
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള ടിപ്പറിൽ നിന്ന് കല്ലുതെറിച്ച് വീണുണ്ടായ അപകടത്തിൽ മരിച്ച ബിഡിഎസ് വിദ്യാർത്ഥി അനന്തുവിന് കണ്ണീരോടെ വിട ചൊല്ലി നാട്. വീട്ടിലെയും കോളജിലെയും പൊതുദർശനത്തിന് ശേഷം അനന്തുവിന്‍റെ മൃതദേഹം മുട്ടത്തറയിലെ ശ്മശാനത്തിൽ സംസ്കരിച്ചു. ഡോക്ടറായി അനന്തുവിനെ കാണാൻ കൊതിച്ച നാട്ടിലേക്കുള്ള അനന്തുവിന്‍റെ ഒടുവിലത്തെ മടക്ക യാത്രയിൽ ഒരു നാട് മുഴുവൻ കണ്ണീരണിഞ്ഞു. മകന്‍റെ വേർപാടിൽ ഹൃദയം പൊട്ടിയുള്ള അമ്മയുടെ കരച്ചിൽ ഒരു നാടിനെ കണ്ണീരിലാഴ്ത്തി. നെഞ്ച് പൊട്ടി കരയുന്ന ബന്ധുക്കളെ ആശ്വസിപ്പിക്കാനും നാട്ടുകാര്‍ക്കായില്ല. ഒരു നാട് മുഴുവൻ അനന്തുവിന് അവസാന യാത്രാമൊഴി ചൊല്ലാനെത്തി. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് മുത്തച്ഛനോടും അമ്മയോടും യാത്ര പറഞ്ഞ് അനന്തു കോളേജിലേക്ക് യാത്ര തിരിച്ചത്.
ഡോ.അനന്തു എന്ന് ബോർഡ് വയ്ക്കാൻ ആഗ്രഹിച്ച അനന്തുഭവനിലേക്ക്, 24 മണിക്കൂർ കഴിഞ്ഞ് അനന്തു എത്തുന്നത് ചേതനയറ്റ ശരീരമായാണ്. ഒരു നാട് പലതവണ മുന്നിൽക്കണ്ട ദുരന്തം ഒടുവിൽ തേടിയെത്തിയത് നാടിന് ആകെ പ്രതീക്ഷയായ 26ക്കാരനെയാണ്. പ്രവാസിയായ അജികുമാർ മകന്‍റെ മരണവിവരം അറിഞ്ഞ് പുലർച്ചയോടെ നാട്ടിലെത്തി. നെയ്യാറ്റിൻകര നിംസ് ഡെന്റൽ കോളജിലെ നാലാം വർഷ വിദ്യാർഥിയാണ് അനന്തു.കോളേജിലെ പൊതുദർശനവും സങ്കടക്കാഴ്ചയായി. നൂറുകണക്കിനാളുകൾ മുക്കോലയിലെ അനന്തുവിന്‍റെ വീട്ടിലെത്തി. ഒരു ഉറപ്പിനും ഇനി ഒരു പരിഹാരമാർഗത്തിനും അനന്തുവിന്റെ ജീവൻ തിരികെ നല്കാനാകില്ല. ഒരു കുടുംബത്തിന്‍റെ കണ്ണീരും വേദനയും മാത്രം ബാക്കിയാവുകയാണ്.
വിഴിഞ്ഞത്ത് ലോറിയിൽ നിന്ന് കല്ല് തെറിച്ച് വീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam