'ക്ഷേമ പെന്‍ഷന്‍ വിതരണം സിപിഎം ഓഫീസില്‍വെച്ച്', ആരോപണവുമായി യുഡിഎഫ്; നിഷേധിച്ച് സിപിഎം

By Web TeamFirst Published Dec 3, 2020, 3:40 PM IST
Highlights

പാര്‍ട്ടി ഓഫീസില്‍ നിന്ന് പെന്‍ഷന്‍ വിതരണം ചെയ്തെന്ന ആരോപണം ബാങ്ക് ജീവനക്കാരന്‍ നിഷേധിച്ചു. അതിനിടെ, സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ സിപിഎം പ്രവര്‍ത്തകര്‍ തടയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. 

കോഴിക്കോട്: ക്ഷേമ പെന്‍ഷന്‍ സിപിഎം ഓഫീസില്‍ വച്ച് വിതരണം ചെയ്തതായാരോപിച്ച് കോഴിക്കോട് കുറ്റിച്ചിറയില്‍ യുഡിഎഫ് പ്രതിഷേധം. പെന്‍ഷന്‍ തുക വിതരണം ചെയ്യാനെത്തിയ ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്‍റിനെ യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. 

കുറ്റിച്ചിറയിലെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ വച്ച് ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്തതായാണ് യുഡിഎഫ് ആരോപിക്കുന്നത്. പെന്‍ഷന്‍ വിതരണം ചെയ്യാനെത്തിയ ടൗണ്‍ സര്‍വീസ് കോ ഓപറേറ്റീവ് ബാങ്ക് കളക്ഷന്‍ ഏജന്‍റ് ടി.സി ബൈജു, സിപിഎം പ്രാദേശിക നേതാവ് അവറാന്‍ കോയ എന്നിവരെയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞത്. സംഭവമറിഞ്ഞ് സിപിഎം പ്രവര്‍ത്തകരുമെത്തിയതോടെ വാക്കേറ്റമായി. 

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് പാര്‍ട്ടി ഓഫീസില്‍ നിന്ന് പെന്‍ഷന്‍ വിതരണം ചെയ്തതെന്ന് യുഡിഎഫ് ആരോപിക്കുന്നു. എന്നാല്‍ പാര്‍ട്ടി ഓഫീസില്‍ നിന്ന് പെന്‍ഷന്‍ വിതരണം ചെയ്തെന്ന ആരോപണം ബാങ്ക് ജീവനക്കാരന്‍ നിഷേധിച്ചു. അതിനിടെ, സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ സിപിഎം പ്രവര്‍ത്തകര്‍ തടയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. 

click me!