കിണറ്റിൽ വീണ് കരടി ചത്ത സംഭവം: 'ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നടപടി വേണം'; പീപ്പിൾ ഫോർ ആനിമൽ കോടതിയിലേക്ക്

Published : Apr 20, 2023, 03:40 PM IST
കിണറ്റിൽ വീണ് കരടി ചത്ത സംഭവം: 'ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നടപടി വേണം'; പീപ്പിൾ ഫോർ ആനിമൽ കോടതിയിലേക്ക്

Synopsis

ചട്ടങ്ങൾ ലംഘിച്ചുള്ള മയക്ക് വെടിയിൽ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നടപടി വേണം എന്നാണ് പീപ്പിൾ ഫോർ ആനിമൽ സംഘടനയുടെ ആവശ്യം.

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടി ചത്ത സംഭവത്തില്‍ പീപ്പിൾ ഫോർ ആനിമൽ കോടതിയിലേക്ക്. പീപ്പിൾ ഫോർ ആനിമൽ തിരുവനന്തപുരം ചാപ്റ്റർ നാളെ ഹൈക്കോടതിയെ സമീപിക്കും. ചട്ടങ്ങൾ ലംഘിച്ചുള്ള മയക്ക് വെടിയിൽ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നടപടി വേണം എന്നാണ് പീപ്പിൾ ഫോർ ആനിമൽ സംഘടനയുടെ ആവശ്യം. പ്രാഥമിക നടപടിക്രമങ്ങൾ പോലും പാലിക്കാതെയാണ് കരടിയെ മയക്ക് വെടിവച്ചത് എന്നാണ് പീപ്പിൾ ഫോർ ആനിമൽ ആരോപിക്കുന്നത്.

കിണറ്റിൽ വീണപുറത്തെത്തിക്കാനുള്ള വനം വകുപ്പ് ദൗത്യം പാളിയതോടെ വെള്ളത്തിൽ മുങ്ങിയാണ് കരടി ചത്തത്. മയക്കുവെടിയേറ്റ കരടിയെ വലയിൽ മുകളിലേയ്ക്ക് ഉയര്‍ത്തുന്നതിനിടെ വെള്ളത്തിലേയ്ക്ക് വീഴുകയായിരുന്നു. വെള്ളത്തില്‍ വീണ കരടിയെ പുറത്തെത്തിക്കാൻ ഒന്നര മണിക്കൂറോളമെടുത്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കരടി ചത്തെന്ന് സ്ഥിരീകരിച്ചത്. കരടിയെ രക്ഷിക്കുന്നതിൽ വനം വകുപ്പിനുണ്ടായത് ഗുരുതര പിഴവാണെന്ന ആക്ഷേപം ഇതിനോടകം ഉയര്‍ന്ന് കഴിഞ്ഞു. മയക്കുവെടിയേറ്റ കരടി മുങ്ങാനുള്ള സാധ്യത ഉദ്യോഗസ്ഥർക്ക് മുൻകൂട്ടി കാണാനായില്ല. കിണറിന്റെ ആഴവും വെള്ളത്തിന്റെ അളവും കണകാക്കുന്നതിലും പിഴവുണ്ടായി.

കിണറിൽ വീണ കരടിയെ രക്ഷിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ അതിരാവിലെ തന്നെ വെള്ളനാടെത്തി. പക്ഷെ തുടക്കം മുതൽ കണക്കുകൂട്ടലുകൾ പലതും തെറ്റി. കിണറ്റിന്റെ വക്കിൽ അള്ളിപ്പിടിച്ചിരുന്ന കരടിക്ക് താഴെയായി വനം വകുപ്പ് ആദ്യം വല വരിച്ചു. വനം വകുപ്പ് വിരിച്ച വലയിൽ കരടി സുരക്ഷിതമായിരിക്കുമെന്ന പ്രതീക്ഷയിലാണ് മയക്ക് വെടി വയ്ക്കാൻ വനം വകുപ്പ് തീരുമാനിച്ചത്. പക്ഷെ മയക്ക് വെടിക്ക്‌ ശേഷം കരടി കൂടുതൽ പരിഭ്രാന്തനായത്‌ കണക്കുകൂട്ടലുകൾ തെറ്റിച്ചു. കിണറിന്റെ ആഴം കണക്കുന്നതിലും വെള്ളം അളക്കുന്നതിലും ഉണ്ടായ പിഴവ് കൂടിയായതോടെ പാളിച്ച പൂർണമായി.

അടിത്തട്ടിലേക്ക് പോയ കരടിയെ മുകളിലേക്ക് എത്തിക്കാൻ കിണറ്റിൽ ഇറങ്ങിയ ആർക്കും, കരടിയുടെ അടുത്തേക്ക് പോലും എത്താനായില്ല. പമ്പ് സെറ്റ് ഉപയോഗിച്ച് വെള്ളം വറ്റിക്കാനുള്ള തീരുമാനവും വൈകി. ഒടുവിൽ പാതാളക്കരണ്ടി ഉപയോഗിച്ചു കരടിയെ ഉയർത്താമെന്ന തീരുമാനത്തിലേക്ക്. എത്താനും വൈകി. എല്ലാം കഴിഞ്ഞ് ഒടുവിൽ പുറത്തെടുത്തപ്പോഴേക്കും കരടി ചത്തു. മയക്ക് വെടി വയ്ക്കാനുള്ള തീരുമാനത്തിലോ, വെള്ളം വറ്റിക്കാൻ വൈകിയതിലോ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് ഡിഎഫ്ഒ വിശദീകരിക്കുന്നത്.  വനം വകുപ്പ് ഉദ്യോഗസ്ഥരും ഫയഫോഴ്‌സും പൊലീസും നാട്ടുകാരും മണിക്കൂറുകൾ കിണഞ്ഞ് പരിശ്രമിച്ചിട്ടും മിഷൻ പാളി പോയത്, തീരുമാനങ്ങളിലെ പിഴവ് കൊണ്ട് തന്നെയാണ്.

PREV
click me!

Recommended Stories

ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'
അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി