കൊവിഡ് പ്രതിസന്ധിയില്‍ കുരുങ്ങി സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങളും

By Web TeamFirst Published Aug 12, 2020, 9:41 AM IST
Highlights

കൊവിഡ് വ്യാപനം രൂക്ഷമായതോടെ മാര്‍ച്ച് പകുതി മുതല്‍ മെയ് മൂന്ന്‌വരെ എജിസ് ഓഫീസ് അടഞ്ഞ് കിടന്നതും ഇപ്പോള്‍ ജീവനക്കാരുടെ എണ്ണത്തിന് നിയന്ത്രണങ്ങള്‍ ഉള്ളതുമാണ് പെന്‍ഷന്‍ അപേക്ഷകള്‍ കെട്ടിക്കിടക്കാന്‍ കാരണം.
 

കോഴിക്കോട്: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഈ വര്‍ഷം വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വിരമിച്ച പതിനൊന്നായിരത്തിലേറെ പേരുടെ പെന്‍ഷന്‍ അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയതാണ് പ്രതിസന്ധിക്കു കാരണം.

പതിനൊന്നായിരത്തിലധികം പേരാണ് പെന്‍ഷന്‍ ആനുകൂല്യം മുടങ്ങിയതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ മാര്‍ച്ച് പകുതി മുതല്‍ മെയ് മൂന്ന്‌വരെ എജിസ് ഓഫീസ് അടഞ്ഞ് കിടന്നതും ഇപ്പോള്‍ ജീവനക്കാരുടെ എണ്ണത്തിന് നിയന്ത്രണങ്ങള്‍ ഉള്ളതുമാണ് പെന്‍ഷന്‍ അപേക്ഷകള്‍ കെട്ടിക്കിടക്കാന്‍ കാരണം. പ്രിസം സോഫ്റ്റ് വെയറിലൂടെ ഓണ്‍ലൈനായാണ് പെന്‍ഷന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതും അനുവദിക്കുന്നതും. എന്നാല്‍ മുഴുവന്‍ ജീവനക്കാരുടേയും വിവരങ്ങള്‍ ഈ സോഫ്റ്റ്‌വെയറില്‍ ലഭ്യമല്ലാത്തതിനാല്‍ ഫയലുകള്‍ നേരിട്ട് പരിശോധിച്ച ശേഷമേ പെന്‍ഷന്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ കഴിയൂ.

70 ശതമാനം ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സംവിധാനമായതിനാല്‍ അപേക്ഷകള്‍ പരിശോധിക്കുക പ്രായോഗികമല്ലന്നെതാണ് തടസ്സം. എത്രയും വേഗം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് വിരമിച്ചവരുടെ ആവശ്യം.

click me!