
ബെംഗളൂരു: പെഗാസസ് (Pegasus) സോഫ്റ്റ്‍വെയറുമായി ഇസ്രയേൽ കമ്പനി ചന്ദ്രബാബു നായിഡു സർക്കാരിനെ സമീപിച്ചിരുന്നതായി വെളിപ്പെടുത്തൽ. മുന്‍ ഇന്‍റലിജന്‍സ് മേധാവി വെങ്കിടേശ്വര്‍ റാവുവാണ് എൻഎസ്ഒ ഗ്രൂപ്പ് സംസ്ഥാനങ്ങളെയും ചാര സോഫ്റ്റ്‍വെയറുമായി സമീപിച്ചുവെന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ചര്‍ച്ചകള്‍ നടന്നെങ്കിലും അവസാന നിമിഷം പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്ന് വെങ്കിടേശ്വര്‍ റാവു പറഞ്ഞു. പെഗാസസ് ഉപയോഗിച്ചിരുന്നോ എന്ന് അന്വേഷിക്കാന്‍ ആന്ധ്രാ സര്‍ക്കാര്‍ വിദഗ്ധരടങ്ങിയ കമ്മിറ്റിയെ ചുമതലപ്പെടുത്തി.
ഇസ്രായേല്‍ കമ്പനിയായ എന്‍എസ്ഒ 2014 മുതല്‍ 2019 വരെ നിരവധി തവണ ചന്ദ്രബാബു നായിഡു സര്‍ക്കാരിനെ സമീപ്പിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. പെഗാസസ് വില്‍പ്പനയ്ക്കായി താല്‍പ്പര്യം അറിയിച്ചു. മുഖ്യമന്ത്രിയുടെ അറിവോടെ ചര്‍ച്ചകള്‍ നടന്നു. എന്നാല്‍ സുരക്ഷാപ്രശ്നങ്ങള്‍ കണക്കിലെടുത്ത് അവസാന നിമിഷം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
ജഗ്ഗന്‍മോഹന്‍ റെഡ്ഢി അടക്കമുള്ള വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാക്കളുടെയും വോട്ടര്‍മാരുടെയും വിവരങ്ങള്‍ ടി ഡി പി ചോര്‍ത്തിയെന്ന ആരോപണങ്ങള്‍ക്കിടെയാണ് മുന്‍ ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തല്‍. അഞ്ച് കോടി ജനങ്ങളുടെ വിവരങ്ങളും മുതിര്‍ന്ന നേതാക്കളുടെ ഫോണുകളും പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയെന്ന് വൈ എസ് ആര്‍ കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. പുതിയ വെളിപ്പെത്തലിന്‍റെ കൂടി പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണത്തിന് ജഗന്‍മോഹന്‍ റെഡ്ഢി സര്‍ക്കാര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി.
ഇസ്രായേല്‍ കമ്പനിയുമായി ചര്‍ച്ച നടന്നോയെന്നും വിവരങ്ങള്‍ ചോര്‍ത്തിയോ എന്നും കണ്ടെത്താനാണ് വിദഗ്ധരടങ്ങിയ സമിതിക്കുള്ള നിര്‍ദേശം. പെഗാസസ് വാങ്ങാനുള്ള വാഗ്ദാനം ലഭിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി നേരത്തെ മമതാ ബാനര്‍ജി രംഗത്തെത്തിയിരുന്നു. 25 കോടിയാണ് ഇസ്രായേല്‍ കമ്പനി ആവശ്യപ്പെട്ടതെന്നും ഇത്തരം രാഷ്ട്രീയ നീക്കങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്തതിനാല്‍ അംഗീകരിച്ചില്ലെന്നും മമത വ്യക്തമാക്കിയിരുന്നു. എൻ എസ് ഒയുടെ ചോർന്ന ഡാറ്റാബേസിൽ ഇന്ത്യയിൽ നിന്നുള്ള 300 ഫോണുകൾ ടാർഗെറ്റുകളുടെ സാധ്യത പട്ടികയിലുണ്ടെന്ന റിപ്പോർട്ട് 2019 ൽ പുറത്തുവന്നിരുന്നു. സുപ്രീം കോടതി ജഡ്ജിമാർ, മന്ത്രിമാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവര്‍ പട്ടികയിലുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ കേന്ദ്രം തള്ളിയിരുന്നു. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് പുതിയ വെളിപ്പെടുത്തല്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam