എറണാകുളത്ത് അതിതീവ്ര കൊവിഡ് വ്യാപനം: കൊച്ചിയിലെ പ്രമുഖ കോളേജുകളടക്കം ക്ലസ്റ്ററുകൾ

By Asianet MalayalamFirst Published Jan 18, 2022, 1:59 PM IST
Highlights

മധ്യകേരളത്തിൽ പ്രധാനമായും എറണാകുളം ജില്ലയിൽ പിടിവിട്ട് കുതിക്കുകയാണ് കൊവിഡ്. ജില്ലയിൽ നിലവിലുള്ളത് 22 കൊവിഡ് ക്ലസ്റ്ററുകൾ. ഇതിൽ 11 ഉം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ. 

കൊച്ചി:  മധ്യകേരളത്തിൽ കൊവിഡ് വ്യാപനം അതിരൂക്ഷം. എറണാകുളം ജില്ലയിൽ 22 കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടു. കളമശ്ശേരി മെഡിക്കൽ കോളേജിൽ 13 ഡോക്ടർമാരടക്കം 23 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വ്യാപനം രൂക്ഷമായ ഇടങ്ങളിൽ അടിയന്തിരമായി CFLTCകൾ തുറക്കാനാണ് ജില്ലഭരണകൂടങ്ങളുടെ തീരുമാനം.

മധ്യകേരളത്തിൽ പ്രധാനമായും എറണാകുളം ജില്ലയിൽ പിടിവിട്ട് കുതിക്കുകയാണ് കൊവിഡ്. ജില്ലയിൽ നിലവിലുള്ളത് 22 കൊവിഡ് ക്ലസ്റ്ററുകൾ. ഇതിൽ 11 ഉം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ. കൊച്ചി നഗരത്തിലെ പ്രമുഖ കോളേജുകളിലും ക്ലസ്റ്ററുകളാണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ 23 പേർക്ക് കൊവിഡ് സ്ഥിരീകിച്ചു.  സൂപ്രണ്ട് അടക്കം 13 ‍ഡോക്ടർമാർക്കും 10 മെഡിക്കൽ വിദ്യാ‍ർത്ഥികൾക്കുമാണ് രോഗബാധ. പെരുന്പാവൂർ പൊലീസ് സ്റ്റേഷനിൽ എസ്എച്ച്ഒയും എസ്ഐയും ഉൾപ്പെടെ 16 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ 50 പൊലീസുകാർ രോഗബാധിതരാണ്.

വ്യാപനം രൂക്ഷമായ പിറവം, മൂവാറ്റുപുഴ, കോതമംഗലം, പറവൂർ, പള്ളുരുത്തി എന്നിവിടങ്ങളിൽ അടിയന്തിരമായി സിഎഫ്എൽടിസികൾ തുറക്കും. മന്ത്രി പി.രാജീവിന്‍റെ നേതൃത്വത്തിൽ ചേർന്ന ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപന പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം.

തൃശൂർ, ആലപ്പുഴ ജില്ലകളിലും സ്ഥിതി വിഭിന്നമല്ല. ഗവ.എഞ്ചിനീയറിംഗ് കോളേജ് ഉൾപ്പെടെ 13 ഇടങ്ങളിലാണ് തൃശൂരിൽ ക്ലസ്റ്ററുകൾ. ആലപ്പുഴയിലും രോഗബാധിതരുടെ എണ്ണം കൂടുന്നു. അഞ്ചു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്ലസ്റ്ററുകളായി. ഇതിന്‍റെ അടിസ്ഥാനത്തിൽ ഉടൻ സിഎഫ്എൽടിസികൾ തുറക്കാൻ ജില്ലഭരണകൂടം തീരുമാനിച്ചു.

click me!