ബിന്ദു അമ്മിണിക്ക് നേരെ മുളകുസ്പ്രേ അടിച്ച ഹിന്ദു ഹെൽപ്‌ലൈൻ കോർഡിനേറ്റർ റിമാന്‍ഡില്‍

By Web TeamFirst Published Nov 26, 2019, 11:31 PM IST
Highlights

സ്ത്രീത്വത്തെ അപമാനിക്കല്‍, ആയുധം ഉപയോഗിച്ച് സംഘം ചേര്‍ന്ന് ആക്രമിക്കല്‍ എന്നീ വകുപ്പുകളാണ് ശ്രീനാഥിനെതിരെ ചുമത്തിയിരിക്കുന്നത്.  

കൊച്ചി: ശബരിമല ദര്‍ശനത്തിനായി തൃപ്‍തി ദേശായിക്കൊപ്പമെത്തിയ ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്പ്രേ പ്രയോഗിച്ച ഹിന്ദു ഹെല്‍പ്പ് ലൈൻ കോര്‍ഡിനേറ്റര്‍ ശ്രീനാഥ് പത്മനാഭനെ റിമാന്‍ഡ് ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കല്‍, ആയുധം ഉപയോഗിച്ച് സംഘം ചേര്‍ന്ന് ആക്രമിക്കല്‍ എന്നീ വകുപ്പുകളാണ് ശ്രീനാഥിനെതിരെ ചുമത്തിയിരിക്കുന്നത്.  

ശബരിമല സന്ദര്‍ശിക്കാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി തൃപ്തിയുടേയും സംഘത്തിന്‍റെയും ഒപ്പം ചേര്‍ന്ന ബിന്ദു അമ്മിണിക്ക് നേരെ കമ്മീഷണര്‍ ഓഫീസിന് മുന്നിൽ വച്ചാണ് മുളക് സ്പ്രേ ആക്രമണം ഉണ്ടായത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലെത്തിയ സംഘത്തിന് നേരെ അയ്യപ്പ ധര്‍മ്മ സമിതിയുടെ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു. മുളക് പൊടി സ്പ്രേ ആക്രമണം നടത്തിയ ഹിന്ദു ഹെല്‍പ്പ് ലൈൻ കോർഡിനേറ്റർ ശ്രീനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

കമ്മീഷണര്‍ ഓഫീസിന് മുന്നിൽ പൊലീസുകാര്‍ നോക്കി നിൽക്കെയായിരുന്നു ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം നടന്നത്. പൊലീസെത്തി ബിന്ദു അമ്മിണിയെ ജനറല്‍ ഹോസ്‍പിറ്റലിലേക്ക് മാറ്റി. കൂടുതൽ പരിശോധനകൾ ആവശ്യമുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങളും പൊലീസും പറയുന്നത്. ശബരിമലയിലേക്ക് പോകാന്‍ സുപ്രീംകോടതിയുടെ സംരക്ഷണമുണ്ടെന്നും പൊലീസ് പറയാതെ മടങ്ങിപ്പോകുന്ന പ്രശ്നമില്ലെന്നുമാണ് ബിന്ദു അമ്മിണിയുടെ നിലപാട്. 

മുളക് സ്പ്രേ ആക്രമണത്തിനെതിരെ ബിന്ദു അമ്മിണി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. താന്‍ അപ്രഖ്യാപിത തടവിലാണെന്നും സഞ്ചരിക്കാനുള്ള സംരക്ഷണം നൽകണമെന്നും ബിന്ദു അമ്മിണി പ്രതികരിച്ചു.

click me!