മറ്റ് സംസ്‍ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്‍റൈന്‍: ആര്‍ക്കൊക്കെയെന്ന് വിശദമാക്കി പൊതുഭരണവകുപ്പ്

By Web TeamFirst Published May 8, 2020, 6:51 PM IST
Highlights

  75 വയസിന് മുകളിൽ പ്രായമുള്ളവരും പത്തു വയസിൽ താഴെയുള്ള കുട്ടികളും അവർക്കൊപ്പം വരുന്ന മാതാപിതാക്കള്‍ക്കുമാണ് ഇത് ബാധകം. 

തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന പ്രായം ചെന്നവരും ഗർഭിണികളും കുട്ടികളും 14 ദിവസം വീടുകളിൽ ക്വാറന്‍റൈനില്‍ കഴിയണമെന്ന് അറിയിപ്പ്. ഇതുസംബന്ധിച്ച് പൊതുഭരണവകുപ്പ് ഉത്തരവിറക്കി.  75 വയസിന് മുകളിൽ പ്രായമുള്ളവരും പത്തു വയസിൽ താഴെയുള്ള കുട്ടികളും അവർക്കൊപ്പം വരുന്ന മാതാപിതാക്കള്‍ക്കുമാണ് ഇത് ബാധകം. പെയ്‍ഡ് ക്വാറന്‍റൈന്‍ സൗകര്യം ഉണ്ടായിരിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

അതേസമയം പാസില്ലാതെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് മലയാളികൾ കൂട്ടത്തോടെ എത്തുന്നത് അതിർത്തി ചെക്‍പോസ്റ്റുകളില്‍ പ്രതിസന്ധിയാകുന്നു. പാലക്കാട് വാളയാറിൽ തിരക്ക് ഒഴിവാക്കാൻ കൂടുതൽ കൗണ്ടറുകൾ തുറക്കാൻ തീരുമാനിച്ചു. അതേസമയം വയനാട്ടിലെ മുത്തങ്ങയിൽ പാസില്ലാതെ വരുന്നവരെ മടക്കി അയക്കാനാണ് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയത്.

വാളയറിൽ എട്ട് കൗണ്ടറുകൾ അടിയന്തരമായി തുറക്കാനാണ് തീരുമാനം. അതിർത്തി കടന്നെത്തുന്നവരുടെ എണ്ണം വർധിച്ചതാണ് കാരണം. താത്‍കാലിക സംവിധാനമെന്ന രീതിയിലാണ് കൂടുതൽ കൗണ്ടറുകൾ തുറക്കുന്നത്. പാസില്ലാത്തവർ അടക്കം എത്തിയതോടെ വാളയാറിൽ വലിയ തിരക്കാണ് നേരത്തെ അനുഭവപ്പെട്ടത്. ഇനി പ്രവേശനം കിട്ടില്ലെന്ന്  കരുതിയാണ് ആളുകൾ എത്തുന്നത്. 

അതേസമയം കർണാടകയിൽ നിന്നും  പാസില്ലാതെ വരുന്നവരെ മുത്തങ്ങ വഴി  കടത്തിവിടില്ലെന്ന തീരുമാനമാണ് വയനാട് കളക്ടർ സ്വീകരിച്ചത്. ഇവരെ തിരിച്ചയയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വയനാട് മുത്തങ്ങ ചെക്‍പോസ്റ്റിന് സമീപം രജിസ്റ്റർ ചെയ്തു വരുന്നവർക്കായി ടാക്സി കാറുകൾ ഏർപ്പാടാക്കും. രജിസ്റ്റർ ചെയ്യാതെ വരുന്നവർക്ക് ഒരു കാരണവശാലും ഇളവുകൾ അനുവദിക്കില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.


 

click me!