പെഗാസസ് കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ; കേന്ദ്രം ഇന്ന് നിലപാടറിയിക്കും

By Web TeamFirst Published Aug 10, 2021, 7:06 AM IST
Highlights

വിവരങ്ങൾ സീൽവെച്ച കവറിൽ കോടതിയെ അറിയിക്കാനാകും സര്‍ക്കാര്‍ ശ്രമിക്കുക എന്ന സൂചനയുണ്ട്. ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുക. എഡിറ്റേഴ്സ് ഗിൽഡിന്‍റെയടക്കം പത്ത് ഹര്‍ജികളാണ് കോടതിക്ക് മുൻപിൽ ഉള്ളത്.

ദില്ലി: പെഗാസസ് ഫോണ്‍ നിരീക്ഷണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളിൽ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ നിലപാട് അറിയിക്കും. പുറത്തുവന്ന മാധ്യമ വെളിപ്പെടുത്തലുകൾക്ക് അപ്പുറത്ത് എന്ത് തെളിവാണ് ഈ കേസിൽ ഉള്ളതെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി ചോദിച്ചിരുന്നു. വെളിപ്പെടുത്തലുകൾ സത്യമെങ്കിൽ അത് ഗൗരവമുള്ളതാണെന്നും കോടതി പറഞ്ഞിരുന്നു.

വിവരങ്ങൾ സീൽവെച്ച കവറിൽ കോടതിയെ അറിയിക്കാനാകും സര്‍ക്കാര്‍ ശ്രമിക്കുക എന്ന സൂചനയുണ്ട്. ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുക. എഡിറ്റേഴ്സ് ഗിൽഡിന്‍റെയടക്കം പത്ത് ഹര്‍ജികളാണ് കോടതിക്ക് മുൻപിൽ ഉള്ളത്.

രാഷ്ട്രീയവും നിയമപരവുമായി വെല്ലുവിളികളാണ് പെഗാസസിൽ കേന്ദ്ര സര്‍ക്കാര്‍ നേരിടുന്നത്. പെഗാസസ് ഒരു കെട്ടുകഥ മാത്രമെന്ന പാര്‍ലമെന്‍റിലെ നിലപാട് സര്‍ക്കാരിന് സുപ്രീംകോടതിയിൽ ആവര്‍ത്തിക്കാനാകില്ല. പെഗാസസ് സ്പൈവെയര്‍ വാങ്ങിയോ? ഉപയോഗിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എന്തിന് തുടങ്ങിയ കാര്യങ്ങൾ വിശദമാക്കേണ്ടിവരും. 

സുപ്രീംകോടതി മുൻ ജഡ്ജിയുടെ പേരും പെഗാസസ് പട്ടികയിൽ ഉണ്ടെന്ന വെളിപ്പെടുത്തൽ സര്‍ക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നു. 

റഫാൽ യുദ്ധ വിമാന ഇടപാടിലെ അഴിമതി ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വന്നപ്പോൾ രാജ്യത്തിന്‍റെ സുരക്ഷ കണക്കിലെടുത്ത് യുദ്ധവിമാനത്തിന്‍റെ വില വെളിപ്പെടുത്താനാകില്ല എന്നായിരുന്നു സര്‍ക്കാർ നിലപാട്. വില അറിഞ്ഞേ തീരു എന്ന് സുപ്രീംകോടതി പറഞ്ഞതോടെ സീൽവെച്ചകവറിൽ വിവരങ്ങൾ നൽകി. ആ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. അതേ തന്ത്രം ഒരുപക്ഷെ പെഗാസസിലും സര്‍ക്കാര്‍ ആവര്‍ത്തിച്ചേക്കും.

click me!