്നാണ് പതിവായി പ്രഭാതസവാരി നടത്തുന്നത്. ഇന്ന് സന്ദീപ് അൽപം വൈകിയതോടെ നടപ്പാതയിലൂടെ നടന്നുതുടങ്ങിയപ്പോഴാണ് കാറിടിച്ചത്. ഈസമയം സ്കൂട്ടിൽ സന്ദീപും സ്ഥലത്ത് എത്തിയിരുന്നു. ജോഷിയെ ഇടിച്ചതിന് പിന്നാലെ സന്ദീപിന്റെ സ്കൂട്ടറിലും തട്ടി തീപിടിപ്പിച്ചശേഷം ഫുട്പാത്തിന്റെ കമ്പിയിൽ തട്ടി സമീപത്തെ ഡിവൈഡറിൽ ഇടിച്ചാണ് കാർ നിന്നത്. പൂർണമായും കത്തിയ സ്കൂട്ടറിലെ തീ അഗ്നിരക്ഷാസേനയെത്തിയാണ് കെടുത്തിയത്.
ഇടിയുടെ ആഘാതത്തിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കെഎൽ 04 എപി 0322 സ്കൂട്ടറാണ് കത്തിനശിച്ചത്. സ്കൂട്ടറിൽ സൂക്ഷിച്ച 4000 രൂപയും രണ്ട് എടിഎം, പാൻ കാർഡുകളും അഗ്നിക്കിരയായി. അഗ്നിരക്ഷാസേനയെത്തി തീയണച്ച ശേഷം ആംബുലൻസിൽ ജോഷിയെയും ശരത്തിനെയും ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ടാക്സി ഡ്രൈവർ ഉറങ്ങിപ്പോയതാണെന്ന് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കെഎൽ 01 ഡിഎൽ 5704 ഊബർ ടാക്സിയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇൻക്വിസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വീടിനുസമീപം പലചരക്ക് നടത്തുകയായിരുന്നു ജോഷി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam