
കാസർകോട്: കാസർകോട് ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂരിനെ പൊതുസ്വതന്ത്രനാക്കി നിർത്തിയാൽ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച് ഉപ്പളയിൽ ജനകീയ മുന്നണി യോഗം. നിലവിൽ എൽഡിഎഫും യുഡിഎഫും മുന്നോട്ടുവയ്ക്കുന്ന സ്ഥാനാർഥികളെ ഒരു കാരണവശാലും ജനകീയ മുന്നണി പിന്തുണയ്ക്കില്ലെന്നും നേതാക്കൾ പറഞ്ഞു.
കാസർകോട് ഉപ്പളയിലെ വ്യാപാരഭവനിൽ നടന്ന യോഗത്തിൽ സ്ത്രീകൾ അടക്കം നൂറോളം പേർ പങ്കെടുത്തു. ബിജെപി വിജയിക്കുമെന്ന് പറഞ്ഞ് ഇരു മുന്നണികളും ജനങ്ങളെ പറ്റിക്കുകയാണെന്നും ഷാനവാസ് പാദൂർ തയാറായില്ലെങ്കിൽ മറ്റൊരു സ്വതന്ത്രനെ മുന്നണി കണ്ടെത്തുമെന്നും ജനകീയ മുന്നണി സംഘാടകർ പറഞ്ഞു. മഞ്ചേശ്വരത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായി കെ ആർ ജയാനന്ദന്റെ പേര് പുറത്തുവന്നതോടെ അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് ഡി വൈ എഫ് ഐ പ്രാദേശിക നേതാക്കൾ ഉൾപ്പടെ രംഗത്തെത്തിയിരുന്നു.
മഞ്ചേശ്വരത്ത് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ ആർ ജയാനന്ദനെ സ്ഥാനാർത്ഥിയാക്കാൻ കാസർകോട് ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമായതിനെ തുടർന്ന് സിപിമ്മിൽ ഭിന്നത രൂക്ഷമാകുന്നു. ഷാനവാസ് പാദൂരിനെ മത്സരിപ്പിക്കണമെന്നാണ് ഡിവൈഎഫ്ഐയുടെ ആവശ്യം. ഇതുസംബന്ധിച്ച് സിപിഎം ജില്ലാ കമ്മിറ്റിക്ക് ഡിവൈഎഫ്ഐ കത്ത് നൽകി. യുഡിഎഫിനെ സഹായിക്കുന്ന പാർട്ടി നിലപാട് ശരിയല്ലെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലും ഷാനവാസ് പാദൂരിനായി വ്യാപക പ്രചാരണം നടക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam