മരിച്ചാൽ ആറടി മണ്ണ് പോലും അന്യം; സംസ്കാര ചടങ്ങുകൾ മുട്ടോളം വെള്ളത്തിൽ നിന്ന് ചെയ്യേണ്ട ഗതികേടിൽ കുട്ടനാട്ടുകാർ

By Web TeamFirst Published Jun 17, 2021, 10:29 AM IST
Highlights

അശാസ്ത്രീയ പുറംബണ്ട് നിർമ്മാണം തീർത്ത ദുരിതമാണ് കനകാശ്ശേരിയലേത്. 82 ലക്ഷം രൂപ സർക്കാർ ചെലവാക്കിയെങ്കിലും ചെറിയ മഴയിലും മടപൊട്ടും. വീടുകളും പാടശേഖരങ്ങളും വെള്ളത്തിൽ മുങ്ങും.


ആലപ്പുഴ: ദുരിതജീവിതം താണ്ടി ഒടുവിൽ മരണമെത്തിയാലും ആറടിമണ്ണുപോലും അന്യമാണ് കുട്ടനാട്ടുകാർക്ക്. ശവസംസ്കാര ചടങ്ങുകൾക്ക് പോലും ജലം കൊണ്ട് മുറിവേൽക്കുന്ന ജനത. മരണാനന്തര ക്രിയകൾ വെള്ളക്കെട്ടിൽ നടത്തുന്ന ഗതികേട് കാണുമ്പോൾ മൃതദേഹങ്ങൾക്കൊപ്പം ജീവനുള്ള മനുഷ്യരും മരവിച്ചുപോകും.

മറ്റൊരിടത്തും കാണാത്ത ദയനീയ കാഴ്ചകളാണ് കുട്ടനാട്ടിൽ. കഴിഞ്ഞ ദിവസമാണ് കനകാശ്ശേരി സ്വദേശി ഓമന മരിച്ചത്. പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായതിനാൽ കല്ലിറക്കി ഉയരത്തിൽ തറകെട്ടിയാണ് സംസ്കാരം നടത്തിയത് .മുട്ടോളം വെള്ളത്തിൽ നിന്നാണ് മക്കൾ അമ്മയുടെ മരണാനന്തര ചടങ്ങുകൾ നടത്തിയത്. 

2018 മുതൽ കൈനകരി പഞ്ചായത്തിലെ മൂന്ന് വാർഡുകളിലെ അവസ്ഥ ഇങ്ങനെയാണ്. വെള്ളക്കെട്ടിലാണ് സംസ്കാര ചടങ്ങുകൾ.

അശാസ്ത്രീയ പുറംബണ്ട് നിർമ്മാണം തീർത്ത ദുരിതമാണ് കനകാശ്ശേരിയലേത്. 82 ലക്ഷം രൂപ സർക്കാർ ചെലവാക്കിയെങ്കിലും ചെറിയ മഴയിലും മടപൊട്ടും. വീടുകളും പാടശേഖരങ്ങളും വെള്ളത്തിൽ മുങ്ങും. വെള്ളത്തിന് മീതെ വള്ളമിറക്കുന്ന, പ്രതിസന്ധികളിൽ തളരാത്ത കുട്ടനാട്ടുകാരൻ തോറ്റുപോകുന്നത് ഇവിടെയൊക്കെയാണ്.

click me!