
കൊല്ലം: കൊവിഡ് ആശുപത്രിയിലേക്ക് കൊണ്ട് പോയ രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. കൊല്ലം ചവറയിലാണ് സംഭവം. ചവറ തെക്കുംഭാഗം സജി ഭവനത്തിൽ സജിക്കുട്ടൻ ആണ് അറസ്റ്റിലായത്. മൂന്നാം തീയതി രാത്രി പതിനൊന്ന് മണിക്ക് നടന്ന സംഭവത്തിൽ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയെത്തുടർന്നാണ് തെക്കുംഭാഗം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത് .
തെക്കുംഭാഗം ഗ്രാമപ്പഞ്ചായത്തിന്റെ ഡൊമിസിലറി കെയർ സെൻ്ററിലായിരുന്ന വീട്ടമ്മ അബോധാവസ്ഥയിലായതോടെ ശങ്കരമംഗലത്തെ ചികിത്സാകേന്ദ്രത്തിലേക്കു മാറ്റുന്നതിനിടെയായിരുന്നു സംഭവം. തെക്കുംഭാഗത്തെ ചാരിറ്റബിൾ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ആംബുലൻസിലാണ് രോഗിയെ കൊണ്ടുപോയത്.
ആശുപത്രിയിൽ സഹായിയായി നിൽക്കാൻ സ്ത്രീകളാരെങ്കിലും വേണമെന്നു ഡ്രൈവർ സജിക്കുട്ടൻ ആവശ്യപ്പെട്ടതനുസരിച്ചാണു യുവതി കൂടി ആംബുലൻസിൽ കയറിയത്. യാത്രയ്ക്കിടെ കയ്യുറ എടുക്കുന്നതിനായി തെക്കുംഭാഗം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കയറിയ ഇയാൾ തിരികെയെത്തി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. അതുവഴി മറ്റൊരു വാഹനം കടന്നുപോയതോടെ പീഡനശ്രമം ഉപേക്ഷിച്ച് ഇവരെ ആശുപത്രിയിലെത്തിച്ചു. പിറ്റേന്നു കോവിഡ് രോഗി മരിച്ചു. കഴിഞ്ഞ ദിവസമാണ് യുവതി പരാതി അയച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു ലഭിച്ച ഇമെയിലിന്റെ അടിസ്ഥാനത്തിലാണു പൊലീസ് കേസെടുത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam